HOME
DETAILS

ഉന്മാദത്തിന്റെ കൈപ്പിഴകള്‍

  
backup
March 05 2017 | 00:03 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b4-2

തലേന്നത്തെ കുടിയുടെ ഹാങ് ഓവര്‍ മാറ്റാനാണ് അയാള്‍ ഭാര്യയോട് നൂറു രൂപയ്ക്ക് കെഞ്ചിയത്. 

'ഇങ്ങള് കുട്ടീന്റെ തലയില്‍തൊട്ട് സത്യം ചെയ്തില്ലേ മനുഷ്യാ, ഇഞ്ഞ് കുടിക്കൂലാന്ന്... ഇഞ്ഞും കുടിച്ചാല്‍ തിരിച്ചുവരുമ്പോ ഇന്റെ ശവമേ കാണാമ്പറ്റൂ'
ഹൃദയം പൊട്ടിയ ആ വാക്കുകളിലെ അമര്‍ഷവും സങ്കടവും അയാള്‍ക്കു തിരിച്ചറിയാനായില്ല. കാലൊന്നു നിലത്തുറക്കാനും കൈവിറയല്‍ മാറ്റാനും രണ്ടു പെഗ്ഗ് അകത്തുചെല്ലണം. അതിന് എത്രയും പെട്ടെന്ന് ബ്രാണ്ടി ഷാപ്പിലെത്തണം. മദ്യം കിട്ടാത്തതുകൊണ്ടുള്ള വിത്ത്‌ഡ്രോവല്‍ സിപ്റ്റമായിരുന്നു അയാള്‍ക്ക്. ഭാര്യയുടെ മുഖത്തു പോലും നോക്കാതെ രൂപ തട്ടിപ്പറിച്ച് അയാള്‍ ഓടി. വീടിന്റെ മുറ്റം കടന്നില്ല. ഒരു പൊട്ടിത്തെറി. പിന്നെ പച്ചമാംസത്തില്‍ മണ്ണെണ്ണയും തീയും ആര്‍ത്തിമൂത്ത് കെട്ടിപ്പുണര്‍ന്നപ്പോള്‍ ഒരു തീഗോളം ആര്‍ത്തനാദവുമായി വീട്ടുമുറ്റത്തേക്ക് അലച്ചുവന്നു. പിന്നെ നിലത്ത് അലറിവിളിച്ചു കൈകാലിട്ടടിച്ചു.

 

 

ഇതൊരു സിനിമാക്കഥയല്ല. നോവലിന്റെ ക്ലൈമാക്‌സല്ല. ലഹരിയുടെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടവരിലേക്കു സ്വന്തം ജീവിതം കൊണ്ടണ്ട് പ്രതീക്ഷയുടെ ചൂണ്ടണ്ടുപലക തീര്‍ക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്നും വലിച്ചുചീന്തിയ ഒരേടാണ്. ഗൂഡല്ലൂര്‍ സ്വദേശിയാണ് മുകുന്ദന്‍. എട്ടു വര്‍ഷങ്ങള്‍ മുന്‍പുവരെ മദ്യത്തിന്റെ മണമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയാതിരുന്നയാള്‍. ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുരന്തങ്ങളാണ് മദ്യം അയാള്‍ക്ക് സമ്മാനിച്ചത്. ഒടുവില്‍ ഭാര്യയുടെ ജീവന്‍പോലും...
നീലഗിരിയില്‍ ഒരു തേയിലത്തോട്ടത്തില്‍ ലഭിച്ച ജോലി സ്വീകരിക്കാന്‍ തയാറാവാതെ ഇത്തിരി ചട്ടമ്പിത്തരവുമായി കറങ്ങാനായിരുന്നു അവനിഷ്ടം. അങ്ങാടിക്കൂട്ടങ്ങളില്‍പ്പെട്ട് ഒരു രസത്തിനുവേണ്ടണ്ടി ആരംഭിച്ച കുടി വിഴുങ്ങാന്‍ താമസമുണ്ടായില്ല. ജീവിതത്തിന്റെ അര്‍ഥവും പ്രതീക്ഷയും വറ്റി. അടുക്കള ഭരണികളില്‍ ദാരിദ്ര്യം നിറഞ്ഞു. കുടുംബകലഹങ്ങള്‍ പതിവായി. കണ്ണീരും പ്രാര്‍ഥനയുമായി ഭാര്യയും പറക്കമുറ്റാത്ത മകനും. ഇനിയൊരിക്കലും കുടിക്കില്ലെന്ന ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള സത്യം ചെയ്യലുകള്‍ കാറ്റില്‍ പറന്നു. ഒടുവില്‍...

