മതിലുകെട്ടിയാല്‍ മറയുമോ ദാരിദ്ര്യം?
ലോകത്തെ ഏറ്റവും 'പ്രബല'മായ രാജ്യത്തെ ഇക്കാലമത്രയുമുണ്ടായ ഭരണാധികാരികളില്‍ ഏറ്റവും 'തന്ത്രശാലി'യും 'പ്രതിഭാശാലി'യുമെന്നു വിശ്വസിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള നെട്ടോട്ടത്തിലാണല്ലോ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും കൂട്ടരും. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ദേവനു തുല്യനായ രാജാധിരാജന് അനിഷ്ടമൊന്നുമുണ്ടാകാതെ പ്രസാദിപ്പിച്ചു പരമാവധി വരം വാങ്ങിയെടുക്കാനുള്ള തത്രപ്പാടിലാണു സാമ്പത്തികമായി കുത്തുപാളയെടുത്ത രാജ്യത്തെ അരചന്‍. അതിനായി മുട്ടിലിഴയാന്‍ പോലും തയാറായാണു നില്‍പ്പ്.
ഒരു വ്യക്തി മറ്റൊരാള്‍ക്കു മുന്നില്‍ ശിരസു കുനിക്കുന്നതും മുതുകു വളയ്ക്കുന്നതും ഓച്ഛാനിച്ചു നില്‍ക്കുന്നതും മറ്റുള്ളവര്‍ ഗൗനിക്കേണ്ടതില്ല. അതു വ്യക്തിപരമായ കാര്യമാണ്. അടിമയാകാന്‍ സ്വയം സന്നദ്ധനായവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് ഫലമില്ലല്ലോ. വിധേയന്‍ എന്നും വിധേയനായിരിക്കും. എന്നാല്‍, 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി പാരമ്പര്യത്തിലും ജനസംഖ്യയിലും അതിന്റെ വ്യാപ്തിയിലും തങ്ങളേക്കാള്‍ പിന്നിലുള്ള മറ്റൊരു രാജ്യത്തിന്റെ ഭരണാധിപനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതു കാണുമ്പോള്‍ ആ നാട്ടിലെ ആത്മാഭിമാനമുള്ള പൗരന്മാര്‍ക്ക് ഓക്കാനം വരും.
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത് മഹാസംഭവമൊന്നുമല്ല. രാജ്യം സ്വതന്ത്രമായ ശേഷം എത്രയോ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇവിടത്തെ ഭരണകൂടവും ജനങ്ങളും മാന്യമായ വരവേല്‍പ്പു നല്‍കിയിട്ടുണ്ട്. അല്‍പ്പന്മാരല്ലാത്ത അന്നത്തെ ഭരണാധികാരികളൊക്കെ ആ സ്വീകരണത്തില്‍ സന്തുഷ്ടരുമായിരുന്നു. തങ്ങളുടെ സന്ദര്‍ശനവേളയില്‍ ഇന്ത്യക്കാര്‍ ഇന്ന രീതിയില്‍ പെരുമാറണമെന്നു ശഠിച്ചിരുന്നില്ല അവരൊന്നും. അങ്ങനെ ആരെങ്കിലും ശഠിച്ചാല്‍ മുട്ടിടിച്ച് അതെല്ലാം പ്രാവര്‍ത്തികമാക്കി കൊടുക്കാന്‍ ഇന്ത്യയിലെ മുന്‍ ഭരണാധികാരികളാരും തയാറാകുമായിരുന്നില്ല. ലോകത്തെ ഏതു രാജ്യത്തിനു മുന്നിലും ഓച്ഛാനിച്ചു നില്‍ക്കേണ്ടവരല്ല ഇന്ത്യക്കാര്‍ എന്ന ആത്മാഭിമാനം അവര്‍ക്കുണ്ടായിരുന്നു.
മോദിയുടെയും ട്രംപിന്റെയും സ്ഥിതി അതല്ല. മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഹൂസ്റ്റണില്‍ രണ്ടുപേരും കാട്ടിക്കൂട്ടിയതെല്ലാം ലോകം കണ്ടതാണ്. തട്ടുപൊളിപ്പന്‍ തമിഴ്പടം പോലെയായിരുന്നു ഹൗഡി മോദി പരിപാടി. ഇത്തവണ ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദില്‍ ഹൗഡി മോദി പരിപാടിയെ തോല്‍പ്പിക്കുന്ന മാമാങ്കമാണ് മോദി ഒരുക്കിയിരിക്കുന്നത്.
