ക്ഷേത്രപരിസരത്തെ കെട്ടിടങ്ങളില്‍ സുരക്ഷാ പരിശോധന
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അതീവ സുരക്ഷാമേഖലയിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപരിസരത്തെ കെട്ടിടങ്ങളില്‍ തീപിടിത്ത സാധ്യത കണ്ടെത്തുന്നതിന് അടിയന്തര പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ക്ഷേത്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളിലാണ് പരിശോധന. ഇതിനായി കെ.എസ്.ഇ.ബി., കോര്‍പ്പറേഷന്‍, പുരാവസ്തു വകുപ്പ്, റവന്യൂ, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കെട്ടിടത്തിന്റെ കാലപ്പഴക്കം, നിര്‍മാണരീതി, ഇലക്ട്രിക്കല്‍ വയറിങ് സംബന്ധിച്ച വിശദാംശങ്ങള്‍, കെട്ടിടത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീപിടുത്തസാധ്യത അനുസരിച്ച് കെട്ടിടങ്ങളെ തരംതിരിക്കുമെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിറുത്തി ആവശ്യമെങ്കില്‍ റീ വയറിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്ന് തീപിടുത്ത സാധ്യതകള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം മുന്‍തൂക്കം നല്‍കുന്നതെന്നും കെട്ടിട ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും എ.ഡി.എം. അഭ്യര്‍ഥിച്ചു. യോഗത്തില്‍ ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ. വിജയ, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."