 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ 20-ാം നമ്പര്‍ സ്ത്രീകളുടെ വാര്‍ഡില്‍ കത്തിക്കരിഞ്ഞ ഭാര്യയുടെ ദീനരോദനം ശ്രദ്ധിക്കാന്‍ പോലും മുകുന്ദനു സമയമുണ്ടായിരുന്നില്ല. ഇരന്നും കാലു പിടിച്ചും ബോധം മറയുവോളം കുടിച്ചു. പിറ്റേന്നു രാവിലെ ഷാപ്പിന് പരിസരത്തുനിന്നു ഓര്‍മയുണര്‍ന്ന് വാര്‍ഡിലേക്ക് ഓടിച്ചെന്നു. അപ്പോള്‍ മറ്റു രോഗികളും കൂടെയുള്ളവരും തുറിച്ചുനോക്കി.
ഭാര്യയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടുത്തലിന്റെയും വേദന മുകുന്ദന്‍ ഏറെ കുടിച്ചുവറ്റിച്ചു. കത്തിത്തീരുന്ന ചിതയ്ക്കരികില്‍നിന്നും ഇനി കുടിക്കില്ലെന്ന് അയാള്‍ പ്രതിജ്ഞയെടുത്തു. പക്ഷെ എന്നിട്ടും ഓര്‍മകള്‍ക്കു തീപിടിക്കുമ്പോള്‍ വീണ്ടും ബ്രാണ്ടിഷാപ്പിലേക്കിറങ്ങി.

 

ഒടുക്കത്തെ കുടിമൂലം ഭാര്യയുടെ ശരീരം കത്തിത്തീര്‍ന്നത് മുകുന്ദന്റെ കണ്‍മുന്‍പിലായിരുന്നു. പക്ഷെ, ഇന്നു മുകുന്ദന്‍ കുടിക്കാറില്ല. അനേകം മദ്യാസക്ത രോഗികള്‍ക്ക് അഭയമായ ആല്‍ക്കഹോളിക്‌സ് അനോനിമസ് എന്ന കൂട്ടായ്മയില്‍ എത്തിപ്പെട്ടു. മദ്യമില്ലാത്ത എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. മാതാവില്ലാത്ത മകന് നല്ലൊരു അച്ഛനാവാനും നല്ല സുഹൃത്താവാനും നല്ലൊരു മനുഷ്യനാവാനും ആ കൂട്ടായ്മ അയാളെ പ്രാപ്തനാക്കി

 

ഇന്നു മുകുന്ദന്‍ കുടിക്കാറില്ല. അനേകം മദ്യാസക്ത രോഗികള്‍ക്ക് അഭയമായ ആല്‍ക്കഹോളിക്‌സ് അനോനിമസ് എന്ന കൂട്ടായ്മയില്‍ അയാള്‍ എത്തിപ്പെട്ടു. മദ്യമില്ലാത്ത എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഗൂഡല്ലൂര്‍ ടൗണില്‍ വസ്ത്ര ടൈലേഴ്‌സ് എന്ന സ്ഥാപനം നടത്തി സ്വന്തം കാലില്‍ നില്‍ക്കുന്നു. മാതാവില്ലാത്ത മകന് നല്ലൊരു പിതാവാകാനും നല്ല സുഹൃത്താവാനും നല്ലൊരു മനുഷ്യനാവാനും ആ കൂട്ടായ്മ അയാളെ പ്രാപ്തനാക്കി. രക്തബന്ധത്തേക്കാള്‍ പവിത്രമാണ് നന്മനിറഞ്ഞ സ്‌നേഹബന്ധങ്ങള്‍ എന്നു ബോധ്യപ്പെടുത്തിയ ഒട്ടേറെ സുഹൃത്തുക്കളെയും അതിലൂടെ ലഭിച്ചു.

