പാകിസ്താനെ തള്ളിപ്പറയാതെ, ഇന്ത്യയെ തലോടി ട്രംപ്
അഹമ്മദാബാദ്: ഇന്ത്യയിലെ ഗംഭീര സ്വീകരണത്തിനിടയിലും പാകിസ്താനുമായുള്ള അടുത്ത ബന്ധം ഉറപ്പിച്ചു പറഞ്ഞ് ട്രംപ്. പാകിസ്താനുമായുള്ള ഞങ്ങളുടെ ബന്ധം വളരെ നല്ലതാണെന്ന് അടിവരയിട്ടു പറയാന്‍ ട്രംപ് തയ്യാറായി. ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ ട്രംപ് അതിന്റെ ഭാഗമായി പാക് അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി.
പൗരന്മാരെ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണെന്നു പറഞ്ഞെങ്കിലും ലഷ്‌കറെ ത്വയ്യിബ പോലുള്ള സംഘടനകള്‍ അതിര്‍ത്തി കടന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയെ വിമര്‍ശിക്കാന്‍ ട്രംപ് തയ്യാറായില്ല. ഐ.എസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ച കാര്യം അദ്ദേഹം പരാമര്‍ശിച്ചത് യു.എസിന്റെ ഭീകരവിരുദ്ധ നിലപാട് വ്യക്തമാക്കാനായിരുന്നു.
ഇന്ത്യക്ക് ആയുധങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനം പോലും യു.എസ് ആയുധ കമ്പനികളുടെ നേട്ടമായേ നിരൂപകര്‍ കാണുന്നുള്ളൂ. ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് പ്രത്യേകിച്ച് നേട്ടമില്ലെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്ന പ്രകടനമാണ് ട്രംപിന്റെ ആദ്യദിന പ്രസംഗങ്ങളില്‍ കണ്ടത്.
തിരിച്ചുവരരുതെന്ന് ട്രംപിനോട് യു.എസ്
പൗരന്‍; ഇവിടെ വേണ്ടെന്ന് ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് വൈറ്റ്ഹൗസിന്റെ ചിത്രം വച്ച് ട്രംപ് ഇങ്ങനെ എഴുതി, മെലാനിയയുടെ കൂടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നു. എന്നാല്‍ അതിന് താഴെ 'തിരിച്ചു വരരുതെന്ന് 'എഴുതിയ അമേരിക്കന്‍ പൗരന്‍ ടോണി പോസ്‌നാസ്‌കിയുടെ കമന്റാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്രംപിനെ ഇവിടെ ആവശ്യമില്ലെന്ന് ഇന്ത്യക്കാരും തിരിച്ചടിച്ചു.
അദ്ദേഹത്തിന്റെ കൂട്ടുകാരനുമായി(മോദിയുമായി) ഞങ്ങള്‍ക്കിവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇനി അദ്ദേഹത്തിന്റെ ഭാരം കൂടി ചുമക്കാനാകില്ല. ഇങ്ങനെയൊക്കെയാണ് ഇന്ത്യക്കാര്‍ ഇതിനോട് പ്രതികരിച്ചത്.
ഈ വിഷയത്തില്‍ നാമൊക്കെ ഒരേ വേവ് ലങ്ത്താണെന്നാണ് മലയാളി ട്രോളര്‍മാരുടെ കമന്റ്. ഇരുവര്‍ക്കും ഏറെ സാമ്യങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. ഇരുവരുടെയും സാമ്യതയായ കുടിയും വലിയും ഇല്ലെന്ന വിശേഷണം ഹിറ്റ്‌ലറിനുമുണ്ടായിരുന്നെന്ന വസ്തുതയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."