ഹെല്‍മറ്റ് ഇനി മടക്കി സൂക്ഷിക്കാം
കോഴിക്കോട്: ഹെല്‍മറ്റ് സൂക്ഷിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വരും, മടക്കി സൂക്ഷിക്കാവുന്ന ഹെല്‍മറ്റ്. ഇത്തരം ഹെല്‍മറ്റിന്റെ മോഡല്‍ തൊഴിലും നൈപുണ്യവും വകുപ്പ് കോഴിക്കോട് സ്വപ്നനഗരിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ സ്‌കില്‍സ് വേദിയിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി)ലെ വിദ്യാര്‍ഥികളാണ് മൂന്നായി മടക്കി ഉപയോഗിക്കാവുന്ന ഹെല്‍മറ്റുമായി എത്തിയിരിക്കുന്നത്.
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ ഇരുചക്രവാഹനക്കാര്‍ക്ക് ' തലവേദന'യാണ്. യാത്ര കഴിഞ്ഞാല്‍ ഇവ സൂക്ഷിക്കുന്നത് തന്നെയാണ് വലിയ വെല്ലുവിളി. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍. കെ.എസ്.ഐ.ഡി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികളാണ് ഹെല്‍മറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹെല്‍മറ്റ് യാഥാര്‍ഥ്യമായാല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനും സൂക്ഷിക്കാനും കഴിയും. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. ഫവാസ് കിലിയാനി എന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിയാണ് ആശയത്തിന് പിന്നില്‍.
ഹെല്‍മറ്റിന് പുറമെ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന മാസ്‌ക് ഹെല്‍മെറ്റും സംഘം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ട്രഫില്‍ എന്നാണ് ഇതിന്റെ പേര്. മലപ്പുറം സ്വദേശിയായ നിഖില്‍ ദിനേശാണ് ഇതിന് പിന്നില്‍. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കി പുറത്തു നിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന്‍ സഹായിക്കും. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊലിസ് വാക്കി ടോക്കി കണക്ട് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും.
കണ്‍സള്‍ട്ടിങ് സമയത്തിനിടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷര്‍, പള്‍സ് മോണിട്ടറിങ്, ശരീരഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന ഹെല്‍ത്ത് പെര്‍ മെഷിന്‍, റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനുമായി ട്രൈക്ക് എന്ന പേരില്‍ പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."