കണക്കന്‍കടവിലെ താല്‍ക്കാലിക ബണ്ട് തകര്‍ന്നു
മാള: ചാലക്കുടി പുഴയിലേക്ക് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനായി കണക്കന്‍കടവില്‍ നിര്‍മാണം നടത്തിയ താല്‍ക്കാലിക മണല്‍ ബണ്ട് തകര്‍ന്നു. കഴിഞ്ഞ രാത്രി പുലര്‍ച്ചെ 2.45 ഓടെയാണ് ബണ്ട് തകര്‍ന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു.
രണ്ടു മാസം മുന്‍പ് ഡ്രഡ്ജറുപയോഗിച്ച് പണിത മണല്‍ ബണ്ടാണ് വേലിയേറ്റത്തിന്റെ ശക്തിയില്‍ തകര്‍ന്നത്. ഇതോടെ കുഴൂര്‍, പാറക്കടവ്, അന്നമനട, കുന്നുകര ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കടലില്‍ നിന്നുമുള്ള ഉപ്പുവെള്ളം ചാലക്കുടിപ്പുഴയില്‍ കലരുന്നതോടെ ഈ ഗ്രാമപഞ്ചായത്തുകളിലെ ജനജീവിതം ദുസഹമാകും. കൊടുങ്ങല്ലൂരിലേക്കടക്കമുള്ള ജലനിധി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് ചാലക്കുടിപ്പുഴക്കരികിലുള്ള വൈന്തലയിലെ പമ്പിങ് കേന്ദ്രത്തില്‍ നിന്നാണ്. ഈ പദ്ധതിയടക്കമുള്ള കുടിവെള്ള ജലസേചന സംവിധാനങ്ങളെ ചാലക്കുടിപ്പുഴയിലെ ഉപ്പുവെള്ളം ദോഷകരമായി ബാധിക്കും. നിലവില്‍ തന്നെ കുണ്ടൂരിലെ പമ്പിങ് കേന്ദ്രങ്ങളില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ഉപ്പിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്ന അവസ്ഥയാണ്. കാര്‍ഷിക മേഖലകളെയും ഉപ്പുവെള്ളം ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. മണല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് 600 ഓളം തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് ചാക്കില്‍ മണല്‍ നിറച്ച് ബണ്ടിന്റെ പൊട്ടിയ ഭാഗങ്ങളില്‍ സ്ഥാപിച്ചതോടെ ഭാഗികമായി ഉപ്പുവെള്ളത്തെ തടയാനായിട്ടുണ്ട്.
എന്നാല്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ ബണ്ട് വീണ്ടും തകരാന്‍ സാധ്യത ഏറെയാണ്. രണ്ട് മാസം മുന്‍പ് മണല്‍ ബണ്ടുണ്ടാക്കിയ ഡ്രഡ്ജര്‍ സമീപത്തുണ്ട്. മണല്‍ ബണ്ട് തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അടിയന്തരമായി മണല്‍ ബണ്ട് ഡ്രഡ്ജറുപയോഗിച്ച് പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് കുഴൂര്‍ മണ്ഡലം പ്രസിഡന്റ് എം എ ജോജോ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."