ശമ്പളമില്ല, ഭക്ഷണമില്ല; ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍
മനാമ: ബഹ്‌റൈനിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍. പ്രതി ദിന ചിലവുകള്‍ക്കോ ഭക്ഷണത്തിനോ പോലും വകയില്ലാതെ വിഷമിക്കുന്ന ഒരു വിഭാഗം കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിലെത്തി ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.
കമ്പനിയില്‍ നിന്നും പ്രതിഷേധ പ്രകടനം നടത്തിയാണ് 160 പേരടങ്ങുന്ന സംഘം തൊഴില്‍ മന്ത്രാലയത്തിലെത്തിയതെന്ന് പ്രാദേശിക ന്യൂസ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 നവംബര്‍ മുതലാണ് ഇവര്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇന്ത്യക്കു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ തൊഴിലാളികളും കൂട്ടത്തിലുണ്ട്.
മാസാന്ത ശന്പളം മുടങ്ങിയതോടെ ഭക്ഷണവും ലഭിക്കാത്ത ദയനീയാവസ്ഥയിലാണിപ്പോള്‍ തൊഴിലാളികള്‍. നേരത്തെ തൊട്ടടുത്ത കടകളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ കടം വാങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കിലും പണം നല്‍കാന്‍ കഴിയാതെ വന്നതോടെ ഇതും മുടങ്ങിയിരിക്കുകയാണിപ്പോള്‍. അതിനിടെ ഇവരുടെ ദയനീയത കേട്ടറിഞ്ഞ് ഇവരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള ചര്‍ച്ചകളും ചില പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം, കരാറെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി പ്രോജക്ടുകളുടെ പണം ഇനിയും ലഭിക്കാത്തതാണ് ശമ്പളം നല്‍കാന്‍ വൈകുന്നതെന്നാണ് ഇതേ കുറിച്ച് കമ്പനി അധികൃതരുടെ വിശദീകരണം. ലക്ഷ കണക്കിന് ദിനാറാണ് ഇത്തരത്തില്‍ മുടങ്ങി കിടക്കുന്നതെന്നും പണം വന്നാല്‍ ഉടന്‍ തന്നെ പ്രതിഫലം നല്‍കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."