 


പറയാനുണ്ടണ്ട് ഏറെ കഥകള്‍

മദ്യാസക്തിയുടെ ദുരന്തം ഒരു മുകുന്ദനില്‍ ഒടുങ്ങുന്നില്ല. അവര്‍ കാണിച്ച പരാക്രമണങ്ങള്‍ പുറത്തുപറയാന്‍ കൊള്ളില്ല. അവര്‍ കുടിച്ചുവറ്റിച്ച മദ്യക്കടലിന്റെ ആഴമളക്കാന്‍ സാധിക്കില്ല. അതിനായി ഒഴുക്കിക്കളഞ്ഞ പണത്തിന്റെ കണക്കെടുക്കുന്നതും പ്രയാസം. അവര്‍ കഷ്ടത്തിലാക്കിയ കുടുംബങ്ങളനുഭവിച്ച ദുരന്തങ്ങള്‍ വര്‍ണിക്കുക ദുഷ്‌ക്കരം. അതുമൂലം ജീവിതത്തില്‍ നിന്നേ ഒളിച്ചോടിയ ഹതഭാഗ്യരും ആയിരങ്ങള്‍. 

മദ്യത്തിന്റേത് അദൃശ്യമായ മാരകശക്തിയാണെന്നും അതുകൊണ്ട് നിന്നെ ഞാന്‍ പിശാചേ എന്നു വിളിക്കട്ടെ എന്നും ചോദിച്ചത് ഷേക്‌സ്പിയറാണ്. വിലകൊടുത്തു വാങ്ങുന്ന ഭ്രാന്താണു മദ്യപാനമെന്ന് സെനക്കും മുന്നറിയിപ്പു തന്നു. വിശുദ്ധ ഖുര്‍ആന്‍ അതൊരുപാടിടങ്ങളില്‍ ഊന്നിപ്പറയുന്നുണ്ട്.
മദ്യപിക്കാനായി എല്ലാം വിറ്റുതുലച്ച മലപ്പുറത്തെ അക്ബറിനു വില്‍ക്കാനുണ്ടായിരുന്നത് ഒടുവില്‍ സ്വന്തം വൃക്കയായിരുന്നു. അതും വില്‍ക്കാന്‍ അയാള്‍ തയാറായി. പലരെയും സമീപിച്ചു. പലരോടും വിലപേശി. കൂടുതല്‍ തുക നല്‍കാമെന്നറിയിച്ചവരെ കാണാന്‍ ഹോസ്പിറ്റലിലേക്കു കയറിച്ചെന്നു. പണം പറഞ്ഞുറപ്പിച്ചു. പക്ഷെ, ഡോക്ടര്‍മാരുടെ പരിശോധനയിലാണ് വൃക്ക മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ കഴിയാത്തത്രയും തകര്‍ന്നിരിക്കുന്നുവെന്നു മനസിലായത്. ഇന്നിയാള്‍ ലഹരിയുടെ ദുര്‍നടപ്പില്‍ നിന്നു സുബോധത്തിന്റെ നേര്‍വഴിയിലൂടെ നടക്കുന്നു. മലപ്പുറത്തെ പേരുകേട്ട വ്യവസായിയായിരിക്കുന്നു.

