ദേശീയപാതയില്‍ വീണ്ടും കവര്‍ച്ച; യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈലും തട്ടിയെടുത്തു
ചാവക്കാട്: ദേശീയപാതയോരത്ത് വിശ്രമിക്കാന്‍ നിര്‍ത്തിയിട്ട കാര്‍യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. ദേശീയ പാതയില്‍ പതിവായി നടക്കുന്ന കവര്‍ച്ചാ സംഘമെന്ന് സംശയിക്കുന്ന മൂന്നംഗ സംഘത്തെക്കുറിച്ച് പൊലിസിന് വ്യക്തമായ അറിവ് ലഭിച്ചതായി സൂചന. കോഴിക്കോട് വെസ്റ്റ്ഹില്‍ പുതിയങ്ങാടി അത്താണിക്കല്‍ തൊടിയില്‍ ഷഫീഖിന്റെ മകന്‍ കെ.ടി ഷര്‍ജാസ് (20), കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ അഴീക്കല്‍ ഇഖ്ബാലിന്റെ മകന്‍ സല്‍സാദ് (23), മാട്ടുവയിര്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ സുല്‍ഫിക്കര്‍ (23) എന്നിവരില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തത്.
പണമായി ഇവരുടെ പക്കല്‍ ആറായിരത്തോളം രൂപയാണുണ്ടായിരുന്നത്. മൂന്നുപേരും ഉപയോഗിച്ച മൊബൈല്‍ ഉള്‍പ്പടെ മൊത്തം 60,000രൂപയുടെ കവര്‍ച്ചയാണ് നടന്നത്. ദേശീയപാത അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ ചൊവ്വാഴ്ച്ച രാത്രി 12നും 12.15നുമിടയിലാണ് സംഭവം. നാട്ടികയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് തിരികെ കോഴിക്കോട്ടേക്ക് പോകുന്ന സംഘം വിശ്രമിക്കാനായി കാറിന്റെ നാല് ഡോറുകളും തുറന്നിട്ട് ഉറങ്ങാന്‍ കിടന്നത്. പെട്ടെന്ന് ഒരു ബൈക്കില്‍ മൂവര്‍ സംഘത്തിന്റെ വരവ്. ആദ്യം കഞ്ചാവുണ്ടോ, മയക്കു മരുന്നുണ്ടോ എന്നൊക്കെ ചോദിച്ചതായി യാത്രാ സംഘം പറഞ്ഞു. പിന്നീടാണ് ആയുധം കാട്ടി കൈയിലുള്ള പണവും മൊബൈലുകളും എടുക്കാന്‍ ആവശ്യപ്പെട്ടത്. ജീവഭയം കൊണ്ട് അവര്‍ പറഞ്ഞത് മുഴുവന്‍ അനുസരിച്ചു. സംഘം തിരിച്ചുപോയെങ്കിലും യാത്രക്കാരില്‍ ഒരാള്‍ അവര്‍ സഞ്ചരിച്ച ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മനസില്‍ കുറിച്ചിട്ടത് പ്രതികളെ കുറിച്ചറിയാന്‍ പൊലിസിന് ഗുണമായി. പ്രതികള്‍ ഉടനെ വലയിലാകുമെന്നാണ് സൂചന.
സംഭവമറിഞ്ഞ് കുന്നംകുളം എ.സി.പി ടി.എസ് സിനോജ് വടക്കേകാട് സ്റ്റേഷനിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."