മനാഫ് വധക്കേസ്: പ്രതിയുടെ ആശുപത്രി സുഖവാസം ജില്ലാ കോടതിയുടെ പരിഗണനക്ക്
നിലമ്പൂര്‍: മനാഫ് വധക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ച പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (50) അസുഖം അഭിനയിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പഞ്ചനക്ഷത്ര സൗകര്യത്തില്‍ കഴിയുന്നത് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ പി.പി അബ്ദുല്‍റസാഖ് നല്‍കിയ ഹരജി ജില്ലാ കോടതിയുടെ പരിഗണനക്കുവിട്ടു. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ആണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനക്കുവിട്ടത്. ഷെരീഫിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.
മനാഫിനെ കൊലപ്പെടുത്തി വിദേശത്തേക്കു കടന്ന ഷെരീഫ് 24 വര്‍ഷങ്ങള്‍ക്കു ശേഷം 21നാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കച്ച ഷെരീഫിനെ അസുഖമുണ്ടെന്നു പറഞ്ഞതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്മാവനായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനം ഉപയോഗിച്ച് യാതൊരു അസുഖങ്ങളുമില്ലാത്ത ഷെരീഫ് ആശുപത്രി ഐ.സി.യുവില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് കഴിയുന്നതെന്ന് അബ്ദുല്‍റസാഖ് ഹരജിയില്‍ ആരോപിച്ചു.
ലുക്കൗട്ട് നോട്ടിസിറക്കി പിടികൂടണമെന്ന കോടതി ഉത്തരവുണ്ടായി ആറു മാസംകഴിഞ്ഞിട്ടും ജില്ലാ പൊലിസ് സൂപ്രണ്ട് ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിയുടെ ഉന്നതബന്ധം തെളിയിക്കുന്നതാണ്. പൊലിസിന്റെ കണ്‍മുന്നിലൂടെയാണ് കോടതിയില്‍ കീഴടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
നിയമവ്യവസ്ഥയെ പരിഹസിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുമ്പോഴും ആശുപത്രിയില്‍ സുഖവാസം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അസുഖത്തിന്റെ നിജസ്ഥിതിയും ഐ.സി.യു ചികിത്സയുടെ ആവശ്യകതയും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹരജി അടുത്ത ദിവസം ജില്ലാ കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."