നഗരസഭ, കോര്‍പറേഷന്‍ ദിനാഘോഷം പൊടിക്കുന്നത് അരക്കോടിയിലധികം
കൊണ്ടോട്ടി: ഈയിടെ വയനാട്ടില്‍ നടന്ന ഗ്രാമപഞ്ചായത്ത് ദിനാഘോഷം ധൂര്‍ത്താണെന്ന ആരോപണം കെട്ടടങ്ങുന്നതിന് മുന്‍പെ നഗരസഭ-കോര്‍പ്പറേഷന്‍ ദിനാഘോഷത്തിനും ലക്ഷങ്ങളുടെ തനത് ഫണ്ട് പൊടിക്കാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടിപ്പിച്ചിട്ടില്ലാത്ത നഗരസഭ-കോര്‍പറേഷന്‍ ദിനാഘോഷങ്ങളാണ് മാര്‍ച്ച് 14,15 തിയതികളില്‍ അങ്കമാലി നഗരസഭയില്‍ വച്ച് നടത്തുന്നത്. ഇവയുടെ നടത്തിപ്പ് ചെലവിലേക്കാണ് നഗരസഭ-കോര്‍പറേഷനുകളുടെ തനത് ഫണ്ടില്‍ നിന്ന് 60.5 ലക്ഷം രൂപ ചെലവഴിക്കാന്‍ യഥേഷ്ടാനുമതി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടയിലാണ് പുരസ്‌കാര - ആഘോഷ ചടങ്ങുകള്‍ നടത്തി പണം പൊടിപൊടിക്കാനൊരുങ്ങുന്നത്.
ദിനാഘോഷത്തിനായി നഗരസഭകള്‍ അരലക്ഷം വീതമാണ് തനത് ഫണ്ടില്‍ നിന്ന് നല്‍കേണ്ടത്. കോര്‍പറേഷനുകള്‍ രണ്ട് ലക്ഷം നല്‍കണം. ചടങ്ങ് നടക്കുന്ന അങ്കമാലി നഗരസഭ ആഘോഷത്തിനായി അഞ്ച് ലക്ഷം സംഭാവന ഇനത്തില്‍ നല്‍കണം. സംസ്ഥാനത്ത് ആകെ ആറ് കോര്‍പറേഷനുകളും 88 നഗരസഭകളുമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2017-2018ലും, 2018-2019 ലും നഗരസഭ-കോര്‍പ്പറേഷന്‍ ദിനാഘോഷം നടത്തിയിരുന്നില്ല.അതുകൊണ്ടുതന്നെ ഇത്തവണ ഈ രണ്ടുവര്‍ഷങ്ങളിലേയും മികച്ച നഗരസഭകള്‍ക്കും കോര്‍പറേഷനുകള്‍ക്കും പുരസ്‌കാരവും നല്‍കും.ഇവയുടെ മാനദണ്ഡങ്ങള്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍, പ്രത്യേക ഗിഫ്റ്റ്, ഭക്ഷണ - താമസ സൗകര്യങ്ങള്‍ക്കെല്ലാമാണ് തനത് ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വയനാട്ടില്‍ നടന്ന പഞ്ചായത്ത് ദിനോഘോഷത്തിലും ലക്ഷങ്ങളാണ് പൊടിച്ചത്. പങ്കെടുത്ത ജനപ്രതിനിധികള്‍ക്ക് ഗിഫ്റ്റ്, താമസ സൗകര്യം, ഭക്ഷണം അടക്കം വന്‍തുകയാണ് ചെലവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."