ഓപറേഷന്‍ തണ്ടര്‍: കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി
കരുനാഗപ്പള്ളി: വിജിലന്‍സ് നടത്തിയ 'ഓപറേഷന്‍ തണ്ടറി'ല്‍ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. കാഷ് ബുക്ക് പ്രകാരം പൊലിസ് സ്‌റ്റേഷനില്‍ കാണേണ്ടിയിരുന്ന 80,000 രൂപ കണ്ടെത്താന്‍ കഴിഞ്ഞില്ല. പണം എവിടെയെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ കേസ് സംബന്ധിച്ചും രേഖകളില്ലായിരുന്നു. വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നത് അന്യായമായായിരുന്നു. പെറ്റിക്കേസ് പ്രകാരം ചുമത്തുന്ന പിഴ ഈടാക്കാനുള്ള രസീത് പുസ്തകമായ ടി.ആര്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതും തിരികെ ഏല്‍പ്പിക്കുന്നതു സംബന്ധിച്ചും കഴിഞ്ഞ എട്ട് മാസമായി കണക്കും കാണിച്ചിട്ടില്ല. പിഴയിനത്തില്‍ ലഭിച്ച തുക തിരിമറി നടത്തിയതിന് ഉത്തമ ദൃഷ്ടാന്തമായാണ് വിജിലന്‍സ് സംഭവത്തെ വിലയിരുത്തുന്നത്.
കൂടാതെ 140 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. രസീത് നല്‍കാതെ പിടിച്ചുവച്ചിരിക്കുന്ന വാഹനാപകട കേസുകളിലാണ് ഗുരുതരമായ കൃത്യവിലോപം കണ്ടത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വാഹനാപകട കേസുകള്‍ എഫ്.ഐ.ആര്‍ ഘട്ടത്തിനപ്പുറം നീങ്ങിയിട്ടില്ല. കൂടാതെ പൊലിസുകാര്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ അവരുടെ പക്കലുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണമെന്ന ചട്ടം പാലിച്ചിട്ടില്ല. ഇതിനായുള്ള രജിസ്റ്റര്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറേയായി.
പരാതികള്‍ പൂഴ്ത്തുന്നതും വാഹനാപകട കേസുകള്‍ വച്ചു താമസിപ്പിക്കുന്നതും പിന്നിട് വന്‍തുക വിലപേശി ചില ഏജന്റുമാര്‍ മുഖേനെ അഴിമതിക്ക് കളമൊരുക്കാനാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സ് തിരുവനന്തപുരം മേഖലാ എസ്.പി ജയശങ്കറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീമാണ് സ്റ്റേഷനില്‍ പരിശോധന നടത്തിയത്. എസ്.പിയുടെ ഓഫിസിലെ മറ്റ് ടീമുകള്‍ ഒരേ സമയം ശക്തികുളങ്ങര, പുനലൂര്‍, കൊട്ടാരക്കര, സ്റ്റേഷനുകളിലും പരിശോധന നടത്തായിരുന്നു.
ഇവിടെ കാര്യമായ കുഴപ്പങ്ങള്‍ കണ്ടെത്താനായില്ല. കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചാത്തന്നൂര്‍, കുണ്ടറ, അഞ്ചല്‍ പൊലിസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. സംസ്ഥന വ്യാപകമായാണ് ഓപ്പറേഷന്‍ തണ്ടര്‍ നടന്നത്. ഇതോടെ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന്റെ ജനമൈത്രി പൊലിസ് സ്റ്റേഷന്‍ എന്ന പേരിന് കളങ്കം പുറത്താവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."