വനം വകുപ്പ് അഞ്ചു ലക്ഷം രൂപ നല്‍കും
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാല്‍വെളിച്ചം ചാലിഗദ്ദയില്‍ പാറക്കല്‍ ശശി(56)യുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും അടിയന്തര സഹായമായി 20,000 രൂപയും നല്‍കുമെന്ന് വനം വകുപ്പ്. ശശിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലികമായി ജോലി നല്‍കും. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ നടത്തിയ ചര്‍ച്ചയിലാണു നഷ്ടപരിഹാരം നല്‍കാമെന്ന് വനം വകുപ്പ് ഉറപ്പുനല്‍കിയത്.
റവന്യു വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നാലുലക്ഷം രൂപകൂടി കുടുംബത്തിനു ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന വനാതിര്‍ത്തിയില്‍ അടിയന്തരമായി റെയില്‍പ്പാളം ഫെന്‍സിങ് സ്ഥാപിക്കും. വനപാലകരുടെ പട്രോളിങ് ശക്തമാക്കും. പ്രദേശവാസികളായ മൂന്നുപേരെ കൂടി വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായി നിയമിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കാലങ്ങളായുള്ള വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, ശശിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. രാവിലെ ആറോടെയാണു മരണവിവരം നാട്ടുകാരറിഞ്ഞത്. തുടര്‍ന്നു വിവരമറിയിച്ചിട്ടും വനപാലകര്‍ വൈകിയാണു സ്ഥലത്തെത്തിയത്. ഇതോടെ ക്ഷുഭിതരായ ജനക്കൂട്ടം വനപാലകര്‍ക്കു നേരെ തിരിഞ്ഞു. എ.എസ്.പി ജി. ജയദേവ്, മാനന്തവാടി എസ്.ഐ എം.കെ സന്തോഷ്‌കുമാര്‍, തിരുനെല്ലി എസ്.ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തിയാണു രംഗം ശാന്തമാക്കിയത്.
എന്നാല്‍, ജില്ലാ കലക്ടറോ സബ് കലക്ടറോ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാന്‍ അനുവദിക്കൂവെന്ന നിലപാടിലായി നാട്ടുകാര്‍. തുടര്‍ന്ന് തഹസില്‍ദാര്‍ എന്‍.ഐ ഷാജു സ്ഥലത്തെത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. ഇതിനിടെ സ്ഥലത്തെത്തിയ സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവര്‍ക്കുനേരെയും നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."