ജല വിതരണം മാനദണ്ഡങ്ങള്‍ പാലിക്കാതെ...
കാക്കനാട്: എല്ലാ താലൂക്കുകളിലും കടുത്ത ജലക്ഷാമം അനുഭവപ്പെട്ടതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ജലവിതരണം നടത്തുന്നവര്‍ക്ക് ചാകര തുടങ്ങി. എന്നാല്‍ കൊയ്ത്തിനിടയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജല വിതരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ജില്ലയില്‍ 400ഓളം ടാങ്കര്‍ ലോറികളാണ് പ്രതിദിനം വിവിധ ഭാഗങ്ങളില്‍ ജല വിതരണം നടത്തുന്നത്.
6,000, 12,000, 22,000 35,000 എന്നിങ്ങനെ വിവിധ അളവുകളിലുള്ള ടാങ്കറുകളിലാണു വിതരണം. 7,00 മുതല്‍ 2,500 രൂപവരെയാണ് ഒരു ടാങ്കര്‍ വെള്ളത്തിന് ഈടാക്കുന്നത്. പ്രതിദിനം ചെറുതും വലുതുമായ 500ഓളം ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നാണ് എറണാകുളം ജില്ലാ ഡ്രിങ്കിങ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കണക്ക്. ശരാശരി 12,000 ലിറ്റര്‍ വെള്ളമാണ് ഒരു ടാങ്കറിലെത്തിക്കുന്നതെന്ന് കണക്കാക്കിയാല്‍ ദിവസം നാല് കോടി ലിറ്റര്‍ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്.
കാക്കനാട്, കളമശ്ശേരി, ആലുവ, അങ്കമാലി, കോലഞ്ചേരി, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകളില്‍ നിന്നും വെള്ളമെടുക്കുന്നുവെന്നാണ് പറയുന്നത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, വാണിജ്യവ്യാപാര സമുച്ചയങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍, വലിയ ചടങ്ങുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം വെള്ളവുമെത്തിക്കുന്നത്. പ്രധാനമായി നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചാണ് ജലവിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം. ആരോഗ്യവകുപ്പാണ് ജല വിതരണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതും നിയന്ത്രിക്കേണ്ടതും.
കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ ഉള്‍വശം തുരുമ്പെടുക്കാതിരിക്കാന്‍ പെയിന്റടിക്കണമെന്നതാണ് മാനദണ്ഡങ്ങളിലൊന്ന്. ടാങ്കറിനു പുറത്ത് മൂന്നു വശങ്ങളിലും മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്ഷരത്തില്‍ കുടിവെള്ളം എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഈ രണ്ട് മാനദണ്ഡങ്ങളും മിക്ക ടാങ്കറുകളും പാലിക്കുന്നുണ്ട്. എന്നാല്‍ ജല ശേഖരണത്തിലും വിതരണത്തിലുമാണു മാനദണ്ഡങ്ങള്‍ കാറ്റില്‍ പറക്കുന്നത്.
ജല സ്രോതസ് ശുദ്ധമാണോയെന്ന് ഉറപ്പ് വരുത്താന്‍ എല്ലായിടത്തുമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.രാസമാലിന്യം വരെ നിറഞ്ഞ ജല സ്രോതസ്സുകളില്‍ നിന്നു നേരിട്ട് വെള്ളമെടുത്ത് പരിശോധനകളൊന്നും കൂടാതെയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.
ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ കാണിക്കാന്‍ കാക്കനാട്ട് റീജനല്‍ അനലിറ്റിക്കല്‍ ലാബില്‍ വെള്ളം പരിശോധിച്ച് ശുദ്ധത ഉറപ്പാക്കിയതിന്റെ സാക്ഷ്യപത്രം കരുതിയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും മറ്റെതെങ്കിലും കിണറിലെ വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റായിരിക്കും അവരുടെ കൈവശമുണ്ടായിരിക്കുക.
സെപ്ടിക് ടാങ്ക് മാലിന്യം കയറ്റുന്ന ടാങ്കര്‍ കുടിവെള്ള വിതരണത്തിനു ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ടാങ്കറില്‍ പുഴയില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ പിടികൂടിയ സംഭവവുമുണ്ടായിട്ടുണ്ട്. ശുദ്ധിയുള്ള വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡം പാലിക്കുവാനും തട്ടിപ്പ് നടത്തുന്നുണ്ട്.
ശുചിത്വമുള്ള കിണറിലെ വെള്ളം ശേഖരിച്ച് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങും. എന്നാല്‍ വിതരണം ചെയ്യുന്നത് സര്‍ട്ടിഫിക്കറ്റ് നേടിയ വെള്ളമായിരിക്കില്ലെന്നു മാത്രം.
അശുദ്ധമായ വെള്ളം വിതരണം ചെയ്യുന്നുണ്ടോയെന്നറിയാന്‍ ആരോഗ്യ വകുപ്പ് ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ടെന്നാണ് പറയുന്നത്. ഇതെല്ലാം വെള്ള വിതരണത്തില്‍ ശുദ്ധത ഉറപ്പാക്കാന്‍ മതിയാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതായി
പഠന റിപ്പോര്‍ട്ട്
ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാംവിധം താഴുന്നതായി പഠന റിപ്പോര്‍ട്ട്. ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ലോക ബാങ്ക് സഹായത്തോടെ നടത്തുന്ന നാഷണല്‍ ഹൈഡ്രോളജിക് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജില്ലയുടെ ചില ഭാഗങ്ങളില്‍ രണ്ടു മീറ്ററിലധികം ഭൂഗര്‍ഭ ജലം ഉള്‍വലിഞ്ഞതായി പഠനത്തില്‍ കണ്ടെത്തി.അങ്കമാലി, പാറക്കടവ്, പാമ്പാക്കുട, വൈറ്റില തുടങ്ങിയ പ്രദേശങ്ങളിലാണ് രണ്ടുമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് താണത്.
