ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കാനുള്ള തീരുമാനം നിര്‍ത്തിവച്ചു
നിലമ്പൂര്‍: നഗരസഭ ഓഫിസിന് പുതിയതായി കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഫയര്‍സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള തീരുമാനം പി.വി അന്‍വര്‍ എം.എല്‍.എ ഇടപെട്ട് തല്‍ക്കാലത്തേക്ക് മാറ്റിവപ്പിച്ചു. ഫയര്‍ റെസ്‌ക്യൂ സ്‌റ്റേഷന്‍ മാറ്റുന്നതിന് അനുയോജ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ കഴിയാത്തതുക്കൊണ്ടാണ് വിഷയത്തില്‍ എം.എല്‍.എ ഇടപ്പെട്ടത്.
മൂന്ന് കോടി 68 ലക്ഷം രൂപ ചെലവിലാണ് നഗരസഭക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കെട്ടിടം നിര്‍മാണം നടത്തുന്നത് നഗരസഭയുടെ അധീനതിയിലുള്ള ഇപ്പോള്‍ ഫയര്‍ റെസ്‌ക്യൂ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ്. സമീപത്തെ മൈനര്‍ ഇറിഗേഷന്‍ ബില്‍ഡിങിലേക്കും സമീപം നഗരസഭയുടെ മറ്റൊരു കെട്ടിടത്തിലേക്കുമായി ഫയര്‍ സ്റ്റേഷന്‍ മാറ്റുവാനായിരുന്നു തീരുമാനം. ഫയര്‍സ്റ്റേഷന്‍ തിങ്കളാഴ്ചത്തേക്ക് ഇവിടേക്ക് മാറ്റാന്‍ നഗരസഭ അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മാറ്റാന്‍ നിര്‍ദ്ദേശിച്ച സ്ഥലം പരിമിതമാണന്നും സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസകരമാകുമെന്നും ഫയര്‍സ്റ്റേഷന്‍ ജീവനക്കാര്‍ എം.എല്‍.എയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിനോടൊപ്പം എം.എല്‍.എ ഫയര്‍സ്റ്റേഷനിലെത്തി തല്‍ക്കാലത്തേക്ക് മാറ്റേണ്ടതില്ലെന്ന് ചര്‍ച്ചയിലൂടെ തീരുമാനിച്ചത്. ഫയര്‍ സ്റ്റേഷന്റെ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് കെട്ടിട നിര്‍മാണം ആരംഭിക്കാനും വാഹനങ്ങള്‍ നഗരസഭയുടെ അധീനതയിലുള്ള സമീപത്തെ കെട്ടിടത്തില്‍ നിര്‍ത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."