HOME
DETAILS
MAL
ഹൈദരാബാദ് ആസ്ഥാനമായ വിസ്ഡം ജോബ് പോര്‍ട്ടല്‍ കോടികളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയതായി ആരോപണം
backup
January 23 2019 | 09:01 AM
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഹൈദരാബാദ് കേന്ദ്രമായുള്ള വിസ്ഡം ജോബ്‌സ് എന്ന തൊഴില്‍ വെബ്‌സൈറ്റ് തൊഴില്‍ വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. വിദേശങ്ങളില്‍ തൊഴിലിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ കബളിപ്പിച്ചു നടത്തിയ ജോലി തട്ടിപ്പില്‍, നൂറുകണക്കിന് ആളുകള്‍ വഞ്ചിതരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗള്‍ഫ് ന്യൂസ് ദിനപത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് സ്ഥാപിതമായ ഈ വെബ് പോര്‍ട്ടലില്‍ 30 ദശലക്ഷം രജിസ്റ്റേര്‍ഡ് യൂസര്‍മാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 35000 കമ്പനികളുമായി തങ്ങള്‍ക്ക് കരാരുണ്ടെന്ന് സ്ഥാപിച്ചാണ് തട്ടിപ്പ്. യുവസംരംഭകര്‍ക്കുള്ള റോള്‍ മോഡലായി വാഴ്ത്തപ്പെട്ട അജയ് കൊല്ലയാണ് കമ്പനിയുടെ സി.ഇ.ഒയും സ്ഥാപകനും. ഇന്ത്യന്‍ ടിവി ചാനലുകളിലെ സ്ഥിരം സാന്നിധ്യവും പത്രമാധ്യമങ്ങള്‍ വാഴ്ത്തിയ താരവുമായ അജയ് വന്‍ തട്ടിപ്പാണ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ആദ്യ സ്കില്‍ അസസ്‌മെന്റ് ജോബ് പോര്‍ട്ടലെന്ന്‍ അവകാശപ്പെട്ടിരുന്ന വിസ്ഡം ജോബ്‌സില്‍ യഥാര്‍ഥത്തില്‍ ഒരു തൊഴിലുമില്ലെന്ന നടുക്കുന്ന സത്യമാണ് തെളിഞ്ഞിരിക്കുന്നത്.
ആഗോളാടിസ്ഥാനത്തില്‍ തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റില്‍ ഒട്ടുമിക്കതും വ്യാജ വാര്‍ത്തകളാണ്. ഇതില്‍ ലിസ്റ്റ് ചെയ്യുന്ന ജോലികള്‍ വ്യാജമോ മറ്റിടങ്ങളില്‍ നിന്നും പകര്‍ത്തിയതൊ ആണ്. പണമടച്ചു രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്തികളോട് ഇന്റര്‍വ്യൂ അടക്കം നടത്തി കൂടുതല്‍ പണം തട്ടാനായി ടെലിസെയില്‍സ് ഏജന്റുമാര്‍ എച്ച്.ആര്‍. മാനേജര്‍മാരായി ചമഞ്ഞാണ് ഇല്ലാത്ത ജോലികള്‍ വാഗ്ദാനം ചെയ്യുന്നതെന്നും തെളിഞ്ഞു.
തൊഴിലുടമകളോ എച്ച്.ആര്‍ മാനേജര്‍മാരോ എന്ന വ്യാജേന ഹൈദരാബാദിലെ സൈബര്‍ ടവേഴ്‌സിലെ ഓഫീസിലിരുന്ന കാള്‍ സെന്റര്‍ ഏജന്റുമാരാണ് അഭിമുഖം നടത്തുന്നത്. അപേക്ഷകരോട് അഭിമുഖം നടത്തി ജോലി കിട്ടിയതായി തെറ്റിധരിപ്പിക്കുകയും അപേക്ഷാ ഫീസെന്ന പേരില്‍ 7600 രൂപ അയക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുക. പിന്നീടുള്ള ദിവസങ്ങളില്‍ പല പേരുകളില്‍ കൂടുതല്‍ പണം ആവശ്യപ്പെടും. ചിലരില്‍നിന്ന് 7500 ദിര്‍ഹത്തിന് തുല്യമായ തുക വരെ തട്ടിയെടുത്തതായി ഇരകള്‍ പറയുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കബളിപ്പിക്കപ്പെട്ട കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആഗോള ജോലി തട്ടിപ്പിനെ കുറിച്ച് ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."