ഹൗഡി ട്രംപ് പരിപാടിയുടെ ആഘോഷം കൊഴുപ്പിക്കുന്നതിലൊന്നും എതിര്‍പ്പില്ല. അതിനു വേദിയൊരുക്കാന്‍ ഉദ്ഘാടനം കഴിയാത്ത ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം തിരഞ്ഞെടുത്തതിലും അത്യുജ്വലമായ കലാവിരുന്നൊരുക്കിയതിലും വിയോജിപ്പില്ല. കാഴ്ചക്കാരായി വി.വി.ഐ.പികളെ അണിനിരത്തുന്നതിലും ഇന്ത്യയിലെ പാവപ്പെട്ട പൗരന്മാര്‍ക്കു വിയോജിപ്പില്ല. ലോകരാജ്യങ്ങളില്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഒന്നിന്റെ പ്രഥമപൗരന് അര്‍ഹിക്കുന്ന ആദരവ് നല്‍കണം. അതിഥി ദേവോ ഭവ എന്നതാണല്ലോ ഭാരതത്തിന്റെ സിദ്ധാന്തം. അല്ലെങ്കിലും വി.വി.ഐ.പികള്‍ പൊന്നുരുക്കുന്നിടത്ത് ഇന്ത്യയിലെ പാവങ്ങള്‍ക്കെന്തു കാര്യം. സമയാസമയത്തു വോട്ട് ചെയ്യുന്നതിനു മാത്രം അവര്‍ വരിനിന്നാല്‍ മതിയല്ലോ.
അതേസമയം, സങ്കടത്തോടെ ഒരു കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കട്ടെ, അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗിക്കുന്ന വേദിയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ ചേരിനിവാസികളെയും ഒഴിപ്പിച്ചത് ഈ രാജ്യത്തെ കോടിക്കണക്കിനു ദരിദ്രജനതയോട് കാണിച്ച കൊടുംക്രൂരതയാണ്. ട്രംപ് യാത്രചെയ്യുന്ന രാജവീഥിക്ക് ഇരുവശത്തുമുള്ള ദരിദ്രനാരായണന്മാരെ മാത്രമാണ് ഓടിച്ചുവിടുന്നതെങ്കില്‍, ട്രംപിനെപ്പോലൊരു മഹാനുഭാവന്‍ ആ 'അശ്രീകര'ങ്ങളെ കണ്ട് കുപിതനാകേണ്ട എന്ന ആശ്രിതമനോഭാവം കൊണ്ടാണെന്ന ന്യായീകരണം കണ്ടെത്താം. എന്നാല്‍, പ്രസംഗവേദി നില്‍ക്കുന്ന പടുകൂറ്റന്‍ സ്റ്റേഡിയത്തിന്റെ ഒന്നര കിലോമീറ്ററിനുള്ളില്‍ കഴിയുന്ന പട്ടിണിപ്പാവങ്ങളെ രാജാധിരാജന്‍ കാണില്ലല്ലോ. അത്രയും ഉയരത്തിലല്ലോ സ്റ്റേഡിയത്തിന്റെ ചുറ്റുഭിത്തി. ഇനി കീഴാളരുടെ വൃത്തികെട്ട വിയര്‍പ്പിന്റെ മണം ഒന്നര കിലോമീറ്റര്‍ വായുവിലൂടെ ഒഴുകിയെത്തി ട്രംപിന്റെ നാസാദ്വാരങ്ങളില്‍ പ്രവേശിച്ച് ആ മഹാനുഭാവനെ അസ്വസ്ഥമാക്കിയെങ്കിലോ എന്ന ഭയം കൊണ്ടാണെങ്കില്‍ ആ ആശ്രിതഭയത്തെക്കുറിച്ച് ഒന്നും പറയാനില്ല.
