ദുരിതംപേറി പെരുമ്പാവൂര്‍ ഇ.എസ്.ഐ ഡിസ്പന്‍സറി തെരുവ് നായ്ക്കളുടേയും പാമ്പുകളുടേയും ഇടത്താവളം
പെരുമ്പാവൂര്‍: മഴക്കാല രോഗങ്ങള്‍ തിമര്‍ത്താടുമ്പോഴും പെരുമ്പാവൂര്‍ ഇ.എസ്.ഐ ഡിസ്പന്‍സറിയുടെ സ്ഥിതി ദയനീയം. കാലവര്‍ഷം കനത്തതോടെ ഡിസ്പന്‍സറിക്ക് സമീപം തെരുവ് നയ്കളുടേയും പാമ്പിന്റേയും ശല്യം വര്‍ധിച്ചു.
വര്‍ഷങ്ങളായി ഡിസ്പന്‍സറി വക മൂന്ന് ഏക്കര്‍ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ ഡോക്ടറുടെ ക്യാബിനില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതായി പറയുന്നു.
ആളുകള്‍ കൂടിയപ്പോഴേക്കും പാമ്പ് സമീപത്തെ കാട്ടിലേക്ക് ഇഴഞ്ഞ് കയറിയതായി ജീവനക്കാര്‍ പറഞ്ഞു. കൂടാതെ തെരുവ് നായ്കളുടേയും മരപ്പട്ടികളുടേയും താവളമായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ കൊതുകിന്റെ ശല്യവും ഏറെയാണ്. ഇത് കൊണ്ടെല്ലാം തന്നെ ഡിസ്പന്‍സറി ജീവനക്കാരും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും വലയുകയാണ്. ഡിസ്പന്‍സറി കെട്ടിടങ്ങള്‍ക്ക് നടത്താറുള്ള വാര്‍ഷീക മെയിന്റനന്‍സ് ഇവിടെ നടത്തിയിട്ട് കാലങ്ങളായി.
കഴിഞ്ഞ ദിവസം മഴയത്ത് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് കഷ്ണം ഒരു രോഗിയുടെ മേല്‍പതിച്ചത് ഏറെ നേരത്തെ വാക്കേറ്റത്തിന് ഇടവരുത്തിയിരുന്നു. ഡിസ്പന്‍സറിയോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് വന്‍ മരങ്ങള്‍ ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണുള്ളത്. കൂടാതെ ഇത് പരിസരത്തെ വീടുകള്‍ക്കും ഭീക്ഷണിയാണ്. ഇത് മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് അസ്സോസിയേഷനും പരിസരവാസികളും നഗരസഭ അധികൃതര്‍ക്കും ഇ.എസ്.ഐ അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
1986-ല്‍ 3100 ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്കായി ആരംഭിച്ച ഡിസ്പന്‍സറി ഇന്ന് 40,000 കുടുംബങ്ങളിലായി ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഈ ഡിസ്പന്‍സറിയെ ആശ്രയിക്കുന്നത്. ആരംഭഘട്ടത്തിലുള്ള സ്റ്റാഫുകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ഡോക്ടര്‍മാരോ ജീവനക്കാരോ ഇഴിടെയില്ല. അവശരായ രോഗികള്‍ മണിക്കൂറുകളോളം കാത്തിരുന്നാല്‍ പോലും ആവശ്യമാണ് മരുന്ന് ലഭിക്കാറില്ല.
കൂടാതെ ഇവിടത്തെ ക്ലീനിംഗ് ജോലികള്‍ക്കായി താല്‍ക്കാലികമായി നിയമിച്ചിരുന്ന ജീവനക്കാരനെ പിരിച്ച് വിട്ടതുമൂലം ക്ലാസ് ഫോര്‍ ജീവനക്കാരാണ് ക്ലീനിംഗ് ജോലികള്‍ ചെയ്യുന്നത്. ഇതോടെ രോഗികള്‍ക്ക് ചീട്ട് എടുത്ത് കൊടുക്കാന്‍ താമസം നേരിടുകയാണ്.
അസംഘടിത മേഖലയിലെ വളരെയധികം തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപടിയിലേക്ക് ആയിട്ടുമില്ല.
ദുരിതമനുഭവിക്കുന്ന പെരുമ്പാവൂര്‍ ഇ.എസ്.ഐയുടെ അവസ്ഥക്ക് മാറ്റം വരാന്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഗുണഭോക്താക്കളുടേയും ഡിസപന്‍സറി ജീവനക്കാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."