പൊട്ടന്‍പാറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശ്ശേരി: പിണറായി പൊട്ടന്‍പാറയില്‍ നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ബോംബെറിഞ്ഞും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നത്. വിദ്യാര്‍ഥിനി ഉള്‍പ്പടെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. വിദ്യാര്‍ഥിനിയും നാല് സി.പി.എം പ്രവര്‍ത്തകരും തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് ഉള്ള്യേരി മെഡിക്കല്‍ കോളജിലുമാണ് ചികിത്സ തേടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു പ്രദേശത്ത് അക്രമങ്ങള്‍ക്ക് തുടക്കമായത്.
പിണറായി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊട്ടന്‍പാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളന്‍കുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്ത് ക്ഷണിച്ചതിനെ തുടര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകന്‍ പി. സായന്തിനെ(26)ബി.ജെ.പി.പ്രവര്‍ത്തകര്‍ തടഞ്ഞ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് ആരോപണം. യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ക്കു നേരെ ബോംബേറുണ്ടായി. സംഭവ സമയമാണ് സായന്തിന്റെ സഹോദരിയും വിദ്യാര്‍ഥിനിയുമായ ആര്യ(17), മറ്റ് സി.പി.എം പ്രവര്‍ത്തകരായ കുണ്ടുകുളങ്ങര രാജേഷ്(26), ടി. കാര്‍ത്തിക് (28) എന്നിവര്‍ക്ക് പരുക്കേറ്റത്. പ്രത്യാക്രമണമായി നടന്ന ബോംബേറിലാണ് ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി സി.രാജേഷ് (34), പ്രവര്‍ത്തകരായ സി. സനോജ്(38), അഭിജിത്ത് (24) എന്നിവര്‍ക്ക് പരുക്കേറ്റത്. അക്രമ സംഭവങ്ങളില്‍ രണ്ടു പേരെ പൊലിസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലുള്ള സമയത്താണ് ആക്രമണ പരമ്പരകള്‍ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."