തമിഴ്നാട് ലോവര്‍ ക്യാംപ് പവര്‍ ഹൗസ് അടച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പതിവിലും നേരത്തെ 115 അടിയിലേക്ക് താഴ്ന്നതിനെത്തുടര്‍ന്ന് തമിഴ്നാട് ലോവര്‍ക്യാംപ് പവര്‍ ഹൗസ് താല്‍ക്കാലികമായി അടച്ചു. കുംഭച്ചൂടില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാലാണ് തമിഴ്നാട് വൈദ്യുതി നിലയത്തിലെ ഉല്പാദനം നിര്‍ത്തിവച്ചത്. കുടിവെള്ളത്തിനായി ഇരച്ചില്‍പാലം തോട്ടിലൂടെ സെക്കന്‍ഡില്‍ 100 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ കൊണ്ടു പോകുന്നത്.
മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന് ലക്ഷ്യമിട്ട് 1959 ലാണ് ലോവര്‍ ക്യാംപില്‍ തമിഴ്നാട് പെരിയാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. നിലയത്തിന്റെ ഇപ്പോഴത്തെ ശേഷി 168 മെഗാവാട്ടാണ്. 42 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. സെക്കന്‍ഡില്‍ 1600 ഘന അടി ജലമാണ് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യം.
ഇവിടുത്തെ ഉല്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം കുരുവനത്ത് പാലം, കാഞ്ചിമരത്തുറൈ, വെട്ടുകാട്, കെ.ജിപ്പെട്ടി എന്നിവിടങ്ങളിലെ നാല് മിനി പവര്‍ ഹൗസുകളിലും എത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. 12.5 മെഗാവാട്ട് വൈദ്യുതിയാണ് ഇങ്ങനെ ഉല്പാദിപ്പിച്ചിരുന്നത്.
ലോവര്‍ ക്യാംപില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി തിരുനെല്‍വേലിയില്‍ എത്തിച്ചാണ് വിതരണ ശൃംഖലയിലേക്ക് നല്‍കുന്നത്. കടുത്ത വേനലിനെ തുടര്‍ന്ന് പതിവിലും നേരത്തെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോള്‍ ഉല്പാദനം നിര്‍ത്തി വയ്ക്കാന്‍ കാരണം. സാധാരണ മാര്‍ച്ച് അവസാനമാണ് നിലയങ്ങള്‍ അടച്ചിരുന്നത്. നിലവിലെ സ്ഥിതി തുടരുകയും വേനല്‍മഴ കനിയാതിരിക്കുകയും ചെയ്താല്‍ തെക്കന്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളില്‍ കുടിവെള്ള വിതരണമടക്കം പ്രതിസന്ധിയിലാകും. 104 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ തേക്കടി കനാലിലൂടെ തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് പൂര്‍ണമായും നിലയ്ക്കും. ജലനിരപ്പ് കുത്തനെ താഴുന്നത് തേക്കടിയിലെ ബോട്ട് ടൂറിസത്തെയും പ്രതികൂലമായി ബാധിക്കും. ത്തയും പ്രതികൂലമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."