ദേശീയതയും ദേശസ്‌നേഹവും
രാഷ്ട്രീയ സ്വയം സേവക് സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അനുയായികളോടു പറഞ്ഞ ചില കാര്യങ്ങള്‍ ആലോചനാമൃതമാണ്; അതില്‍ ഒരു ആത്മവിമര്‍ശനത്തിന്റെ കണികകളുണ്ട്. സമകാല ഇന്ത്യയില്‍ അത്തരം ചില പുനര്‍വിചിന്തനങ്ങള്‍ അനിവാര്യമാണ് എന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മോഹന്‍ ഭാഗവത് പറഞ്ഞ ഒരു കാര്യം ഭാഷയുടെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ചാണ്. 'ദേശം, ദേശീയത, ദേശസ്‌നേഹം തുടങ്ങിയ പ്രശ്‌നങ്ങളാണ് അദ്ദേഹം ചര്‍ച്ചാ വിഷയമാക്കിയത്. രാജ്യങ്ങള്‍ക്കു അതിരുകളുണ്ട്; നല്ല അയല്‍ക്കാര്‍ക്കും നല്ല അതിരുകളുണ്ട്. എന്നാല്‍ ഈ അതിരുകള്‍ പരസ്പരം ബഹുമാനപൂര്‍വം പെരുമാറുന്നതിനും നല്ല അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. അതിനപ്പുറം, അയല്‍ക്കാരനെ ശത്രുവായി കാണുന്നതും അയാളുടെ നാശത്തിനു വേണ്ടി മാത്രം ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സംസ്‌കാരചിത്തരായ ഒരു ജനതതിക്ക് ഉചിതമല്ല' എന്നാണ് ആര്‍.എസ്.എസ് നേതാവ് അനുയായികളെ ഉപദേശിച്ചത്.
ദേശവും ദേശസ്‌നേഹവും നല്ലതാണ്; എന്നാല്‍ ഉപരിപ്ലവവും പരസമൂഹ വിരോധത്തില്‍ അധിഷ്ഠിതവുമായ ദേശീയത ആപത്കരമായിത്തീരും എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഇത് അടിസ്ഥാനപരമായ ഒരു ദിശാമാറ്റത്തിന്റെ സൂചനയാണോ എന്നറിയില്ല. എന്തായാലും, നാഷണലിസം അഥവാ ദേശീയത എന്ന സങ്കല്‍പനം ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ദര്‍ശനത്തിന്റെ അടിസ്ഥാനശിലയാണ്. ഭാഗവതിന്റെ പൂര്‍വസൂരിയും ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകുമായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ രണ്ടു പുസ്തകങ്ങളില്‍ ഒന്നാമത്തേത് വിചാരധാര എന്ന പേരില്‍ അറിയപ്പെടുന്നു; പ്രസ്ഥാനത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങള്‍ അതിലാണ് അദ്ദേഹം വിശദീകരിക്കുന്നത്. രണ്ടാമത്തെ പുസ്തകം വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്നതാണ്. നമ്മുടെ ദേശരാഷ്ട്ര സങ്കല്‍പത്തിന്റെ പരിവാര ഭാഷ്യമാണ് അതിലുള്ളത്.
ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ശത്രുക്കളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഹിന്ദു രാഷ്ട്രത്തിന്റെ ശത്രുക്കളായി അദ്ദേഹം നിരീക്ഷിക്കുന്നത് ക്രൈസ്തവര്‍, മുസ്‌ലിംകള്‍, കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ്. ഈ മൂന്ന് കൂട്ടരും ഹിന്ദുക്കളുടെ ശത്രുക്കളാണ് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇന്ത്യന്‍ ദേശീയതയുടെ ആദ്യകാലം മുതല്‍ ഇത്തരത്തിലുള്ള വിഭാഗീയതയുടെയും സാമൂഹിക വിഭജനത്തിന്റെയുമായ സങ്കല്‍പത്തെ രാഷ്ട്രം തിരസ്‌കരിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശംസിക്കാനും ഇന്ത്യയുടെ രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സഹായവും പങ്കാളിത്തവും സ്വാഗതം ചെയ്യാനും മടികാണിക്കാതിരുന്ന ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലും ആര്‍.എസ്.എസിന്റെ ദേശീയതാ സങ്കല്‍പത്തിലെ ഈ ശത്രു, മിത്ര വിഭജനത്തിന്റെ അതിരടയാളങ്ങളിലെ അപകടങ്ങളെക്കുറിച്ച് ബോധവാനായിരുന്നു. ഗാന്ധി വധത്തിനുശേഷം ആര്‍.എസ്.എസിന്റെ നിരോധനത്തിന് സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര വകുപ്പ് തയാറായത്, ഈ വധത്തില്‍ പ്രസ്ഥാനത്തിന് ധാര്‍മികമായ ഉത്തരവാദിത്വമുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
ഗാന്ധി വധത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വം സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ആര്‍.എസ്.എസ് നിരന്തരമായി ശ്രമിച്ചുവന്നത്. ഗാന്ധിയെ കൊന്നതു തങ്ങളുടെ പ്രസ്ഥാനത്തിലെ അംഗമല്ല എന്ന് അവര്‍ അവകാശപ്പെടുന്നു; സാങ്കേതികമായി അതു ശരിയുമാണ്. എക്കാലവും വിനായക് ദാമോദര്‍ സവര്‍ക്കറുടെ ശിഷ്യനായിരുന്ന നാഥുറാം ഗോഡ്‌സെ സാങ്കേതികമായി ആ പ്രസ്ഥാനത്തില്‍ അംഗമായിരുന്നില്ല. പക്ഷെ ആര്‍.എസ്.എസ് തങ്ങളുടെ കുടുംബം പോലെയായിരുന്നു എന്നു പറയുന്നത് നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെയാണ്.
