ചെങ്കോട്ട-ന്യൂ ആര്യങ്കാവ് റെയില്‍പാത ഉദ്ഘാടനം ചെയ്തു
കൊല്ലം: ചെങ്കോട്ട-ന്യൂ ആര്യങ്കാവ് റെയില്‍പാത സമര്‍പ്പണം കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു ചെന്നൈയില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വ്വഹിച്ചു. തത്സമയം ചെങ്കോട്ട റയില്‍വേ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമര്‍പ്പണോദ്ഘാടനത്തിന്റെ ചെങ്കോട്ട ശിലാഫലകം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യും തെങ്കാശി എം.പി വാസന്തി മുരുകേശനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.
മൂന്ന് മാസത്തിനുള്ളില്‍ അവശേഷിക്കുന്ന ഇടമണ്‍ മുതല്‍ ന്യൂ ആര്യങ്കാവ് വരെയുള്ള ഭാഗം പണി പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്യുമെന്ന് പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.ശിലാഫലകം അനാച്ഛാദനം ചെയ്ത ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ ചെങ്കോട്ട മുതല്‍ ന്യൂ ആര്യങ്കാവ് വരെയും പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുമുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാലുടന്‍ സര്‍വ്വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുള്ള റീച്ചിന്റെ സമര്‍പ്പണം പ്രത്യേകമായി നടത്തും.
2010 ല്‍ പുനലൂര്‍ ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനു മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും പുനരാരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയ റയില്‍വേ മന്ത്രാലയത്തിനെയും റയില്‍വേ ഉദ്യോഗസ്ഥരെയും പ്രേമചന്ദ്രന്‍ അഭി
നന്ദിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന റൂട്ടായി ഈ പാത മാറും. പുനലൂര്‍ ചെങ്കോട്ട പാത പൂര്‍ണ്ണമായും കമ്മിഷന്‍ ചെയ്ത് കഴിയുമ്പോള്‍ യാത്രക്കാരുടെ ഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും വളരെയേറെ സൗകര്യപ്രദമാകും. തെന്മല, പാലരുവി, കുളത്തൂപ്പുഴ തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും പാത ഗുണപ്രദമാകും. സമര്‍പ്പണ സമ്മേളനത്തില്‍ തെങ്കാശി എം.പി വാസന്തി മുരുകേശന്‍, അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ്‌സുരേഷ്ബാബു, മധുര ഡിവിഷണല്‍ റയില്‍വേ മാനേജര്‍ സുനില്‍കുമാര്‍ ഗാര്‍ഗ്, എം. നാസര്‍ഖാന്‍, തെന്മല ശശിധരന്‍, ടോമിച്ചന്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പാതസമര്‍പ്പണ സമ്മേളനത്തിനുശേഷം പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സമര്‍പ്പിച്ച ന്യൂ ആര്യങ്കാവ് റയില്‍വേ സ്റ്റേഷന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സന്ദര്‍ശിച്ചു. സ്റ്റേഷനില്‍ നാട്ടുകാര്‍ പ്രേമചന്ദ്രന് ഊഷ്മളമായ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."