കാന്‍സറിനേക്കള്‍ മാരകം അസൂയ
ശാരീരിക രോഗങ്ങളിലൊന്നായ കാന്‍സറിനേക്കാള്‍ ഗുരുതരമാണ് മാനസിക രോഗങ്ങളിലൊന്നായ അസൂയ എന്നു പറഞ്ഞാല്‍ വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും ആളെ കിട്ടുമോ എന്നറിയില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും വസ്തുത അതാണ്. ശരീരത്തിനേല്‍ക്കുന്ന കാന്‍സറിനേക്കാള്‍ ഗുരുതരമാണ് മനസിനേല്‍ക്കുന്ന അസൂയ, പക, അഹങ്കാരം പോലുള്ള രോഗങ്ങള്‍.
നോക്കൂ, കാന്‍സര്‍കൊണ്ട് ഈ ലോകത്തു മാത്രമേ അസ്വസ്ഥത ഉണ്ടാകൂ. സഹനം കൈക്കൊണ്ടാല്‍ അതിന്റെ ഫലമായി ദോഷങ്ങള്‍പോലും പൊറുക്കപ്പെടും. എന്നാല്‍ അസൂയമൂലം അസ്വസ്ഥതയുണ്ടാകുന്നത് ഈ ലോകത്തു മാത്രമല്ല പരലോകത്തുകൂടിയാണ്. ദോഷം പൊറുക്കപ്പെടുന്നതിനു പകരം ദോഷമേറുകയാണ് അതുവഴി സംഭവിക്കുക. കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ സഹായസഹകരണങ്ങള്‍ ചെയ്യാന്‍ പലരും മുന്നോട്ടു വരും. അകന്ന പലരും നമ്മോടടുക്കും. പിണങ്ങിയവര്‍ ഇണങ്ങും.
എന്നാല്‍ മനസിന് അസൂയാ രോഗമേറ്റാല്‍ അടുത്ത പലരും നമ്മോട് അകലും. അതുവരെ നല്‍കിയിരുന്ന സഹായസഹകരണങ്ങള്‍ നിഷേധിക്കപ്പെടുക പോലും ചെയ്യും. കാന്‍സര്‍ പലരെയും നല്ല മനുഷ്യരാക്കാറുണ്ട്. അസൂയ എല്ലാവരെയും ചീത്ത മനുഷ്യരാക്കുകയാണു ചെയ്യുക. കാന്‍സര്‍ രോഗിക്ക് ദൈവത്തിന്റെ കൃപ കിട്ടുമ്പോള്‍ അസൂയാ രോഗിക്കു ലഭിക്കുന്നത് അവന്റെ കോപം. കാന്‍സറിനു ശരീരത്തെ തളര്‍ത്താമെങ്കിലും മനസിനെ തളര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അസൂയയ്ക്ക് മനസിനെയും ശരീരത്തെയും തളര്‍ത്താന്‍ കഴിയും. കാന്‍സര്‍ രോഗിയാണെങ്കിലും മനസ് തളരാത്ത കാലത്തോളം സക്രിയമായ പലതും ചെയ്യാന്‍ കഴിയും, ചെയ്യുന്നവരുണ്ട്. അസൂയാ രോഗിക്ക് നിഷ്‌ക്രിയനായിരിക്കാനേ വിധിയുണ്ടാകൂ. പ്രവിശാലമായ ഈ പ്രപഞ്ചം അവനു വളരെ ഇടുങ്ങിയതായി തോന്നും. മനസ് എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും. ഒരാള്‍ക്ക് സ്വര്‍ഗസൗഭാഗ്യം ലഭിക്കാന്‍ അയാള്‍ക്കു ബാധിച്ച കാന്‍സര്‍ മതിയാകും. ഒരാള്‍ക്ക് നരകദൗര്‍ഭാഗ്യം ലഭിക്കാന്‍ അയാള്‍ക്കുള്ള അസൂയ തന്നെ ധാരാളം. കാന്‍സര്‍ രോഗിയാണെങ്കിലും യഥാര്‍ഥ മനുഷ്യനായി ജീവിക്കാം. അസൂയാ രോഗിയാണെങ്കില്‍ മനുഷ്യക്കോലമണിഞ്ഞേ ജീവിക്കാനാകൂ, യഥാര്‍ഥ മനുഷ്യനായി ജീവിക്കാനാവില്ല. അര്‍ബുദബാധ മൂലം ജീവിതപരാജയം നേരിടണമെന്നില്ല. അസൂയബാധ മൂലം ജീവിതംതന്നെ പരാജയപ്പെടും.
കാന്‍സര്‍ ബാധിച്ചാല്‍ സുഖം കുറയുമെങ്കിലും സമാധാനം നഷ്ടപ്പെടണമെന്നില്ല. അസൂയ ബാധിച്ചാല്‍ സുഖവും സമാധാനവും നഷ്ടപ്പെടും. അര്‍ബുദബാധ വഴി ശരീരത്തിനേ മരണം സംഭവിക്കൂ. ജീവിതത്തിന് മരണം സംഭവിക്കണമെന്നില്ല. അസൂയ മൂലം ജീവിതത്തിനാണു മരണം സംഭവിക്കുക. ശരീരം മരിച്ചാലും ജീവിതം മരിക്കരുതെന്നാണ്. മഹാന്മാരുടെ ശരീരം മരിച്ചിട്ടുണ്ടെങ്കിലും അവരുടെ ജീവിതം മരിച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ ജീവിച്ചിരിക്കുന്ന അനേകമാളുകളേക്കാള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നത്. അവരുടെ ജീവിതം പിന്‍തലമുറകള്‍ക്കു വഴികാട്ടിയാകുന്നതും അതുകൊണ്ടുതന്നെ.
