ജീവിതം പകര്‍ത്തിയ 'ഏതേതോ സരണികളില്‍; സി.വിക്ക് മൂന്നാംവട്ടം സാഹിത്യ അക്കാദമി പുരസ്‌കാരം
ചെറുവത്തൂര്‍: കഥ വിരിഞ്ഞ മണ്ണിലൂടെ കഥാപാത്രങ്ങളെ തേടിയുള്ള സി.വിയുടെ യാത്രയ്ക്ക് അംഗീകാരത്തിന്റെ തിളക്കം. സി.വി ബാലകൃഷ്ണന്റെ 'ഏതേതോ സരണികളില്‍' എന്ന യാത്രാ വിവരണമാണ് കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പിലിക്കോട് എരവിലിലെ ദിശയെന്ന വീട്ടിലേക്ക് മൂന്നാംവട്ടം എത്തിയ സാഹിത്യ അക്കാദമിയുടെ അംഗീകാരം.
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സി.വി തന്റെ ബാല്യ-കൗമാരത്തിലെ ഓര്‍മകള്‍ രേഖപ്പെടുത്തിയ പരല്‍മീന്‍ നീന്തുന്ന പാടമെന്ന കൃതിക്ക് ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2014 ല്‍ ലഭിച്ചു.
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസിന്റെ പുസ്തകത്തിനണ്ട്രപചോദനമായ സെന്റ്പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുരമായ യാത്രയാണ് ഏതേതോ സരണികള്‍.
സത്യജിത്റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍ സര്‍ക്കാര്‍, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, മദര്‍ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതില്‍ കടന്നുവരുന്നു. സമരതീക്ഷ്ണമായ ഒരു കാലവും.
ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാര്‍ക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ഒപ്പം, ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും. യാത്രയും അനുഭവങ്ങളും ഓര്‍മകളും ചേരുന്നതാണ് ഏതേതോ സരണികളില്‍.കൊല്‍ക്കത്തയില്‍ നിന്നു പിന്നീട് ജോലി ചെയ്തിരുന്ന മാലോത്ത് കസബ എന്ന ഗ്രാമത്തിലും അവിടെ അധ്യാപകനായി ജോലി ചെയ്തിരുന്ന മാലോത്ത് കസബ സ്‌കൂളിലും എഴുത്തിനായി സി.വി സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."