സി.എ.എ വിരുദ്ധ സമരത്തിനുനേരെ സംഘ് പരിവാറിന്റെ അക്രമണം, മരണം രണ്ടായി: പത്തിടങ്ങളില്‍ നിരോധനാജ്ഞ
ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സമരത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം രണ്ടായതായി റിപ്പോര്‍ട്ട്. മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചെന്നാണ് വിവരം. നേരത്തെ ഒരു പോലിസുകാരന്‍ മരിച്ചിരുന്നു. 37 പേര്‍ക്ക് പരിക്കേറ്റതായി ദില്ലി പൊലിസ് വ്യക്തമാക്കിയിരുന്നു. ഇവരിലൊരാളാണ് മരിച്ചതായി വാര്‍ത്തയുള്ളത്. സംഘര്‍ഷ സാധ്യത ഏറെയുള്ള ഒന്‍പത് സ്ഥലങ്ങളില്‍ പൊലിസ് നിലയുറപ്പിച്ചിട്ടുണ്ട്. ജഫ്രാബാദ്, സീലംപൂര്‍, മൗജ്പൂര്‍, ഗൗതംപുരി, ഭജന്‍പുര, ചന്ദ് ബാഗ്, മുസ്തഫാബാദ്, വസിറാബാദ്, ശിവ് വിഹാര്‍ എന്നിവിടങ്ങളില്‍ പൊലിസിനെ വിന്യസിച്ചിട്ടുള്ളത്.
സംഘര്‍ഷത്തിന് പിന്നാലെ വടക്കു കിഴക്കന്‍ ദില്ലിയില്‍ എട്ട് കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ജന്‍പഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകള്‍ കൂടി അടച്ചു. സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ മെട്രോ ട്രെയിന്‍ മാറിക്കയറാനുള്ള സംവിധാനം ഉണ്ടാകും. നേരത്തെ ദില്ലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചിരുന്നു. ട്രംപ് ദില്ലിയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചത്.
പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്നുള്ള പ്രതിഷേധം വീണ്ടും അക്രമാസക്തമാവുകയായിരുന്നു.
ജഫ്രാബാദിനടുത്തുള്ള മോജ്പൂരിലും ഭജന്‍പുരയിലുമാണ് സംഘര്‍ഷം രൂക്ഷമായത്. മോജ്പൂരില്‍ ഇരുവിഭാഗം തമ്മിലുണ്ടായ കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് ദില്ലി ഗോകുല്‍പുരി പൊലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ മരിച്ചത്. കല്ലേറില്‍ സഹദ്ര ഡി.സി.പിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വ്യാപകമായി അക്രമം നടത്തിയവര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടര്‍ന്നു. നിരവധി വീടുകളും കടകളും കല്ലേറില്‍ തകര്‍ന്നു. ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. കല്ലേറിലാണ് പൊലിസുദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റത്. പത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."