സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി, ചര്‍ക്കയില്‍ നൂല്‍നൂറ്റ് ട്രംപ്
അഹമ്മദാബാദ്: മുപ്പത്തിയാറ് മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ആദ്യമായി എത്തിയത് സബര്‍മതി ആശ്രമത്തില്‍. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് ഇരുവരേയും സ്വീകരിച്ചത്. ശേഷം മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമിത്തിലേക്ക് എത്തിയത്.
പ്രധാനമന്ത്രിയ്ക്കൊപ്പം ട്രംപ് ആശ്രമത്തിലെ ഗാന്ധി ചിത്രത്തില്‍ ഹാരാര്പ്പം നടത്തി. അതിനു ശേഷമാണ് ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്കയ്ക്ക് അരികിലേക്ക് മൂവരും എത്തിയത്. കാര്യങ്ങള്‍ മോദി വിശദീകരിക്കുന്നതിനിടെ, കൗതുകത്തോടെ ട്രംപും മെലാനിയയും നിലത്തിരുന്ന് ചര്‍ക്ക പരിശോധിച്ചു. നൂല് നൂല്ക്കാന് ശ്രമിക്കുകയും ചെയ്തു. ശേഷം ആശ്രമത്തിലെ അന്തേവാസികള്‍ എത്തി നൂല്നൂല്ക്കുന്നത് എങ്ങനെയെന്ന് ഇരുവര്‍ക്കും വിശദീകരിച്ചു നല്കി.
ശേഷം പുറത്തിറങ്ങിയ ട്രംപ് സന്ദര്‍ശക രജിസ്റ്ററില്‍ കുറിപ്പും എഴുതി. അതിനു ശേഷം ഗാന്ധിജി എപ്പോഴും ഉദാഹരിക്കാറുണ്ടായിരുന്ന വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ പ്രതിമകള്ക്കരികിലെത്തി. അതിനു പിന്നിലെ കഥയും മോദി വിശദീകരിച്ചു.
1.05 നാണ് മെട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടി. ശേഷം പ്രധാനമന്ത്രി നല്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്ക് പോകും. വൈകീട്ട് 4.45 ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."