യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ വീതംവയ്ക്കാനുള്ള നീക്കം പൊളിഞ്ഞു
.
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളെ വീതംവയ്ക്കാനുള്ള ഗ്രൂപ്പുകളുടെ നീക്കം തകര്‍ത്ത് ദേശീയ നേതൃത്വം. സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് പ്രഖ്യാപിച്ചതാണ് സമവായത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കരുനീക്കിയ എ, ഐ വിഭാഗങ്ങള്‍ക്കു തിരിച്ചടിയായത്.
അതേസമയം, സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരമൊഴിവാക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന, ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 26, 27 തിയതികളിലാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ്. 26ന് തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളിലും 27ന് കൊല്ലം, പത്തനംതിട്ട ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. ഐ.വൈ.സി സെല്‍ഫ് വോട്ടിങ് ആപ്ലിക്കേഷന്‍ എന്ന മൊബൈല്‍ ആപ്പിലൂടെ വോട്ട് ചെയ്യണം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറന്നാല്‍ അംഗത്വം ചേര്‍ക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. ഈ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ക്യാമറ ഓണ്‍ചെയ്ത് സ്വന്തം മുഖം പകര്‍ത്തണം. ഈ ഫോട്ടോ നേരത്തെ നല്‍കിയതുമായി ഒത്തുനോക്കും. ഇതിനു ശേഷമേ വോട്ട് രേഖപ്പെടുത്താനാവൂ. എവിടെ നിന്നും വോട്ട് ചെയ്യാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.
സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചിട്ടുണ്ട്. സെല്‍ഫ് വോട്ടിങ് ആപ്പ് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനായി അതാത് ഗ്രൂപ്പുകള്‍ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ഫോണ്‍ നമ്പര്‍ മാറിയവര്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്ന അവസ്ഥയുമുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് അംഗത്വമെടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഏതാണെന്ന് പലര്‍ക്കും ഓര്‍മയില്ല.
തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ ഏജന്‍സിയാണ് തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്നത്. 26 പേര്‍ക്കാണ് ജനറല്‍ സെക്രട്ടറിമാരാകാന്‍ അവസരം. 121 പേര്‍ മത്സര രംഗത്തുണ്ട്. കുറഞ്ഞ വോട്ടിന് പുറത്താകുന്നവരില്‍ 35 പേരെ സംസ്ഥാന സെക്രട്ടറിമാരാക്കും. സംസ്ഥാന പ്രസിഡന്റായി എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ എം.എല്‍.എയും സീനിയര്‍ വൈസ് പ്രസിഡന്റായി ഐ ഗ്രൂപ്പിലെ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും തെരഞ്ഞെടുക്കപ്പെടും.
പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ മറ്റ് ആറു പേര്‍ വൈസ് പ്രസിഡന്റുമാരാകും. ജില്ലാ കമ്മിറ്റികളില്‍ സംവരണം ഉള്‍പ്പെടെ 11 ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് മത്സരം. നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കും മിക്കയിടങ്ങളിലും സമവായത്തിലെത്തിയിട്ടുണ്ട്.
27ന് രാത്രിയോടെ തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റികളെ പ്രഖ്യാപിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."