പ്രിയങ്ക എത്തുന്നത് അനുഭവങ്ങളുടെ കരുത്തുമായി
#എ.പി അബ്ദുല്ലക്കുട്ടി
9496666666
പ്രിയങ്കാഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം ഞങ്ങള്‍ അറിയുന്നത് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ യു.ഡി.എഫ് ഉപവാസപ്പന്തലില്‍വച്ചാണ്. ഐ.എന്‍.ടി.യു.സി നേതാവ് കെ. സുരേന്ദ്രന്‍ ഈ വാര്‍ത്ത ഉച്ചഭാഷണിയിലൂടെ വിളിച്ചുപറഞ്ഞപ്പോള്‍ സദസ്സ് മുഴുവന്‍ കൈയടിച്ചു. ഞാന്‍ സദസ്സിലേക്കു കണ്ണോടിച്ചു. കോണ്‍ഗ്രസുകാര്‍ മാത്രമല്ല യു.ഡി.എഫിലെ നേതാക്കളെല്ലാം സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
ആളുകളിലെ ആവേശവും സന്തോഷവും വിവരണാതീതമാണ്. എന്തുകൊണ്ടായിരിക്കുമെന്ന് എന്റെ മനസ് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ അടുത്തിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷണന്‍ പറഞ്ഞത്: ''പ്രിയങ്ക ജൂനിയര്‍ ഇന്ദിരാഗാന്ധിയാണ്. ആ കണ്ണും മൂക്കും ഇന്ദിരയെ മുറിച്ചുവച്ചതു പോലെയില്ലേ? ഹിന്ദി മേഖലയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്കാവും''.
ഇതൊക്കെ പറയുമ്പോള്‍ സുമാ എന്ന നേതാവിന്റെ കണ്ണിലെ തിളക്കവും ഉത്സാഹവും കണ്ടപ്പോള്‍ സാധാരണ ജനങ്ങളില്‍ ഉറപ്പായിട്ടും കോണ്‍ഗ്രസിന്റെ ഈ തീരുമാനം വലിയ സ്വാധീനം ചെലുത്തുമെന്നുതന്നെ തോന്നി. പ്രിയങ്കയ്ക്കു ജനങ്ങളെ ആകര്‍ഷിക്കാനുള്ള എന്തോ കരിസ്മാറ്റിക് ശക്തിയുണ്ടെന്ന് യു.പിയില്‍ അമ്മ സോണിയാഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രക്കാര്‍ എഴുതിയത് ഓര്‍ത്തു പോയി.
പന്ത്രണ്ട് വയസുള്ളപ്പോള്‍ മുത്തശ്ശി ഇന്ദിര വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്ന കൊച്ചുമകള്‍. പത്തൊന്‍പതാം വയസ്സില്‍ അച്ഛനും രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി. ഇത്ര ത്യാഗനിര്‍ഭരമായ അനുഭവവുമായിട്ടാണ് പ്രിയങ്ക കടന്നുവരുന്നത്. ആ പൊന്നുമോള്‍ പ്രിയങ്കയ്ക്ക് അന്ത്യചുംബനം നല്‍കാന്‍ അച്ഛന്റെ മുഖം പോലും ആ കശ്മലന്മാര്‍ ബാക്കിവച്ചില്ല. എന്നിട്ടും ആ മകള്‍ തളരാതെ പിടിച്ചുനിന്നു. ആ മനക്കരുത്ത് പ്രിയങ്കയ്ക്കു കരുത്താവും.
ഇതെല്ലാം അറിയുന്നതുകൊണ്ടാവാം ജനങ്ങള്‍ക്കു പ്രിയങ്ക പ്രിയങ്കരിയാവുന്നത്. കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയ്ക്കു നല്‍കിയ ഉത്തരവാദിത്വം വളരെ വലുതും ശ്രമകരവുമായ യു.പി രാഷ്ട്രീയമാണ്. ഇന്ത്യന്‍ മതേതരത്വം ജീവിക്കണമോ മരിക്കണമോ എന്ന ചോദ്യത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പ്രിയങ്കയ്ക്കു വിജയങ്ങളുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."