എന്താണ് വിഷമയമായ ഈ അന്തരീക്ഷത്തിനു തിരികൊളുത്തിയത് എന്ന് ഇപ്പോള്‍ ഏഴുപതിറ്റാണ്ടുകള്‍ക്കു ശേഷം സംഘ്പരിവാരത്തില്‍ തന്നെ ചില പുനരാലോചനകള്‍ നടക്കുന്നു എന്നതിന്റെ ലക്ഷണമാണ് മോഹന്‍ ഭാഗവതിന്റെ സമീപകാലത്തെ വാക്കുകള്‍. നാല്‍പതുകളിലെ യുദ്ധോത്സുകമായ അന്തരീക്ഷത്തില്‍ ദേശീയതയെ സംബന്ധിച്ച മാരകമായ ചില ആശയങ്ങളാണ് ആര്‍.എസ്.എസ് തങ്ങളുടെ രാഷ്ട്ര സങ്കല്‍പത്തിന്റെ അടിസ്ഥാന ശിലയായി സ്വീകരിച്ചത്. അന്നത് അത്രയൊന്നും മാരകമായി പലരും കണ്ടിരുന്നില്ല. ഉദാഹരണത്തിന് യൂറോപ്പില്‍ ഹിറ്റ്‌ലറും മുസോളിനിയും പ്രചരിപ്പിച്ച ആര്യവംശ മേധാവിത്തത്തിന്റെ ആശയങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള നാസി പ്രചാരവേലയും ഇന്ത്യയിലെ ദേശീയ നേതാക്കളില്‍ കൂടുതല്‍പേരെ അലോസരപ്പെടുത്തിയതായി കാണാന്‍ കഴിയുന്നില്ല.
ജവഹര്‍ലാല്‍ നെഹ്‌റു ഇക്കലത്തു യൂറോപ്പ് സന്ദര്‍ശിക്കുകയും അവിടെ വളര്‍ന്നുവരുന്ന നാസി-ഫാസിസ്റ്റ് അതിതീവ്രവാദ പ്രസ്ഥാനങ്ങളുടെ ആപത്തു സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വത്തിനും ഗാന്ധിജിക്കും കത്തുകള്‍ അയക്കുകയും ചെയ്തിരുന്നു. കമലാ നെഹ്‌റുവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മാസങ്ങളോളം നെഹ്‌റുവിനു യൂറോപ്പില്‍ കഴിയേണ്ടി വന്നു. അതിനാല്‍ എന്താണ് ചുറ്റിലും നടക്കുന്നത് എന്ന കാര്യം അദ്ദേഹത്തിനു ബോധ്യമായിരുന്നു. ജര്‍മനിയില്‍ നിന്ന് ജൂതവംശജര്‍ കൂട്ടത്തോടെ നാടുവിടുന്ന കാലമായിരുന്നു അത്. യൂറോപ്പിലെ കിഴക്കന്‍ രാജ്യങ്ങളില്‍ നാസിപ്പട കൈയേറ്റം നടത്തുകയും ജൂതരെ കൂട്ടത്തോടെ തടങ്കല്‍ പാളയങ്ങളിലേക്കു അയക്കുകയും ചെയ്യുന്ന അവസരമായിരുന്നു അത്. നാസി തടങ്കല്‍ പാളയങ്ങളില്‍ ദശലക്ഷക്കണക്കിന് ജൂതരാണ് കൊല്ലപ്പെട്ടത്. അതേപോലെ ജര്‍മനിയിലും ഫ്രാന്‍സിലും മറ്റുരാജ്യങ്ങളിലും അന്നു പ്രബലമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ നാസികള്‍ തകര്‍ത്തതും അക്കാലത്താണ്.
ഇതൊന്നും പക്ഷെ ഇന്ത്യയില്‍ വലിയ ചലനമുണ്ടാക്കിയില്ല എന്നതിന്റെ തെളിവ് കോണ്‍ഗ്രസില്‍ ഇടതുപക്ഷക്കാരനായി അറിയപ്പെടുകയും ത്രിപുരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജിയുടെ സ്വന്തം നോമിനി പട്ടാഭി സീതാരാമയ്യയെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസ് യുദ്ധകാലത്തു ഇന്ത്യയില്‍നിന്ന് കടന്നു നേരെപോയതു ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ സവിധത്തിലേക്കാണ് എന്ന സത്യമാണ്. ജര്‍മനിയില്‍നിന്ന് അവരുടെ കപ്പലിലാണ് നേതാജി പിന്നീട് ജപ്പാനിലെത്തുന്നതും അവരുടെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിക്കുന്നതും. അതായതു ഹിറ്റ്‌ലറും മുസോളിനിയും ജനറല്‍ ടോജോയും അടങ്ങിയ ലോക ഫാസിസ്റ്റ് മുന്നണിയുടെ ആഗോള ഭീഷണി തിരിച്ചറിഞ്ഞു അതില്‍നിന്ന് അകന്നു നില്‍ക്കാന്‍ നേതാജിക്കുപോലും സാധ്യമായില്ല.
