എമിഗ്രേഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്താനായി പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വിദേശ കാര്യ മന്ത്രാലയത്തിനു നിവേദനം നല്‍കി
റിയാദ്: ഈ വര്‍ഷം അവതരിപ്പിക്കുന്ന ഇന്ത്യയുടെ എമിഗ്രേഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്ലീസ് ഇന്ത്യ വിദേശകാര്യ മന്ത്രാലയത്തിന് വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം കൈമാറി. പ്രവാസികള്‍ വര്‍ഷങ്ങളായി നേരിടുന്ന വിവിധ പ്രശ്‌നങ്ങളടക്കം 23 ഇന നിര്‍ദേശങ്ങളാണ് വിദേശകാര്യ മന്ത്രലയത്തിനു കൈമാറിയത്.
തെളിവ് അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനായി വിവിധ ഉറവിടങ്ങളില്‍നിന്നുള്ള ശരിയായ വിവര ശേഖരണം നടത്തുക, രാജ്യം വിടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രതികൂല ഘടകങ്ങള്‍ കുറച്ചു കൊണ്ടുവരിക, കുടിയേറ്റത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശരിയായതും സമയാധിഷ്ഠിതവുമായ വിവരങ്ങള്‍ നല്‍കുക, എല്ലാ പ്രവാസികളുടെയും നിയമപരമായ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പ് വരുത്തുക, പതിവ് കുടിയേറ്റത്തിനുള്ള മാര്‍ഗ്ഗങ്ങളുടെ ലഭ്യതയും സൗകര്യവും ഉറപ്പ് വരുത്തുക, നിയമാനുസൃതവും ധാര്‍മ്മികവുമായ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കും മാന്യമായ തൊഴില്‍ സംരക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, കുടിയേറ്റത്തിലെ അപകട സാധ്യതകള്‍ കുറയ്ക്കുക, ജീവന്‍ സംരക്ഷിക്കുന്നതിനും കാണാതാവുന്ന കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമായിട്ട് ഏകീകൃത അന്താരാഷ്ട്ര സംവിധാനം സാധ്യമാക്കുക, മനുഷ്യക്കടത്തിനെതിരേയുള്ള രാഷ്ട്രാന്തര പ്രതികരണം ശക്തമാക്കുക, അന്തര്‍ദേശീയ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യക്കടത്ത് തടയുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി പോരാടുക, സമയോചിതവും സുരക്ഷിതവും ഏകീകൃതവുമായുള്ള അതിര്‍ത്തി സംരക്ഷണം നടപ്പിലാക്കുക, കുടിയേറ്റ നടപടികളില്‍ ഉചിതമായ സ്‌ക്രീനിങ്ങിനും വിലയിരുത്തലിനും റഫറന്‍സിനും വേണ്ടിയുള്ള നടപടികള്‍ ശക്തമാക്കുക, അവസാന ശ്രമമായി മാത്രം കുടിയേറ്റ തടങ്കല്‍ ഉപയോഗിക്കുക. അതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, കുടിയേറ്റത്തിന്റെ അല്ലെങ്കില്‍ പ്രവാസ കാലയളവില്‍ നയതന്ത്ര കാര്യാലയം സഹായം, സംരക്ഷണം, സഹകരണം എന്നിവ മെച്ചപ്പെടുത്തുക, കുടിയേറ്റക്കാര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുക, കുടിയേറ്റക്കാരെയും സമൂഹത്തെയും സാമൂഹിക ഉദ്ഗ്രഥനത്തെ കുറിച്ചു ബോധവാന്മാരാക്കുക, എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ ഉന്മൂലനം ചെയ്യാനും പ്രവാസത്തെ ക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനും പൊതുപ്രഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വിദേശത്ത് കുടിയേറാന്‍ തയ്യാറെടുക്കുന്നവരുടെ കഴിവും യോഗ്യതയും തിരിച്ചറിയുകയും നൈപുണ്യ വികസനത്തില്‍ നിക്ഷേപിക്കുകയും ചെയ്യുക, എല്ലാ രാജ്യങ്ങളിലും സുസ്ഥിര വികസനത്തിത്തിന് പൂര്‍ണ്ണമായും സംഭാവനകള്‍ നല്‍കാന്‍ പ്രവാസികള്‍ക്ക് വ്യവസ്ഥകള്‍ സൃഷ്ടിക്കുക, വേഗത്തിലും സുരക്ഷിതവുമായി പണം അയയ്ക്കാനും സാമ്പത്തികമായി ഉള്‍പ്പെടുത്തി പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും പ്രശംസാര്‍ഹവുമായ മടങ്ങിവരവും പുനര്‍നിര്‍മ്മാണവും സുസ്ഥിരപുനരധിവാസവും സുഗമമാക്കുന്നതിന് സഹകരിക്കുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ പോര്‍ട്ടബിലിറ്റി ഉണ്ടാക്കുന്നതിനും ആനുകൂല്യങ്ങള്‍ നേടുന്നതിനും ഉള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക, സുരക്ഷിതവും ക്രമീകൃതവുമായി സ്ഥിരമായിട്ടുള്ള കുടിയേറ്റത്തിനായി അന്താരാഷ്ട്ര സഹകരണവും ആഗോള പങ്കാളിത്തവും ഉറപ്പ് ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.
പ്രവാസികള്‍ക്ക് വേണ്ടിയിട്ടുള്ള നിയമപോരാട്ടങ്ങളില്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി സഊദി അറേബ്യ ഉള്‍പ്പെടയുള്ള വിവിധ ജി.സി.സി രാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധസാമൂഹിക സംഘടനയായ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ഗ്ലോബല്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ ലത്തീഫ് തെച്ചി. അഡ്വ. ജോസ് എബ്രഹാം. ( ഗ്ലോബല്‍ ഡയറക്ടര്‍) മിനി മോഹന്‍ (ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവരാണ് നിവേദനം തയ്യാറാക്കി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."