കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ്: ടാറിങ് നടത്തിയതില്‍ ക്രമക്കേടെന്ന് ആരോപണം
കാഞ്ഞങ്ങാട്: നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു വരുന്ന കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ യാര്‍ഡിന്റെയും മുന്‍വശത്തെ ടാറിങ് പ്രവര്‍ത്തിയിലും ക്രമക്കേട് നടന്നതായി ആരോപണം. ബസ് സ്റ്റാന്‍ഡിലെ യാര്‍ഡ് ആന്‍ഡ് ഡ്രൈനേജ് നിര്‍മാണം, ടാറിങ് എന്നിവ നടത്തിയത് സാങ്കേതിക അനുമതിയില്ലാതെയും നഗരസഭാ കൗണ്‍സില്‍ അംഗീകാരം ഇല്ലാതെയുമാണ് എന്നാണ് പ്രതിപക്ഷങ്ങളുടെ ആരോപണം.
നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്താല്‍ ഇതിലെ ക്രമക്കേട് പുറത്തുവരുമെന്നും അതിനാല്‍ ചെയര്‍മാന്‍ ഈ അജന്‍ഡ മനപൂര്‍വം ഒഴിവാക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എന്‍ജിനീയറെ കൊണ്ട് ചീഫ് എന്‍ജിനീയറില്‍ സമ്മര്‍ദ്ദം ചെലുത്തി അനുമതി വാങ്ങാന്‍ അയച്ച കത്ത് പുറത്തുവന്നു. മാത്രമല്ല, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാര്‍ഡ് ആന്‍ഡ് ഡ്രൈനേജ് ടാറിങ് ചെയ്യാന്‍ ചീഫ് എന്‍ജിനീയറുടെ അനുമതിക്കായി അയച്ച ഡിസൈന്‍ തിരിച്ചയക്കുകയും ബസ് സ്റ്റാന്‍ഡില്‍ യാര്‍ഡ് ആന്‍ഡ് ഡ്രൈനേജ് നിര്‍മാണം ടാറിങ്ങിനെക്കാള്‍ ചെലവ് കുറവും ഈടു നില്‍ക്കുന്നതുമായ കോണ്‍ക്രീറ്റില്‍ ചെയുന്നതാണ് നല്ലതെന്ന ചീഫ് എന്‍ജിനീയറുടെ (എല്‍.എസ്.ജി.ഡി തിരുവനന്തപുരം) രേഖാമൂലമുള്ള നിര്‍ദേശവും തള്ളിയാണ് ടാറിങ് പ്രവര്‍ത്തി ചെയ്തിരിക്കുന്നത് എന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്.
നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരം കോണ്‍ക്രീറ്റ് ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനായി 57500 രൂപ കോളേജിന് നല്‍കിയതായി രേഖയുണ്ട്. അതിനുശേഷം ടാറിങ് എങ്ങിനെ നടന്നുവെന്ന് ചോദിക്കുമ്പോള്‍ റീ ഡിസൈന്‍ ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും വാക്കാല്‍ ടാറിങിന് അനുമതി വാങ്ങിയെന്നാണ് നഗര അസിസ്റ്റന്റ് എന്‍ജിനീയര്‍ പറയുന്നത്.
ടാറിങ് പ്രവര്‍ത്തി നടത്തിയതിനു പിന്നില്‍ അഴിമതിയും ഗൂഢാലോചനയുമാണ് എന്നാണ് ആരോപണം. മുന്‍പ് മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന്റെ കാര്യത്തിലും ചെയര്‍മാന്‍ കൗണ്‍സിലില്‍ ആലോചിക്കാതെ 89 ലക്ഷത്തോളം രൂപ അനുവദിച്ചതിലും ബസ് സ്റ്റാഡ് യാര്‍ഡ് ടാറിങ്ങിലും ഡ്രൈനേജ് നിര്‍മാണത്തിലും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."