കൊറോണ വൈറസ് ഗൾഫ് മേഖലയിലേക്കും; അതീവ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ
റിയാദ്: ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധ ഗൾഫ് മേഖലയിലും വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് പിന്നീട് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരത്തെ യു എ ഇയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും പിന്നീട് വൈറസ് ബാധിച്ചവർ സാധാരണ നിലയിലേക്ക് തിരിച്ചു പോകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വിവിധ ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. യു എ ഇ യിൽ 11 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവിൽ ഇറാൻ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ കുവൈത്, ബഹ്‌റൈൻ, എന്നിവിടങ്ങളിലാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തിൽ വൈറസ് ബാധ കണ്ടെത്തിയ മൂന്നു പേരിൽ ഒരാൾ സഊദി പൗരനും മറ്റൊരാൾ കുവൈത്തിയുമാണ്. ഒരാളുടെ രാജ്യം ഏതെന്ന് വ്യക്തമല്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ ഏറെ ബാധിച്ച ഇറാനിലെ മശ്‌ഹദിൽ നിന്നെത്തിയവരാണ് ഇവരെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബഹ്‌റൈനിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതായി ബഹ്‌റൈൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇദ്ദേഹവും ഇറാനയിൽ നിന്നെത്തിയതാണ്. വൈറസ് ലക്ഷണങ്ങൾ കണ്ടെത്തിയ ഇദ്ദേഹത്തെ വേണ്ട നപടികൾ കൈക്കൊണ്ടതായതും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘത്തിന് കീഴിൽ ചികിത്സയിലാണെന്നും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, ഇറാനിൽ ഇതിനകം തന്നെ അമ്പത് പേരാണ് വൈറസ് ബാധയേറ്റു മരണപ്പെട്ടതായി ഇറാൻ നഗരമായ ഖയൂം നഗര പ്രതിനിധി പാർലമെന്റിൽ വ്യക്തമാക്കി. കൊറോണ വൈറസ് മരണം പന്ത്രണ്ട് കവിഞ്ഞതായാണ് പുറത്ത് വന്ന ഔദ്യോഗിക വിവരമെന്നിരിക്കെയാണ് ഞെട്ടിക്കുന്ന പ്രസ്‌താവനയുമായി പാർലമെന്റംഗം രംഗത്തെത്തിയത്.
വൈറസ് ബാധ ഉയരുന്നതിനെ തുടർന്ന് സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇറാനിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ഇറാൻ സന്ദർശിക്കുന്നവർക് സഊദിയിലേക്ക് പ്രവേശനം വിലക്കുകയും ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇറാനിലേക്ക് വിവിധ ഗൾഫ് രാജ്യങ്ങൾ സർവ്വീസുകൾ നിർത്തുകയും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിൽ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ തങ്ങളുടെ കുവൈത് അതിർത്തി അടക്കുന്നതായി ഇറാഖ് സർക്കാർ വ്യക്തമാക്കി. സഫ്‌വാൻ ബോർഡർ അടക്കുന്നതായാണ് ഇറാഖ് വ്യക്തമാക്കിയത്. ഇറാനിൽ നിന്നും പൗരന്മാല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയില്ലെന്നു കഴിഞ്ഞ ദിവസം ഇറാഖ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."