പ്രചാരണം വ്യാജം: അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബബിയ' സുഖമായിരിക്കുന്നു
കാസര്‍കോട്: സരോവരം ക്ഷേത്രം എന്നറിയപ്പെടുന്ന കുമ്പള അന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സസ്യാഹാരിയായ ദൈവിക മുതലായ ബബിയ സുഖമായിരിക്കുന്നുവെന്നും ബബിയ മരിച്ചെന്ന നവമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാഴ്ച മുന്‍പാണ് ബബിയ മുതല മരിച്ചുവെന്ന് നവമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍ പൂര്‍ണ ആരോഗ്യമുള്ള ബബിയ ഇപ്പോഴും ക്ഷേത്രക്കുളത്തിലുണ്ട്. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വിശദീകരണം നല്‍കിയിട്ടും വ്യാജപ്രചാരണം തുടരുകയാണ്.
ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കുമ്പള പൊലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സന്ദേശം ഷെയര്‍ ചെയ്ത 20 പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ബംഗളുരുവില്‍നിന്നു സന്ദേശത്തിന്റെ ഉത്ഭവമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷകളിലാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 14ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസുമാസ്റ്ററും സംഘവും ക്ഷേത്രത്തിലെത്തി ബബിയ മുതലയെ കണ്ടിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ മഹാലിംഗ ഭട്ട്, ജയപ്രകാശ് ഷെട്ടി, ഉദയകുമാര്‍ ഷെട്ടി, ഗോപാലകൃഷ്ണ മുഖാരി, ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ രമാനാഥ ഷെട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."