കുഴല്‍ക്കിണര്‍ നിര്‍മാണമാണ് ഭൂഗര്‍ഭ ജലനിരപ്പ് കുറയന്നതിനുള്ള മറ്റൊരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.ഏകദേശം 567 മില്യണ്‍ ക്യൂബിക് മീറ്റര്‍ ഭൂജലമാണ് ജില്ലയിലുള്ളതെന്നാണ് കണക്ക്. ഇതില്‍ 57 ശതമാനത്തോളം വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വേനല്‍മഴിയിലൂടെയും അല്ലാതെയും വെള്ളം ഭൂമിയിലേക്കിറങ്ങുന്നതിനാല്‍ ഉപയോഗത്തിന്റെയനുസരിച്ച് ഗണ്യമായി കുറയാറില്ല.
കുഴല്‍ കിണറിനായി നെട്ടോട്ടം
വേനലില്‍ കിണറുകള്‍ വറ്റി തുടങ്ങിയതോടെ ജില്ലയില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കാന്‍ ആളുകള്‍ നോട്ടോട്ടമോടുന്നു. ദിവസേന നിരവധി കുഴല്‍ കിണറുകളാണ് ഓരോ പ്രദേശങ്ങളിലും നിര്‍മിക്കുന്നത്. എന്നാല്‍ കുഴല്‍ നിര്‍മാതാക്കള്‍ ഈ അവസരം വന്‍ചൂഷണത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.ഒരു ചെറിയ കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ ചുരുങ്ങിയത് ഒരുലക്ഷം രൂപ ചെലവുവരും. മണ്ണിനടിയില്‍ ഏറെ ആഴത്തിലല്ലാതെ പാറ കണ്ടാല്‍ മാത്രമാണ് അല്‍പം ആശ്വാസമുണ്ടാവുക.
കിണര്‍ താഴ്ത്തി പി.വി.സി. പൈപ്പ് സ്ഥാപിക്കുന്നതിന് അടിക്ക് 450 മുതല്‍ 600 രൂപവരയാണ് നിരക്ക്. ഭൂരിഭാഗം മുനിസിപ്പിലാറ്റികളിലും പഞ്ചായത്തുകളിലും കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളുണ്ട്. ഇത്തരം ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് കിണര്‍ നിര്‍മാണത്തിനാവശ്യമായ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പരമ്പരാഗത ജലസംരക്ഷണ സ്രോതസുകളായ കുളങ്ങളും തലക്കുളങ്ങളും പ്രകൃതിദത്ത ഉറവകളും 60 ശതമാനത്തോളം നശിച്ചതാണ് ഗ്രാമത്തില്‍പ്പോലും കുഴല്‍ക്കിണര്‍ പിടിമുറുക്കാന്‍ കാരണമായത്.
എങ്ങുമെത്താതെ പദ്ധതികള്‍
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഒരു ദിവസം മുടങ്ങിയാല്‍ മതി തൃക്കാക്കര നഗരസഭ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍. കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണു നഗരസഭ പ്രദേശത്തെ സമാന്തര കുടിവെള്ള പദ്ധതികളായ മൈക്രോ കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികളാകുന്നത്.കിണറുകള്‍ക്ക് മുകളില്‍ ടാങ്ക് സ്ഥാപിച്ച് കിണറ്റില്‍ നിന്നെടുക്കുന്ന ശുദ്ധജലം പരിസര പ്രദേശത്തെ വീടുകളില്‍ എത്തിക്കുന്നതാണ് മൈക്രോ കുടിവെള്ള പദ്ധതി. എന്നാല്‍ ഒരോ വാര്‍ഡുകളിലുമായി സ്ഥാപിച്ച രണ്ടും മൂന്നും മൈക്രോ കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തന രഹിതമായത്.
കടുത്ത വരള്‍ച്ച മുന്‍നിര്‍ത്തി നഗരസഭ ഭരണസമിതി നോക്കുകുത്തികളായ മൈക്രോ കുടിവെള്ള പദ്ധതികള്‍ പുനരാരംഭിച്ചാല്‍ താത്ക്കാലിക പരിഹാരം ആകും. കാക്കനാട് തുതിയൂര്‍ പാലച്ചുവടിന് സമീപം വര്‍ഷങ്ങളായി മുങ്ങിക്കിടക്കുന്ന അമ്പലപ്പാറയില്‍നിന്ന് വെള്ളമെടുത്ത് പ്രദേശത്ത് ശുന്ധജലം വിതരണം ചെയ്യുന്നതാണ് നിര്‍ദിഷ്ട പദ്ധതി. മുന്‍ ഭരണ സമിതിയുടെ കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന തൃക്കാക്കര പ്രദേശത്ത് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ 80 ശതമാനം ഫണ്ട് വിനിയോഗിച്ച് അമ്പലപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതിനായി പാറമടയില്‍നിന്ന് വെള്ളമെടുക്കാനും നിശ്ചയിച്ചു. പാറമടയില്‍നിന്ന് വെള്ളമെടുക്കാന്‍ ഉടമക്ക് പ്രതിമാസം നൂറു രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ടുവര്‍ഷമായിട്ടും പാറമട ഉടമക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിക്കാത്തതിനാല്‍ പാറമട ഉടമ പിന്മാറിയതാണ് പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം.
എന്നാല്‍ ഇപ്പോഴത്തെ ഭരണ സമിതി അമ്പലപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കി കാക്കനാട് പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ ഭൂരിഭാഗം ജനങ്ങളും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."