കെ.എസ്.ആര്‍.ടി.സി ബസില്‍ സ്വകാര്യ ബസിടിച്ചു
ഗതാഗതം തടസപ്പെടുത്തിയതിനു രണ്ടു ഡ്രൈവര്‍മാര്‍ക്കെതിരേ കേസ്
യാത്രക്കാരെ പുറത്തിറക്കിയത് ഡ്രൈവറുടെ വാതില്‍ വഴി
ചെറുവത്തൂര്‍: മത്സരിച്ചോടിയ സ്വകാര്യബസ് കെ.എസ്ആര്‍.ടി.സി ബസില്‍ ഇടിച്ചു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഗതാഗതം തടസപ്പെടുത്തിയതിനു സ്വകാര്യ ബസ് ഡ്രൈവര്‍ മുഹമ്മദ് ഷബീര്‍, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ക്കെതിരേ ചന്തേര പൊലിസ് കേസെടുത്തു.
ഭാഗ്യം കൊണ്ടുമാത്രമാണ് രണ്ടു ബസുകളിലെയും യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതെന്നു യാത്രക്കാര്‍ പറഞ്ഞു. കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും ഒരേ സമയമാണ് ചെറുവത്തൂര്‍ സ്റ്റാന്‍ഡില്‍ എത്തിയത്. സമയത്തെ ചൊല്ലി ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്റ്റാന്‍ഡ് വിട്ടിറങ്ങാന്‍ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ നടുവിലായി പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. വാതിലുകള്‍ തുറന്നു പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാര്‍ ബഹളം വെച്ചു.
മറുവശത്ത് ഷോപ്പിങ് കോംപ്ലക്‌സ് ആയതിനാല്‍ ഡ്രൈവറുടെ വാതില്‍ മാത്രമായിരുന്നു പുറത്തേക്കിറങ്ങാനുള്ള ഏക ആശ്രയം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് ബസില്‍ നിന്ന് ഇറക്കിയത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങളും തടിച്ചു കൂടിയതോടെ ബസുകള്‍ പുറത്തിറങ്ങുന്ന വഴിയില്‍ അരമണിക്കൂറോളം ഗതാഗതതടസമുണ്ടായി. ചന്തേരയില്‍ നിന്നു പൊലിസ് എത്തിയാണ് ബസുകള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ അമിതവേഗതയില്‍ കുതിച്ചു പായുന്നത് വലിയ അപകട ഭീഷണിയുയര്‍ത്തുന്നതായി ജനങ്ങള്‍ പറയുന്നു. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് മൂക്കുകയറിടാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."