ജോലി വാഗ്ദാനം ചെയ്ത് പ്രവാസികളെയടക്കം കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
ചാലക്കുടി: വിദേശത്തും സ്വദേശത്തും ജോലി, സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സഹായം എന്നിവ വാഗ്ദാനം ചെയ്ത് പ്രവാസികളെയടക്കം കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുദ്ധനെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തു. മോതിരക്കണ്ണി മേപ്പുള്ളി ദിലീപ്(43)നെയാണ് പാലക്കാട് ജില്ലയിലെ മലമ്പാടം എന്ന ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ നിന്നും ചാലക്കുടി പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വി.എസ് വത്സകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പ്രവാസിയായ വനിതയുടെ ഏഴുലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. 2002ല്‍ കോടാലി സ്വദേശിയായ ഹരിയും ദിലീപും ചേര്‍ന്ന് ചാലക്കുടി സിത്താര നഗറില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന കൂടപ്പുഴ സ്വദേശിയെ ഇരുമ്പ് വടികൊണ്ടടിച്ച് വീഴ്ത്തി പതിനയ്യായിരം രൂപ കവര്‍ന്ന കേസിലും 2009ല്‍ മോതിരക്കണ്ണിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാസറ്റ് സെന്ററില്‍ സിനിമകളുടെ വ്യാജ പതിപ്പ് വിറ്റതിനും 2011ല്‍ മോതിരകണ്ണി സ്വദേശിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ അവരുടെ മാതാവ് മരണപ്പെട്ട സമയത്ത് ദിലീപും സംഘവും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും 2013ല്‍ ചാലക്കുടി സ്വദേശിയുടെ ഇന്നോവ കാര്‍ വാടകക്കെടുത്ത് ഉടമയറിയാതെ മറിച്ച് വിറ്റതിനും 2014ല്‍ പ്രതിയും ഭാര്യയും ചേര്‍ന്ന് കണ്ണമ്പുഴ റോഡില്‍ ആരംഭിച്ച ഹോട്ട്‌ലാന്റ് ഡയഗസ്റ്റിക് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ ആഫ്രിക്കയിലേക്ക് വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഏഴ് പേരില്‍ നിന്നായി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തതിലും കേസുകളുണ്ട്.
തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി അവിടേയും നിരവധി തട്ടിപ്പ് നടത്തി. അവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ നാട്ടില്‍ തിരിച്ചെത്തി. സംസ്ഥാനത്തിനകത്തും പുറത്തും വിവിധയിടങ്ങളില്‍ താമസിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
പ്രതിയെ പിടികൂടാനുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജിന്‍മോന്‍, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, റോജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഹൈടെക് പ്രതിയെ കുടുക്കിയത് ചാലക്കുടി പൊലിസ്
ചാലക്കുടി: ഓണ്‍ലൈന്‍ വഴിമാത്രം മറ്റുള്ളവരുമായി ദിലീപ് സമ്പര്‍ക്കം പുലര്‍ത്തിയത് കുറച്ചൊന്നുമായിരുന്നില്ല പൊലിസിനെ വലച്ചത്. കേരളത്തിനകത്തും പുറത്തുമായി താമസിക്കുന്നതിനും ഭക്ഷണത്തിനുമെല്ലാം ദിലീപ് ഓണ്‍ലൈന്‍ സൈറ്റുകളെയാണ് ആശ്രയിച്ചത്. കൂടാതെ പലരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇന്റര്‍നെറ്റ് ഉപയോഗം പോലും. എങ്കിലും ദിലീപിനെ പിന്‍തുടരാന്‍ പൊലിസിനായി. ആലുവായിലും ആലപ്പുഴയിലും കഴക്കൂട്ടത്തും മംഗലാപുരത്തും പിന്നാലെയെത്തിയ പൊലിസ് സംഘത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ഒളിവില്‍ കഴിയുമ്പോഴും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ള സ്വാമിയുടെ അടുത്ത അനുയായി ആണെന്നും സ്വാമിയോട് പറഞ്ഞ് കേന്ദ്ര മന്ത്രിമാരിലും മറ്റും സ്വാധീനം ചെലുത്തി കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് ഏഴു ലക്ഷം രൂപ വരെ പലരില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചിരുന്നു. കൂടാതെ അപ്പോളോ ടയേഴ്‌സില്‍ ഒരു എം.പിയോട് പറഞ്ഞ് ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ഒരാളില്‍ നിന്നും ലക്ഷത്തില്‍പരം രൂപ കൈപ്പറ്റിയിരുന്നു.
സ്‌പൈസസ് ബോര്‍ഡിലും സ്വാധീനം ചെലുത്തി ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും പണം വാങ്ങിയിരുന്നു. ഇരകളോടെല്ലാം ഡി.ജി.എം എന്ന പേരാണ് ദിലീപ് പറഞ്ഞിരുന്നത്. ഹേര്‍ട്ട്‌ലാന്റ് ഡയഗ് നോസ്റ്റിക്‌സിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നാണ് ഇരകളെ വിശദീകരിച്ച് വിശ്വസിപ്പിക്കുന്നത്.
ഇങ്ങനെ വാങ്ങുന്ന പണമുപയോഗിച്ചാണ് ആഡംബര റിസോര്‍ട്ടുകളിലും മറ്റും ആര്‍ഭാട ജീവിതം ഇയാള്‍ നയിച്ചിരുന്നത്.
പൊലിസ് പിടിയിലാവാതിരിക്കാന്‍ പല തന്ത്രങ്ങളും പയറ്റിയെങ്കിലും കോങ്ങാട് ഉള്ള ഒളി സങ്കേതത്തില്‍ വച്ച് ഇരകളിലൊരാളായി അഭിനയിച്ച് വിളിച്ച പൊലിസിന്റെ തന്ത്രത്തില്‍ പണത്തിനോടാര്‍ത്തി പെരുത്ത ദിലീപ് വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."