കരിങ്കല്‍ക്വാറികള്‍ ജലസ്രോതസുകള്‍ക്ക് ഭീഷണി; സമരത്തിനൊരുങ്ങി നാട്ടുകാര്‍
ബേഡകം: കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ജല സ്രോതസുകള്‍ക്കും വീടുകള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. ബേഡഡുക്ക പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട മരുതളത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കെതിരേയാണ് പ്രതിഷേധം ശക്തമാവുന്നത്. അനുമതിയോടെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വേനല്‍ ശക്തമായതോടെ ക്വാറികളുടെ ഖനനം കാരണം ഈ പ്രദേശത്തെ ജലസ്രോതസുകള്‍ വറ്റി കൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ പത്തോളം കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതിനു പുറമെ ക്വാറികളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തുമ്പോള്‍ തെറിച്ചുവരുന്ന കരിങ്കല്‍ ചീളുകള്‍ സമീപത്തെ വീടുകളുടെ മേല്‍ക്കൂരയില്‍ പതിച്ച് ഓടുകള്‍ തകരുന്നതും പതിവായിരിക്കുകയാണ്.
കാര്‍ഷിക മേഖലയിലെ വരുമാനം ആശ്രയിച്ച് കഴിയുന്നവരാണ് ഈ പ്രദേശത്തെ ഭൂരിഭാഗം ജനവും. ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനം കാരണം ജലാശയങ്ങള്‍ വറ്റാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. മരുതളത്ത് എട്ടോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
അതിനു പുറമെ പുതിയതായി ഒരു ക്വാറിക്ക് കൂടി അനുമതി നല്‍കിയിരിക്കുകയാണ്.
ജനകീയ കണ്‍വന്‍ഷന്‍ ചേര്‍ന്ന് മരുതളം സംരക്ഷണ സമിതിക്ക് രൂപം നല്‍കി സമര പരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."