അസമില്‍ പുറത്താക്കല്‍ സ്ലിപ്പുകള്‍ നല്‍കാതെ എന്‍.ആര്.സി ഡയരക്ടറേറ്റ്
ന്യൂഡല്‍ഹി: അസം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കു പുറത്താക്കല്‍ സ്ലിപ്പുകള്‍ നല്‍കാതെ എന്‍.ആര്.സി ഡയരക്ടറേറ്റ്. 2019 ഓഗസ്റ്റ് 31ന് അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ പുറത്താക്കപ്പെട്ടവര്‍ക്കു സ്ലിപ്പുകള്‍ നല്കാന് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് പുറത്താക്കി എന്ന് വിശദീകരിച്ചാണ് സ്ലിപ്പുകള്‍ നല്‍കുക. പുറത്താക്കലിനു കാരണം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത് വൈകുന്നത്. ഈ സ്ലിപ്പുകള്‍ ലഭ്യമായാല്‍ മാത്രമേ അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി പേരെ പിന്നീട് പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ കാര്യമാണ് പ്രധാനമായും എന്‍.ആര്.സി ഡയരക്ടറേറ്റിനെ കുഴക്കുന്നത്. ഒഴിവാക്കാന്‍ കാരണം എന്തെഴുതുമെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ നിര്‍ദേശം തേടി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതിയതായി എന്‍.ആര്.സി ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പൗരത്വപ്പട്ടിക തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയ പേരുകള്‍ പിന്നീട് ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. തയാറാക്കിയ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടതിനു ശേഷമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഒഴിവാക്കുമ്പോള്‍ കാരണം വിശദീകരിക്കാന്‍ കഴിയില്ലെന്നും ഡയരക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."