ശരീരത്തിനേല്‍ക്കുന്നതല്ല, മനസിനേല്‍ക്കുന്നതാണു ശരിക്കും രോഗം. ശരീരത്തിനു ബാധിക്കുന്ന രോഗത്തേക്കാള്‍ എത്രയോ ഇരട്ടിക്കിരട്ടി ഗുരതരവും ഗൗരവതരവുമാണ് മനസിനു ബാധിക്കുന്ന രോഗങ്ങള്‍. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, നമുക്ക് സഹിക്കാന്‍ പറ്റാത്തത് ശാരീരിക രോഗങ്ങള്‍ മാത്രമാണ്. അതൊട്ടും വച്ചുപൊറുപ്പിക്കാതെ നാം ചികിത്സ തേടും. അതിനായി എത്ര പണവും ചെലവിടും. നാടുനാടാന്തരം ചികിത്സാകേന്ദ്രങ്ങള്‍ നിര്‍മിക്കാനും നാം മുന്നിലാണ്. എന്നാല്‍, നിര്‍ബന്ധമായും ചികിത്സിച്ചു ഭേദമാക്കേണ്ട മാനസിക രോഗങ്ങളെ രോഗങ്ങളായി കാണാനുള്ള മനസുപോലും നമുക്കില്ല. അവയെ ചികിത്സിച്ചു ഭേദമാക്കാനുള്ള ആത്മാര്‍ഥമായ പഠനങ്ങളില്ല. അതിനു പറ്റിയ കേന്ദ്രങ്ങള്‍ നന്നേ വിരളം. അത്തരം രോഗങ്ങളെ ഇല്ലാതാക്കുന്നതിനു പകരം പരമാവധി കൂട്ടാനാണ് നാം ശ്രദ്ധ കൊടുക്കാറുള്ളത്.!
'നിന്റെ ഹാര്‍ട്ടില്‍ കംപ്ലയിന്റ് കാണുന്നുണ്ട്, വേഗം ചികിത്സിച്ചു ഭേദമാക്കണം' എന്നു പറഞ്ഞാല്‍ എല്ലാ ഏര്‍പ്പാടുകളും നിര്‍ത്തി നാം അതിനു പിന്നാലെ ഓടും. 'നിനക്ക് അല്‍പം അഹങ്കാരമുണ്ട്, വേഗം ചികിത്സിച്ചു മാറ്റണം' എന്നു പറഞ്ഞാല്‍ അതില്ലാതാക്കുന്നതിനു പകരം കൂടുതല്‍ അഹങ്കാരിയാവാനല്ലേ മിക്കവരും ശ്രമിക്കുക. പുറമെ അതുവരെ ഇല്ലാതിരുന്ന പക, പ്രതികാരദാഹം, അക്രമവാസന, ധിക്കാരം പോലുള്ള രോഗങ്ങള്‍ ആ കമന്റ് കേള്‍ക്കുക വഴി ജനിക്കുകയും ചെയ്യും.
ശാരീരിക രോഗങ്ങളല്ല, മാനസികരോഗങ്ങളാണ് ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഭീഷണിയും. ശാരീരിക രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നൂതനമായ സംവിധാനങ്ങള്‍ ദിനേനയെന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുമ്പോള്‍ മാനസിക രോഗങ്ങളെ തുടച്ചുനീക്കാനുള്ള സംവിധാനങ്ങള്‍ പോയിട്ട് അത്തരത്തിലുള്ള ചര്‍ച്ചകള്‍ പോലും എവിടെയും കേള്‍ക്കുന്നില്ല. മനസ് രോഗഗ്രസ്ഥമായി കിടക്കെ ശരീരത്തിന് ആയുരാരോഗ്യമുണ്ടായിട്ടെന്തു ഫലം.?
ശാരീരികരോഗം ബാധിച്ചവര്‍ ലോകത്തിനു നഷ്ടമായിരിക്കാം, ഭീഷണിയല്ല. എന്നാല്‍ മാനസിക രോഗികള്‍ ഈ പ്രപഞ്ചത്തിനു നഷ്ടമാണെന്നപോലെ ഭീഷണിയുമാണ്. അവരുള്ളതുകൊണ്ടാണ് ലോകത്തിനു സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കലഹങ്ങളും കലാപങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. പ്രകൃതിക്കുമേല്‍ ചൂഷണങ്ങള്‍ നടക്കുന്നത്. ഐക്യങ്ങള്‍ അനൈക്യങ്ങളായി മാറുന്നത്. കുടുംബങ്ങള്‍ ശിഥിലപ്പെട്ടു പോകുന്നത്. നന്മകള്‍ക്ക് നിലനില്‍പ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."