ഉപഭോക്തൃ കോടതിയില്‍ ജഡ്ജിയില്ല; കെട്ടിക്കിടക്കുന്നത് 900 കേസുകള്‍
കണ്ണൂര്‍: ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ മൂന്നു മാസമായി ജഡ്ജ് ഇല്ലാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. കാലാവധി തീര്‍ന്നു ജഡ്ജ് പോയിട്ടു മൂന്നു മാസത്തോളമായിട്ടും പുതിയ ജഡ്ജിനെ ഇതുവരെയും നിയമിച്ചിട്ടില്ല. ഇതേതുടര്‍ന്നു 900ത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
വാഹനങ്ങള്‍, തുണിത്തരങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയിലെ കേടുപാടുകളും വിവിധ സേവനങ്ങളിലെ പിഴവുകള്‍ കാരണമുള്ള പരാതികളുമായാണു ഗുണഭോക്താക്കള്‍ ഉപഭോക്തൃ കോടതിയില്‍ എത്തുന്നത്. ഇത്തരം കേസുകള്‍ വര്‍ഷങ്ങളോളം നീട്ടി വെക്കാതെ എത്രയും പെട്ടെന്നു തീര്‍പ്പാക്കണം എന്നാണ് നിയമം. മുന്‍പ് ഉണ്ടായിരുന്ന ജഡ്ജ് വിരമിക്കുന്നതിനു ആറുമാസം മുന്‍പ് പുതിയ ജഡ്ജിയെ നിയമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കാലാവധി കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ജഡ്ജിയെ നിയമിക്കാത്തത് മറ്റു ജീവനക്കാര്‍ക്കും ബാധ്യത കൂടുകയാണ്. പുതിയ ജഡ്ജ് വരാതെ കേസുകള്‍ ഒന്നും തീര്‍പ്പാക്കാന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പണം നല്‍കി വാങ്ങിയ സാധനമോ സേവനമോ തൃപ്തികരമല്ലെങ്കില്‍ പരിഹാരം കാണാനുള്ള മാര്‍ഗമാണ് ഉപഭോക്തൃ ഫോറങ്ങള്‍. സാധനങ്ങള്‍, സേവനം നല്‍കിയ സ്ഥാപനത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാം.
അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്കു ജില്ലാ ഫോറത്തിലും അഞ്ചു മുതല്‍ പത്തു വരെ ലക്ഷം രൂപയുടെ ഇടപാടുകള്‍ക്കു സംസ്ഥാന ഫോറത്തിലും അതിനു മേലുള്ളവയ്ക്കു ദേശീയ ഫോറത്തിലുമാണു പരാതി നല്‍കേണ്ടത്. ജില്ലാ ഫോറത്തിന്റെ വിധിയില്‍ തൃപ്തിയില്ലെങ്കില്‍ സംസ്ഥാന ഫോറത്തിലും സംസ്ഥാന ഫോറത്തിന്റെ വിധി തൃപ്തികരമല്ലെങ്കില്‍ ദേശീയ ഫോറത്തിലും അപ്പീല്‍ നല്‍കാം. പക്ഷെ ജില്ലാതലത്തില്‍ സാധനങ്ങളുമായി ബന്ധപ്പെട്ട പലകേസുകളും തീര്‍പ്പാക്കാതെ വരുമ്പോള്‍ ഉപഭോക്താവിനു കൃത്യസമയത്തു നിയമസഹായം ലഭിക്കുന്നതിനു കാലതാമസം വരും. സാധനങ്ങള്‍ തിരികെ ലഭിക്കുകയോ മറ്റോ ചെയ്യേണ്ട അവസരത്തില്‍ കേസ് നീണ്ടു പോകുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."