ഇന്ന് ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് തന്നെയാണ്. ആര്‍.എസ്.എസിന്റെ ദേശീയതാ സങ്കല്‍പമാണ് രാജ്യത്തെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന മിക്കയാളുകളെയും നയിക്കുന്നത്. അത് ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും കടംകൊണ്ട, കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ യുറോപ്പിനെയാകെ സര്‍വനാശത്തിന്റെ വക്കിലേക്കു നയിച്ച ഒരു ആശയ മണ്ഡലമാണെങ്കില്‍ അത്തരമൊരു മലീമസമായ ദര്‍ശനം രാജ്യത്തെ എവിടെക്കൊണ്ടത്തിക്കും എന്ന് ആലോചിക്കുന്നത് നല്ലതാണ്.
ഇതില്‍ നിന്ന് ചില പാഠങ്ങള്‍ ആര്‍.എസ്.എസും കണ്ടെത്തുന്നു എന്നതിന് തെളിവാണ് ദേശീയത അഥവാ നാഷണലിസം എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ അതിന്റെ ഹിറ്റ്‌ലര്‍ ബന്ധത്തെക്കുറിച്ചു ഓര്‍മിക്കണം എന്ന മോഹന്‍ ഭാഗവതിന്റെ ഉപദേശത്തില്‍ അടങ്ങിയിരിക്കുന്നത്. പക്ഷെ അതുകൊണ്ടു മാത്രം കാര്യമായില്ല. എന്തുകൊണ്ട് ഗാന്ധിജി സ്വയം ഒരു സനാതന ഹിന്ദുവായി വിശേഷിപ്പിക്കുമ്പോള്‍ പോലും ഇന്ത്യയിലെ സര്‍വസമുദായങ്ങളുടെയും ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും അതിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തു എന്ന് ആര്‍.എസ്.എസ് ആലോചിക്കേണ്ട സമയമാണിത്. കാരണം അതിന്റെ വിഷമയമായ ചിന്തകള്‍ രാജ്യത്തെയാകെ വിധ്വംസകമായ അന്തരീക്ഷത്തിലേക്കു നയിച്ചുകഴിഞ്ഞിരിക്കുന്നു. ദേശീയതയെ പരവിരോധത്തിന്റെയും സാമൂഹിക ഭിന്നതയുടെയും ഏറ്റുമുട്ടലിന്റെയും ഭാഷയിലാണ് അവര്‍ ഇത്രയും കാലം അനുയായികള്‍ക്ക് വിശദീകരിച്ചു കൊടുത്തത്.
കാറ്റു വിതച്ചവന്‍ കൊടുങ്കാറ്റ് കൊയ്യും എന്നാണ് യേശു ക്രിസ്തു പറഞ്ഞത്. നാല്‍പതുകളില്‍ കാറ്റുവിതച്ച ആര്‍.എസ്.എസ് അന്ന് തന്നെ കൊടുങ്കാറ്റ് കൊയ്തതിന്റെ അടയാളമായിരുന്നു ഗാന്ധി വധം. ഇന്ന് ഇന്ത്യന്‍ ദേശീയതയെ പാകിസ്താന്‍ എന്ന ശത്രുരാജ്യത്തിന്റെ ഭീഷണമായ നിഴലില്‍ നിര്‍ത്തിയാണ് സംഘ്പരിവാര്‍ നാടെങ്ങും പ്രവര്‍ത്തിക്കുന്നത്. എതിരാളികളെ പാകിസ്താനിലേക്ക് ഓടിക്കും എന്നാണ് അവരുടെ ഭീഷണി. അതൊരു ഇമ്പാച്ചിയാണ്; അതുണ്ടാക്കുന്ന വിഷമയമായ അന്തരീക്ഷം രാജ്യത്തെയാകെ നശിപ്പിക്കും. അതിന്റെ ലക്ഷണങ്ങള്‍ ഇന്ന് ഇന്ത്യയിലെങ്ങും പ്രകടമാണ്. ഇന്ത്യയുടെ ഒന്നാം വിഭജനത്തിനു ഉത്തരവാദിയായി അവര്‍ക്കു സൗകര്യപൂര്‍വം ജിന്നയെ കിട്ടി. ഇനിയിപ്പോള്‍ രണ്ടാം വിഭജനത്തിനു അവര്‍ തങ്ങളെത്തന്നെയല്ലാതെ മറ്റാരെയാണ് ഉത്തരവാദികളായി കണ്ടെത്തുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."