HOME
DETAILS
MAL
മൗജ്പൂരില്‍ സി.എ.എ അനുകൂല പരിപാടിക്കെതിരേ കല്ലേറ്, സംഘര്‍ഷം; ജാഫറാബാദിലും ഷഹീന്‍ബാഗ് മാതൃകയില്‍ സമരം
backup
February 24 2020 | 04:02 AM
ന്യൂഡല്‍ഹി: ജാഫറാബാദിനടുത്തുള്ള മൗജ്പൂരില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഹിന്ദുസേനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്കിടെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. ബി.ജെ.പിയുടെ വിവാദ നേതാവ് കപില്‍ മിശ്ര പങ്കെടുത്ത പരിപാടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മൗജ്പൂര്‍, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടു. ജാഫറാബാദില്‍ സ്ത്രീകള്‍ കഴിഞ്ഞ ദിവസം ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചതിന് പിന്നാലെയാണ് നിയമ ഭേദഗതിയെ അനുകൂവിച്ച് ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള മൗജ്പൂരില്‍ ഹിന്ദു സേനയുള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച പരിപാടി സംഘടിപ്പിച്ചത്.
ശനിയാഴ്ച രാത്രി മുതലാണ് ജാഫറാബാദ് മെട്രോ ലൈനിന് താഴെ റോഡ് തടസപ്പെടുത്തി അഞ്ഞുറിലധികം വരുന്ന സ്ത്രീകള്‍ സമരം തുടങ്ങിയത്. ഇന്നലെ സമരക്കാരുടെ എണ്ണം വര്‍ധിക്കുകയും ആയിരക്കണക്കിന് സ്ത്രീകള്‍ തടിച്ച് കൂടുകയും ചെയ്തു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. ജാഫറാബാദ് മെട്രോ സ്‌റ്റേഷനും അടച്ചിട്ടു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം നടത്തുമെന്നാണ് സ്ത്രീകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വന്‍തോതില്‍ വിന്യാസം നടത്തുകയും ചെയ്തിട്ടുണ്ട്.
മൗജ്പൂരിലെ സംഘര്‍ഷാവസ്ഥ ജാഫറാബാദ് സമരത്തെ ബാധിച്ചിട്ടില്ല. മൗജ്പൂരില്‍ പ്രദേശത്ത് സി.ആര്‍.പി.എഫിന് വിന്യസിച്ചിരുന്നെങ്കിലും അവരെ പിന്‍വലിച്ച് ഡല്‍ഹി പൊലിസിനെ വിന്യസിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതിനിടെ ജാഫറാബാദ് സമരക്കാരെ നീക്കം ചെയ്യാന്‍ കപില്‍ മിശ്ര ഡല്‍ഹി പൊലിസിന് മൂന്നു ദിവസം സമയം നല്‍കി. പൊലിസ് അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ പൊലിസിന് തങ്ങളെ അനുസരിപ്പിക്കാന്‍ സാധ്യമല്ലെന്ന് കപില്‍ മിശ്ര പറഞ്ഞു. ട്രംപ് ഇവിടെയുള്ളതു കൊണ്ടാണ് തങ്ങള്‍ വെറുതെയിരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞാല്‍ ട്രംപ് മടങ്ങിപ്പോകും. പിന്നെ തങ്ങളെ തടയാനാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."