വ്യാസ കോളജില്‍ കായിക വിഭാഗം വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
വടക്കാഞ്ചേരി: പാര്‍ളിക്കാട് വ്യാസ എന്‍.എസ്. എസ് കോളജില്‍ കായിക വിഭാഗം വിദ്യാര്‍ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഒടുവില്‍ തെരുവ് യുദ്ധത്തിലെത്തി. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
കായിക വിഭാഗം വിദ്യാര്‍ഥികളായ രണ്ടുപേരെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലും, എസ്.എഫ്.ഐ പ്രവര്‍ത്തകരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം തുറന്ന സംഘടനത്തിലെത്തിയത്. വടിയും, പട്ടികയുമൊക്കെ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. വടക്കാഞ്ചേരിയില്‍ നിന്ന് പൊലിസ് എത്തിയാണ് വിദ്യാര്‍ഥികളെ പിരിച്ച് വിട്ടത്. നേരത്തെ എറണാംകുളം മഹാരാജാസ് കോളജില്‍ മത്സരത്തിന് പോയ ഫുട്‌ബോള്‍ ടീമിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തി മടക്കി അയച്ചതായി ആരോപണമുയര്‍ന്നിരുന്നു.
കായിക വിഭാഗം മേധാവിയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. വ്യാസ ടീമിനെ മഹാരാജാസിന്റെ മണ്ണില്‍ കാല് കുത്താന്‍ അനുവദിയ്ക്കില്ലെന്നും ഇറങ്ങിയാല്‍ കളിക്കാരുടെ കാല് തല്ലിയൊടിക്കുമെന്നുമൊക്കെയായിരുന്നുവത്രെ സന്ദേശം. ഇത് വിവാദമായപ്പോള്‍ ടീം മത്സരത്തില്‍ നിന്ന് പിന്‍ വാങ്ങിയിരുന്നു . ഇതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയും നിലനിന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജിന് ഇന്നലെ ഉച്ചതിരിഞ്ഞ് അവധി നല്‍കി. ഇന്ന് പൊലിസ് സംരക്ഷണത്തോടെ കോളജ് പ്രവര്‍ത്തിയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."