ഒന്നാംവിള കുടിശ്ശിക 12 കോടി; പട്ടാമ്പി മേഖലയില്‍ നെല്ലെടുപ്പ് തുടങ്ങി
പട്ടാമ്പി: രണ്ടാംവിള നെല്‍കൃഷി നേരത്തേ തുടങ്ങിയ ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, വടക്കഞ്ചേരി, കണ്ണമ്പ്ര തുടങ്ങിയ മേഖലകളില്‍ നെല്ലുസംഭരണം ഊര്‍ജിതമാവുന്നു. എന്നാല്‍ കൃഷി വൈകിത്തുടങ്ങിയ ചിറ്റൂര്‍, പെരുമാട്ടി, നല്ലേപ്പിള്ളി, കൊല്ലങ്കോട്, വാളയാര്‍, നെന്മാറ, കുഴല്‍മന്ദം, ആലത്തൂര്‍ തുടങ്ങിയ മേഖലകളില്‍ കര്‍ഷകര്‍ ഇനിയും രജിസ്‌ട്രേഷന്‍ നടത്താനുണ്ട്. ഇവര്‍ക്കായി ഒരാഴ്ചത്തെ സമയംകൂടി അനുവദിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
സപ്ലൈകോയുടെ രണ്ടാംവിള നെല്ലുസംഭരണത്തിനായി ജില്ലയില്‍ ഇതുവരെ 34,000-ത്തോളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നാംവിളയ്ക്ക് ജില്ലയില്‍നിന്ന് 82,600 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. കര്‍ഷകര്‍ക്ക് സംഭരണവിലയിനത്തില്‍ 196.3 കോടി രൂപയും വിതരണം ചെയ്തു. പൊതുമേഖലാ ബാങ്കുകളില്‍ പി.ആര്‍.എസ്. നല്‍കിയ 2300 കര്‍ഷകര്‍ക്കായി 12 കോടിയാണ് ഇനി നല്‍കാന്‍ ബാക്കിയുള്ളത്. വായ്പത്തുക ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് ഇവരിലേറെയുമെന്ന് പൊതുവിതരണവകുപ്പ് അധികൃതര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഫണ്ട് ലഭിക്കുന്നമുറക്ക് തുക വിതരണം ചെയ്യും. വെള്ളപ്പൊക്കവും ഓലകരിച്ചില്‍ രോഗവും മൂലം 20 ശതമാനം നെല്‍കൃഷി പൂര്‍ണമായും നശിച്ചിരുന്നു.
ഈ സാഹചര്യത്തിലും ഒന്നാംവിളയ്ക്ക് 82,600 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനായി. രണ്ടാംവിളക്ക് പൊതുവേ അനുകൂല കാലാവസ്ഥയാണ് ജില്ലയിലുള്ളത്. കനാല്‍ വാലറ്റപ്രദേശത്തെ ചില മേഖലകളില്‍ വെള്ളമെത്താത്ത സാഹചര്യമുണ്ടെന്നതൊഴിച്ചാല്‍ മറ്റിടങ്ങളില്‍ മികച്ചവിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ടാംവിളക്ക് ഒരുലക്ഷം മെട്രിക് ടണ്ണിനടുത്ത് നെല്ല് സംഭരിക്കാനാവുമെന്നാണ് പൊതുവിതരണവകുപ്പിന്റെ പ്രതീക്ഷ. ജില്ലയില്‍ നെല്ല് ഉത്പാദനം ഏറെയുള്ള ചിറ്റൂര്‍, ആലത്തൂര്‍, കുഴല്‍മന്ദം മേഖലകളില്‍ ഭൂരിഭാഗം പാടങ്ങളും കതിരിടുന്ന സമയമാണ്. നേരത്തെ കൃഷിയിറക്കിയ ഇടങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊയ്ത്താരംഭിക്കും.
ഇതോടെ ഈ മേഖലയിലും സംഭരണം തുടങ്ങാനാവും. മലമ്പുഴ അണയില്‍നിന്ന് ഫെബ്രുവരി 10 വരെ ജലവിതരണം നടത്തുമെന്ന് ജലസേചനവകുപ്പ് അറിയിച്ചിട്ടുണ്ട്. നെല്‍കൃഷി വൈകി ആരംഭിച്ച ചില ഇടങ്ങളൊഴിച്ച് ആയക്കെട്ട് പ്രദേശങ്ങളില്‍ ഇക്കുറി ജലക്ഷാമം അനുഭവപ്പെടാനിടയില്ലെന്നും ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . ഒന്നാംവിളക്കാലത്ത് മില്ല് ഏജന്റുമാരുടെ നേതൃത്വത്തില്‍ നെല്ലെടുപ്പ് വൈകിപ്പിച്ചും തൂക്കംകുറച്ച് നഷ്ടമുണ്ടാക്കിയതും അടക്കമുള്ള ചൂഷണങ്ങള്‍ തടയാന്‍ രണ്ടാംവിള സംഭരണക്കാലത്ത് പൊതുവിതരണവകുപ്പ് അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."