ട്രംപ് രാജ്ഘട്ടില്‍; ഗാന്ധി സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലെത്തി. ഇരുവര്‍ക്കും ആചാരപരമായ വരവേല്‍പ്പ് നല്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും അദ്ദേഹത്തിന്റെ ഭാര്യ സവിത കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ട്രംപിനേയും കുടുംബത്തേയും സ്വീകരിച്ചു. ഇവാന്‍ക ട്രംപും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. പിന്നീട് ട്രംപ് രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അല്‍പ്പസമയത്തിനകം ഹൈദരാബാദ് ഹൗസിലെത്തുന്ന ട്രംപ് മോദിയുമായി ചര്‍ച്ചകള്‍ നടത്തും. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളിലും ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദിട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജന്‍ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."