വിമാനത്താവളം മുതല്‍ മൊണ്ടേര സ്റ്റേഡിയം വരെയുള്ള യാത്രയില്‍ രാജവീഥിയിലൂടെ കുതിച്ചുപായുന്ന വാഹനത്തിലിരിക്കുന്ന ട്രംപിന്റെ കണ്ണുകള്‍ക്ക് കുളിരു പകരാനായി 28 വേദികളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ കഥകളിലും മോഹിനിയാട്ടവുമെല്ലാം അതിലുണ്ട്. ആ കാഴ്ചകള്‍ കണ്ട് മതിമറന്നു പറക്കുന്നതിനിടയിലെപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മിഴികളിലേയ്ക്ക് ഇന്ത്യയുടെ യഥാര്‍ഥ ദുരിതക്കാഴ്ചകള്‍ വന്നു പതിച്ചാലോ എന്നു ഭയന്നാണല്ലോ വഴിയോരത്തെ ചേരികള്‍ക്കു മുന്നില്‍ വന്‍മതിലുകള്‍ ഉയര്‍ത്തിക്കെട്ടിയത്. മതിലുകെട്ടി മറയ്ക്കാവതല്ലല്ലോ ഇന്ത്യയിലെ ജനകോടികളുടെ ദാരിദ്ര്യം. മതിലുകെട്ടുന്ന പണംകൊണ്ട് ചേരികളിലെ കൂരകള്‍ മാറ്റിപ്പണിഞ്ഞിരുന്നെങ്കില്‍ ആ പാവങ്ങള്‍ക്ക് അതൊരു ആശ്വാസമാകുമായിരുന്നു.
വഴിയോരത്തുടനീളം രാപ്പകല്‍ ഭേദമില്ലാതെ വിശ്വോത്തര കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന, ജനങ്ങള്‍ സദാനേരവും ആനന്ദനടനമാടുന്ന, സമ്പദ്‌സമൃദ്ധമായ മാവേലി നാടാണു ഭാരതമെന്നു ട്രംപ് ധരിച്ചുവശായിക്കൊള്ളുമെന്ന മൂഢചിന്തയാലാണോ ഇത്തരം കാട്ടിക്കൂട്ടലുകള്‍ നടത്തുന്നത്. അങ്ങനെയെങ്കില്‍ തെറ്റിയെന്നു ബോധിപ്പിക്കട്ടെ.
ഇന്ത്യയെന്ന ദരിദ്രരാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളയാളാണു ട്രംപ്. ഈ കാട്ടിക്കൂട്ടലുകളൊക്കെ തന്നെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് അദ്ദേഹത്തിനറിയാം. അതു കഴിഞ്ഞദിവസം ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാണ്. ട്രംപ് പറഞ്ഞതിങ്ങനെയാണ്: ''എന്റെ സന്ദര്‍ശന വേളയില്‍ വിമാനത്താവളത്തിനും സമ്മേളന വേദിക്കുമിടയില്‍ 70 ലക്ഷം ആളുകള്‍ എന്നെ കാണാന്‍ കാത്തുനില്‍ക്കുമെന്നാണ് അദ്ദേഹം (മോദി) പറഞ്ഞത്. എല്ലാവരും എന്റെ വരവ് ആസ്വദിക്കുമെന്നാണു കരുതുന്നത്.''
ഇന്ത്യയിലെ ദരിദ്രകോടികള്‍ക്കു തന്നെ 'കണ്ടു നിര്‍വൃതിയടയാന്‍' അവസരം നല്‍കാമെന്ന പുച്ഛം ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാനാകുന്നില്ലേ. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 80 ലക്ഷത്തില്‍ താഴെയാണെന്നും ഏറിവന്നാല്‍ ഒന്നോ ഒന്നരയോ ലക്ഷം ആളുകളെ മാത്രമേ വഴിയോരത്ത് അണിനിരത്താന്‍ കഴിയൂവെന്നും പറഞ്ഞ് അവിടത്തെ മുനിസിപ്പല്‍ കൈമലര്‍ത്തിയിരിക്കുകയാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ എന്തിനാണ് 70 ലക്ഷമെന്ന വാഗ്ദാനത്തള്ള് ട്രംപിനു മുന്നില്‍ നടത്തിയത്. ഇത്രയൊക്കെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യക്കു കൈയയച്ച് സഹായിക്കാന്‍ തയാറല്ലെന്ന് തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണു ട്രംപ്.
ഒരു സങ്കടവര്‍ത്തമാനം കൂടി പറയട്ടെ,
അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഒരുക്കുന്ന കലാരൂപങ്ങള്‍ക്കിടയില്‍ ഗാന്ധിയുടെ ജീവിതചിത്രീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു മാത്രം വേണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അഹങ്കാരത്തെ ഇന്ത്യയുടെ ദരിദ്രജനതയുടെ വേഷവും രീതിയും സ്വായത്തമാക്കി ചെറുത്തുതോല്‍പ്പിച്ച സത്യസന്ധനായ ജന നായകനായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. അദ്ദേഹം പിറന്നുവീണ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. അവിടെ ഈ ക്രൂരവിനോദം വേണ്ടിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."