എച്ചുട്ടി
കുടിക്ക്യാനിത്തിരി വെള്ളം തരുവോ?
അതൊന്നു ചൂടാക്കിയാലും ഞാന്‍ കുടി
ക്യും ട്ടോ...
ഇനി ഇത്തിരി ചായപ്പൊടീം പഞ്ചസാരേം ഇട്ടു നോക്കൂ, ഞാന്‍ കുടിക്ക്യും!!
അടുക്കള മുറ്റത്തു നിന്ന് ഇടക്കിടെ കേട്ടിരുന്ന ചോദ്യങ്ങളായിരുന്നു അത്.
ഒട്ടും എണ്ണമയമില്ലാത്ത പാറിപ്പറക്കുന്ന മുടിയിഴകളും, പേടിപ്പെടുത്തുന്ന ചിരിയും നോട്ടവും. തോളിലൊരു ഭാണ്ഡവും.
എച്ചുട്ടിയെ കുറിച്ച് എന്തോരം കഥകളാണെന്നോ പൂമുഖത്തിണ്ണയിലെ സായാഹ്ന ചര്‍ച്ചകള്‍ക്കിടയില്‍ നിന്ന് ഞാന്‍ പെറുക്കിയെടുത്ത് സൂക്ഷിച്ചുവച്ചിരിക്കുന്നത്. അവര്‍ അതിസുന്ദരിയായിരുന്നത്രേ.. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണെന്നും, അവര്‍ക്ക് ഒരു മകളുണ്ടെന്നും ഇല്ലെന്നും, കുടുംബ കലഹങ്ങളാല്‍ മനോനില തെറ്റിയതാണെന്നും, അതല്ല എന്തോ കണ്ട് പേടിച്ചതാണെന്നും, പ്രണയനൈരാശ്യമാണെന്നും അങ്ങനെ പലതും.. വ്യക്തമല്ലാത്തതൊക്കെ സൗകര്യം പോലെ ഉപ്പും മുളകും ചേര്‍ത്ത് വിളമ്പുന്നതില്‍ പണ്ടേ നമ്മള്‍ മിടുക്കരാണല്ലോ.
തറവാട്ടിലേക്കുള്ള ഇടവഴിയില്‍ കൂറ്റന്‍ പുളിമരച്ചോട്ടില്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ കളിക്കുന്ന പതിവുണ്ട് ഞങ്ങള്‍ക്ക്. കയ്യിലൊരു വടക്കനത്തണ്ടുമായി എച്ചുട്ടി ഞങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുവരുന്നതു കാണുമ്പോള്‍ എനിക്ക് വെളിച്ചപ്പാടിനെയാണ് ഓര്‍മ വരിക.
'അതാ എച്ചുട്ടീ...'
മേലോട്ടും താഴോട്ടും എന്നു വേണ്ട കണ്ട വഴിയിലൂടെ ഞങ്ങള്‍ ഓടിയൊളിക്കും.
എച്ചുട്ടിയെ സ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണര്‍ന്ന ഒരു രാത്രിയില്‍ മുറിയിലെ ജനല്‍ പാളിയിലൂടെ എത്തി നോക്കിയ നിലാവാണ് ആ രഹസ്യം എന്നോടു പറഞ്ഞത്.
'എച്ചുട്ടിക്ക് ഭ്രാന്തില്ല!'
ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി.
'എല്ലാര്‍ക്കും മനസില് തോന്ന്ണതൊക്കെ വിളിച്ചു പറയാന്‍ പറ്റ്വോ? തോന്ന്ണതൊക്കെ ചെയ്യാന്‍ പറ്റോ?'
'ഇല്ല' ഇത്തിരി നേരം ആലോചിച്ചാണ് മറുപടി പറഞ്ഞത്.
'എന്താ കാരണം...'
'എന്തായിരിക്കും!' ഞാന്‍ നിലാവിനെ നോക്കി.
'എല്ലാരടേം മനസില് ഒരു പൊലിസുണ്ട്. അത് ചെയ്യരുത്, ഇത് ചെയ്യരുത്. അവരോടങ്ങനെ പറയരുത്. ചിരിക്കരുത്. കരയരുത്.. അങ്ങനെ നമ്മളോട് പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷേ എച്ചുട്ടി എന്താ ചെയ്ത്ന്നറിയോ? '
'എന്താ ചെയ്ത്?'
'ആ പൊലിസിനെ അങ്ങ് ഓടിച്ചു വിട്ടു. എച്ചുട്ടിക്ക് ഇപ്പോ, തോന്ന്ണ പോലെ നടക്കാം. തോന്ന്ണതൊക്കെ പറയാം, ചെയ്യാം.. എപ്പൊ വേണേലും പൊട്ടിച്ചിരിക്കാം കരയാം...'
ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നു.
'ഞാനും ആ പൊലിസിനെയങ്ങ് ഓടിച്ചു വിട്ടാലോ?'
'അതു വേണ്ട. ഭൂമിയില് ജീവിക്കണങ്കില് ആ പൊലിസിനെ ആവശ്യണ്ട്. അല്ലെങ്കില്‍ എച്ചുട്ടിയെ കണ്ട് കുട്ടികള്‍ പേടിക്കണ പോലെ ഇയാളെ കണ്ടാലും പേടിക്കില്ലേ. ആളുകള് ഭ്രാന്തീന്ന് വിളിക്കില്ലേ? അതു ശരിയാണെന്ന് എനിക്കും തോന്നി.
എച്ചുട്ടിയെ കുറിച്ചോര്‍ത്ത് പിന്നെയൊരിക്കലും പേടി തോന്നിയിട്ടില്ല. എച്ചുട്ടിയെ കണ്ട് ഓടിയൊളിച്ചില്ല. അവരെന്റെ പുറകെ വന്നതുമില്ല. കാണുമ്പോഴൊക്കെ ഞാന്‍ ചിരിക്കാറുണ്ടെങ്കിലും മുഖത്ത് ഒരു പുച്ഛഭാവമല്ലാതൊന്നും കണ്ടിട്ടില്ല. ആരേയും കൂസാതെ ആരുടെ മുന്‍പിലും തല കുനിക്കാതെ നടക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ അവരോട് ഒരു ബഹുമാനമായിരുന്നു.
പത്തു പതിനാറ് വര്‍ഷമായി ഞാന്‍ എച്ചുട്ടിയെ കണ്ടിട്ടേയില്ല. പക്ഷേ ഇടക്കിടെ ഞാന്‍ സ്വപ്നം കാണാറുണ്ട്. ഞാന്‍ കാണുന്ന സ്വപ്നങ്ങളിലൊക്കെ അവരെന്നോട് ചിരിക്കാറുണ്ട്. അവരുടെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ നിന്നുതിര്‍ന്നു വീഴുന്ന കഥകള്‍ കേട്ടിരിക്കാറുണ്ട്. എങ്കിലും, അവരുടെ കണ്ണുകളിലേക്ക് ഞാനൊരിക്കല്‍ പോലും നോക്കാന്‍ ധൈര്യപ്പെട്ടില്ല. ആ കണ്ണുകളിലെ കടലാഴങ്ങളെ എനിക്കെന്നും ഭയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."