ക്വാഡന്‍ തേങ്ങി; എന്നെ കൊന്നുതരൂ... ചേര്‍ത്തുപിടിച്ച് ലോകം
മെല്‍ബണ്‍: ഒരു കയര്‍ താ ഞാന്‍ ജീവിതം അവസാനിപ്പിക്കാം... ഇതുപറഞ്ഞ് ഒന്‍പത് വയസുകാരനായ ക്വാഡന്‍ ബേല്‍സ് തേങ്ങിയപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരങ്ങളെത്തി. ഉയരം കുറവായതിന്റെ പേരില്‍ സഹപാഠികള്‍ അപമാനിച്ചതിന്റെ സങ്കടമായിരുന്നു ക്വാഡന്‍ ലോകത്തോട് പങ്കുവച്ചത്.
മാതാവ് പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഭിന്നശേഷിയുള്ള ഓസ്‌ട്രേലിയക്കാരനായ ഈ ബാലന്‍ അനുഭവിക്കുന്ന വേദന ലോകം അറിഞ്ഞത്. മകനെ കൂട്ടിക്കൊണ്ടുവരാനായി സ്‌കൂളില്‍ പോയപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് മാതാവ് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നുപറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.
ഇത് ഫേസ്ബുക്ക് ലൈവിലൂടെ അമ്മ പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ വൈറലായതോടെ ഹോളിവുഡ് നടന്‍ ഹ്യൂ ജാക്ക്മാന്‍, അമേരിക്കന്‍ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് തുടങ്ങിയ നിരവധിപേര്‍ ക്വാഡന് പിന്തുണയുമായെത്തി. ബ്രാഡ് വില്ല്യംസ് ക്വാഡന് വേണ്ടി സമാഹരിച്ചത് 2,50,000 യുഎസ് ഡോളറാണ്. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡിലേക്ക് അയയ്ക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി. ആസ്‌ത്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനെ ആശ്വസിപ്പിക്കാനെത്തി. എന്‍.ആര്‍.എല്‍ ഓള്‍ സ്റ്റാര്‍സ് മാച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡന് അവസരം നല്‍കുകയും ചെയ്തു. മലയാള താരം ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."