ദേശീയ വിരവിമുക്ത ദിനം: വിദ്യാലയങ്ങളില്‍ ഇന്ന് ഗുളികകള്‍ വിതരണം ചെയ്യും
എടച്ചേരി: ദേശീയ വിരമുക്ത ദിനത്തിന്റെ ഭാഗമായി ഇന്ന് വിദ്യാലയങ്ങളില്‍ വിരശല്യത്തിനെതിരെയുള്ള ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും.
സംസ്ഥാന ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ ഡയരക്ടരുടെ ഉത്തരവും സ്‌കൂളുകളിലെത്തി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇതു സംബന്ധിച്ച പ്രത്യേക സര്‍ക്കുലറും സ്‌കൂളിലെത്തിച്ചിട്ടുണ്ട്.
ഒരു വയസു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളിക നല്‍കേണ്ടത്.
സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലാത്ത കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളികകള്‍ വിതരണം ചെയ്യും. അല്ലാത്ത കുട്ടികള്‍ക്ക് അങ്കണവാടി ജീവനക്കാര്‍ വഴി വീടുകളില്‍ ഗുളിക എത്തിക്കും. ഒരു വയസിനും രണ്ടു വയസിനും ഇടയിലുള്ള കുട്ടികള്‍ പകുതി വീതവും രണ്ടിന് മുകളിലുള്ളവര്‍ ഓരോ ഗുളിക വീതവുമാണ് കഴിക്കേണ്ടത്.
ഇതു സംബന്ധിച്ച് ബോധവല്‍കരണം നടത്താനും ഗുളികകള്‍ വിതരണം ചെയ്യാനും ആരോഗ്യ വകുപ്പിനാണ് അധികാരം.
മുന്‍ വര്‍ഷങ്ങളില്‍ മുഴുവന്‍ സ്‌കൂളിലെയും ഓരോ അധ്യാപകനെ വീതം ഉള്‍പ്പെടുത്തി ഓരോ പ്രദേശങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഇതു സംബന്ധിച്ച ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.
സ്‌കൂള്‍ ഉച്ചഭക്ഷണത്തിനു ശേഷം വെള്ളത്തോടൊപ്പം ചവച്ചരച്ചു കഴിക്കേണ്ട ഈ ഗുളികയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."