ചാത്തന്നൂരിന് വിട: യാത്ര പറഞ്ഞത് സൗമ്യസാന്നിധ്യം
കൊട്ടിയം: വിടപറഞ്ഞ പത്രപ്രവര്‍ത്തകനും കവിയുമായ ചാത്തന്നൂര്‍ മോഹന്‍ സൗമ്യതയുടെ പ്രതിരൂപമായിരുന്നു. എപ്പോഴും പ്രസന്നവദനായി കാണുന്ന, തന്റെ മുന്നില്‍ വരുന്നവരോട് വലിപ്പം ചെറുപ്പം നോക്കാതെ ഇടപഴകുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
കൊല്ലത്തു നിന്നു പ്രസിദ്ധീകരിക്കുന്ന പ്രഭാതരശ്മി എന്ന മാസികയുടെ അസോഷ്യേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. നാടക ഗാനരചനയില്‍ ശ്രദ്ധേയനായിരുന്ന മോഹന്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കടലിരമ്പുന്ന ശംഖ് എന്ന കവിത സമാഹാരത്തിന് കെ ദാമോദരന്‍ അവാര്‍ഡ് ലഭിച്ചു. കവിതകള്‍ കൂടാതെ ലേഖന സമാഹാരങ്ങളും ബാലസാഹിത്യവും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.
മൂന്നുദശാബ്ദത്തോളം കേരള കൗമുദിയിലായിരുന്നു മോഹന്റെ പത്രപ്രവര്‍ത്തനജീവിതം. മാധ്യമപ്രവര്‍ത്തനജീവിതത്തില്‍ കെ പി അപ്പനുമായി നടത്തിയ അഭിമുഖം മോഹന് വളരെയേറെ ശ്രദ്ധനേടിക്കൊടുത്ത ഒന്നായിരുന്നു. ശിവകാമി, കടലിരമ്പുന്ന ശങ്ക, ഏകാന്ത പ്രണയത്തിന്റെ നൂറ് വര്‍ഷങ്ങള്‍(കവിതകള്‍), കെ പി അപ്പനെക്കണ്ട് സംസാരിക്കുമ്പോള്‍(അഭിമുഖം), ക്ഷേത്രക്കുന്നിലെ നാഗമാണിക്യം (ബാലസാഹിത്യം), ഇന്ദ്രനീലം, അമ്മവാത്സല്യം (നാടകം), കഥകളും കടന്ന് കാക്കനാടന്‍(ലേഖനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.
ചാത്തന്നൂരില്‍ വിശ്വനാഥന്റെയും ഭാര്‍ഗ്ഗവിയുടേയും മകനായി ജനിച്ച മോഹന്‍ ചാത്തന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പുനലൂര്‍ എസ്.എന്‍. കോളജ്, കൊല്ലം ശ്രീനാരായണ കോളജ്,കൊല്ലം കര്‍മലറാണി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സംസ്‌കാരം ഇന്നലെ വൈകിട്ട് കുടുംബവീടായ ചാത്തന്നൂര്‍ താഴംതെക്ക് മോഹനവിലാസത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."