കരുതല്‍ മനസുകള്‍ക്ക് നന്ദി, കൈവിട്ട് പോയില്ലല്ലോ 'ഭാഗ്യം'
ചെറുവത്തൂര്‍: മങ്ങിയ ഓര്‍മകളില്‍ നിന്നും ഓര്‍ത്തെടുത്ത് ഭാഗ്യലക്ഷ്മി ആ അക്കങ്ങള്‍ മുഴുവിപ്പിച്ചു. വിറയ്ക്കുന്ന ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നുവീണ ആ ഫോണ്‍ നമ്പറുകള്‍ ചേര്‍ത്തുവച്ച് ബത്‌ലഹേമിലെ ഡയറക്ടര്‍ പീറ്റര്‍ ഡയല്‍ ചെയ്തപ്പോള്‍ അങ്ങേതലക്കല്‍ അമ്മയെ ചോദിച്ചു കരയുന്ന കുഞ്ഞുങ്ങളോട് എന്തു പറയണമെന്നറിയാതെ ഉള്ളുനീറി പ്രിയതമയെ തേടി അലയുന്ന പ്രകാശമായിരുന്നു. മലയാള നാട്ടിലെ നന്മ മനസുകളുടെ കരുതലില്‍ അവര്‍ക്കിടയിലെ സങ്കടക്കണ്ണീര്‍ തോര്‍ന്നു. കള്ളാറിലെ ബത്‌ലഹേം അഗതിമന്ദിരത്തില്‍ തമിഴ്‌നാട്ടുകാരായ പ്രകാശവും ഭാര്യ ഭാഗ്യലക്ഷ്മിയും വീണ്ടുമൊന്നായി.
തമിഴ്‌നാട്ടിലെ സേലം സ്വദേശിനിയാണ് ഇരുപത്തിയഞ്ചുകാരിയായ ഭാഗ്യലക്ഷ്മി. രണ്ട് കുട്ടികളുടെ മാതാവ്. ഇടയ്‌ക്കെപ്പോഴോ ഇവരുടെ ഓര്‍മകള്‍ നഷ്ടമായി. ഉറ്റവരുടെ നോട്ടമൊന്ന് പിഴച്ചപ്പോള്‍ ഭാഗ്യലക്ഷ്മി വീടുവിട്ടിറങ്ങി. അലഞ്ഞുതിരിഞ്ഞെത്തിയത് ചീമേനി കരിയാപ്പിലിലേക്ക്. ഇവിടെ ബസ്‌സ്റ്റോപ്പില്‍ അവശയായി ഇരിക്കുന്ന യുവതിയെ കണ്ടപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ചീമേനി പൊലിസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. എസ്.ഐ ദാമോദരന്റെ നേതൃത്വത്തില്‍ പൊലിസുകാരെത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു. പക്ഷെ താന്‍ ആരെന്നോ എന്തെന്നോ പറയാന്‍ ഭാഗ്യലക്ഷ്മിക്ക് ഓര്‍മകളുണ്ടായിരുന്നില്ല. ചീമേനി കൈത്താങ്ങ് കൂട്ടായ്മയുടെ കൂടി സഹായത്തോടെ ഭാഗ്യലക്ഷ്മിയെ കള്ളാര്‍ പെരുമ്പള്ളിയിലെ ബതേ്‌ലഹം അഗതി മന്ദിരത്തിലെത്തിച്ചു. ഡിസംബര്‍ 31 നായിരുന്നു ഇത്.
അഗതി മന്ദിരത്തിലെ ഡയറക്ടര്‍ പീറ്റര്‍ ചേട്ടന്റെയും ഭാര്യ ഷൈജയുടെയും സ്‌നേഹപരിചരണങ്ങള്‍ക്കിടയില്‍ രണ്ട് ദിവസം മുന്‍പ് ഭാഗ്യലക്ഷ്മി ഒരു ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. പീറ്റര്‍ ചേട്ടന്‍ ആ നമ്പറിലേക്ക് വിളിച്ചതോടെയാണ് കൈവിട്ടു പോയ ജീവിതത്തിലേക്കുള്ള വഴി ഭാഗ്യലക്ഷ്മിക്ക് മുന്നില്‍ വീണ്ടും തുറന്നത്. പ്രിയതമ സുരക്ഷിതയായി ഉണ്ടെന്ന വിവരമറിഞ്ഞതോടെ പ്രകാശം കള്ളാറിലേക്ക് പുറപ്പെട്ടു. ഇരുവരുടെയും കണ്ടുമുട്ടല്‍ വികാരനിര്‍ഭരമായിരുന്നു. ഭാഗ്യലക്ഷ്മിയുടെ കവിളുകളില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് പ്രകാശം പൊട്ടിക്കരഞ്ഞു. ഓര്‍മകള്‍ മാഞ്ഞു പോയപ്പോള്‍ അടര്‍ന്നു പോയെങ്കിലും ഓര്‍മകളുടെ ചിറകിലേറി അവര്‍ വീണ്ടുമൊന്നായി.
ഈ പുനസമാഗമത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രകാശത്തിന്റെ അച്ഛന്‍ വീരമണിയും എത്തിയിരുന്നു. ഓര്‍മകള്‍ നഷ്ടപ്പെട്ട് ദിക്കറിയാതെ അലഞ്ഞു തിരിഞ്ഞ ഭാര്യയെ തിരികെത്തന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അവര്‍ നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."