തരൂരിനെ വീഴ്ത്താന്‍ ആളെ തിരഞ്ഞ് സി.പി.ഐയും ബി.ജെ.പിയും
#വി.എസ് പ്രമോദ്
സംസ്ഥാന തലസ്ഥാനമെന്ന നിലയില്‍ ശ്രദ്ധേയമാകുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തതാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ എം.പിയായ ശശി തരൂര്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുകയെന്ന് ഏറെക്കുറെ ധാരണയായിക്കഴിഞ്ഞു. മുന്നില്‍നിര്‍ത്തി പോരാടാന്‍ തരൂരിനപ്പുറത്തേക്ക് ശ്രദ്ധേയനായൊരു സ്ഥാനാര്‍ഥിയില്ലെന്ന എ, ഐ ഗ്രൂപ്പുകളുടെ ദൗര്‍ബല്യവും ഹൈക്കമാന്‍ഡിന്റെ താല്‍പര്യവും ഇതിനടിസ്ഥാനമാണ്. മാത്രമല്ല, കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരാണ് വരുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് സുപ്രധാന വകുപ്പില്‍ മന്ത്രിസ്ഥാനത്തേക്കെത്തുന്ന ഒരാള്‍ തരൂര്‍ തന്നെയായിരിക്കുമെന്നുള്ള ധാരണ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്കിടയിലുമുണ്ട്. സാമുദായിക താല്‍പര്യങ്ങള്‍ക്ക് ഏറെ മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ തരൂരിന് പ്രത്യേകമായ സ്വീകാര്യതയുള്ളതും അനുകൂലമായിക്കണ്ടുകൊണ്ടുള്ള നീക്കമാകും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുക.
കഴിഞ്ഞ തവണ ഒ.രാജഗോപാലിലൂടെ രണ്ടാം സ്ഥാനത്തെത്തിച്ചതിന്റെ ഭാരം സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന കാര്യത്തില്‍ ബി.ജെ.പിക്കുണ്ട്. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി സംസ്ഥാനത്തു നിന്ന് ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തിരുവനന്തപുരത്തുതന്നെ തുറക്കണമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഗ്രൂപ്പ് പോര് കാരണം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെങ്കിലും തിരുവനന്തപുരത്ത് മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമുണ്ട്. സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും കൊല്ലത്തു നിര്‍ത്തുന്നതിനെക്കുറിച്ചാണ് ബി.ജെ.പിയുടെ ആലോചന. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള തിരുവനന്തപുരത്തു മത്സരിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ കിട്ടിയ രണ്ടാം സ്ഥാനം കാരണം ബി.ജെ.പിയിലെ പല നേതാക്കളെയും തിരുവനന്തപുരം മണ്ഡലം മോഹിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ അച്ചുതണ്ടായി ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ട സാഹചര്യത്തില്‍ അവരുടെ തീരുമാനത്തിനുസരിച്ചായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയവും ബി.ജെ.പിയില്‍ നടക്കുക.
2014ല്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമമാകും സീറ്റിന് അവകാശികളായ സി.പി.ഐ നടത്തുക. ശശി തരൂരിനെതിരേ മത്സരിപ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥി തിരുവനന്തപുരം ജില്ലയിലില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. സീറ്റ് ഒപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല നേതാക്കളും ആരംഭിച്ചിട്ടുമുണ്ട്. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ നേതാക്കള്‍ തന്നെ പറയുന്നത്. മുന്‍പ് തിരുവനന്തപുരത്ത് മത്സരിച്ചു വിജയിച്ച പന്ന്യന്‍ രവീന്ദ്രന്റെ താല്‍പര്യം പാര്‍ട്ടി ആരാഞ്ഞെങ്കിലും ഇനിയൊരു അങ്കത്തിനില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനോടും തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്‌തെങ്കിലും അദ്ദേഹവും വഴങ്ങിയില്ല. ഇത്തവണ ലോക്‌സഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്നും അതിനെക്കാള്‍ നല്ലത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണെന്നും അദ്ദേഹം നിലപാടെടുത്തതായാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഒരു പോരാട്ടമെങ്കിലും കാഴ്ചവയ്ക്കാനും മൂന്നാം സ്ഥാനത്തേക്ക് പോകാതിരിക്കാനും തക്ക സ്ഥാനാര്‍ഥിയെയെങ്കിലും തിരുവനന്തപുരത്ത് നിര്‍ത്തണമെന്ന വികാരമാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. സീറ്റ് മാറ്റിയെടുക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുപോലുമില്ല. മാറ്റുകയാണെങ്കില്‍ തന്നെ ജില്ലയിലെ മറ്റൊരു സീറ്റായ ആറ്റിങ്ങല്‍ നല്‍കിയാല്‍ നോക്കാം എന്നാണ് നിലപാട്. വര്‍ഷങ്ങളായി തങ്ങള്‍ ജയിക്കുന്ന ആറ്റിങ്ങല്‍ സീറ്റ് സി.പി.എം നല്‍കില്ല എന്നതുകൊണ്ടുതന്നെ ആ ആലോചന തുടക്കത്തില്‍ തന്നെ ഒടുങ്ങുന്നു.
അവസാനം നിലവില്‍ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ പേരിലാണ് സി.പി.ഐ എത്തിനില്‍ക്കുന്നത്. തിരുവനന്തപുരത്ത് മത്സരിച്ചു തോറ്റാലും ജയിച്ചാലും ഒന്നും നഷ്ടപ്പെടാനില്ലെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ബിനോയ് വിശ്വം മത്സരിക്കാന്‍ സമ്മതവും പ്രകടിപ്പിച്ചു കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തില്‍ നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ കേന്ദ്രത്തില്‍ ഇടതു പിന്തുണയോടെ സര്‍ക്കാര്‍ വന്നാല്‍ തോറ്റാലും ജയിച്ചാലും എം.പിയായ തനിക്കുള്ള സാധ്യതയും ബിനോയ് വിശ്വം കാണുന്നു.
ഏതായാലും സ്ഥാനാര്‍ഥി നിര്‍ണയമെന്നത് ബി.ജെ.പിക്കും സി.പി.ഐക്കും വലിയ കടമ്പ തന്നെയാകും. മണ്ഡലത്തില്‍ കരുത്തനായി നില്‍ക്കുന്ന തരൂരിനെ മലര്‍ത്തിയടിച്ച് വിജയം നേടാന്‍തക്ക സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നത് മറ്റു രണ്ടു ചേരികള്‍ക്കും വലിയ വെല്ലുവിളി തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."