 

കുടിയന്മാരുടെ കുമ്പസാരങ്ങള്‍

28 വര്‍ഷമായി ലഹരിപ്പുഴയില്‍ നീന്തിത്തുടിച്ച കോഴിക്കോട്ടുകാരന്‍ രവി. ചാരായ ഷാപ്പ് നടത്തിപ്പുകാരനായതിനാല്‍ 18 വര്‍ഷം വാങ്ങിക്കുടിക്കാതെ മദ്യം മുക്കിക്കുടിച്ച ഭാസ്‌കരന്‍. നാടകക്കാരനായി 19 വര്‍ഷം മദ്യത്തോടൊപ്പം നീന്തിയ മധു മാസ്റ്റര്‍, മാധവന്‍, അഷ്‌റഫ്, ഉണ്ണികൃഷ്ണന്‍ പേരുകള്‍ പതിനായിരക്കണക്കിനുണ്ട്. ഇവരെക്കുറിച്ച് കുടുംബങ്ങള്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്നില്ല. 

 

എന്നാല്‍ ഇവരാരും ഇന്നു മദ്യപിക്കുന്നില്ല. ഇവരുടെ ജീവിതം തകര്‍ത്തത് മദ്യമായിരുന്നു. അതിനു വളമിട്ടത് മദ്യമാണ്. അവരോടൊപ്പം തകര്‍ന്നത് അവരുടെ കുടുംബം കൂടിയായിരുന്നു. അടുത്ത തലമുറയിലേക്കുകൂടി അതു പടര്‍ത്തിയപ്പോഴാണ് പലരും പിന്തിരിഞ്ഞത്. അത്ര എളുപ്പമായിരുന്നില്ല പിന്‍വാങ്ങല്‍. പക്ഷെ, ഒന്ന് മനസു വച്ചപ്പോള്‍ അവര്‍ക്കും അതു സാധ്യമായി.


മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് മലയാളികള്‍ക്കിപ്പോഴും ഇല്ലെന്നതാണ് സത്യം. കുടിക്കുന്നവര്‍ക്കുമില്ല. അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാരകമാണ്. എ.എ മെമ്പറായ ഒരധ്യാപകന്‍ പറയുന്നു. ഒരാള്‍ക്കു പനി വന്നാല്‍ പരിചരിക്കാന്‍ ആളുണ്ട്. എന്നാല്‍ അതിനേക്കാള്‍ കാഠിന്യമുള്ള മദ്യാസക്തനെ പരിചരിക്കാനോ മനസിലാക്കാനോ ആരും തയാറാകുന്നില്ല.


കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിച്ചശേഷം ശിക്ഷയില്‍ ഇളവു ലഭിച്ച തടവുപുള്ളികളുടെ എണ്ണം 25 ആണ്. ഇവരില്‍ 23 പേരും നാടിനെ ഞെട്ടിച്ച ഹീനകൃത്യം ചെയ്തത് മദ്യലഹരിയിലായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴു തടവുകാര്‍ ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ട്. സൗമ്യാ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയാണ് അതിലൊരാള്‍. ആമയൂര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി റെജിയാണ് മറ്റൊരാള്‍. ഭാര്യയെയും നാലു കുഞ്ഞുങ്ങളെയും അയാള്‍ അരിഞ്ഞു വീഴ്ത്തിയത് മദ്യലഹരിയിലായിരുന്നു. കല്‍പ്പറ്റയില്‍ അനിതാ വധക്കേസിലെ പ്രതികളായ നാസറും ഗഫൂറും മകളുടെ ക്ലാസില്‍ പഠിക്കുന്ന കൊച്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ മലപ്പുറത്തെ അബ്ദുന്നാസറും അവരിലെ ചിലര്‍ മാത്രമാണ്.
മദ്യപാനിക്ക് വിലക്കുകളെ ലംഘിക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നു. ചിലര്‍ക്ക് കൃത്രിമമായ ധൈര്യം കൈവരുന്നു. അസാധ്യമായതു ചെയ്യാനും അരുതാത്തതു കാണിക്കാനും ആവേശം കൂടുന്നു. കൂടുതല്‍ മദ്യം അകത്തുചെല്ലുമ്പോള്‍ വിവേചനബുദ്ധി കൈമോശം വരുന്നു. തിരിച്ചറിവ് നഷ്ടമായവര്‍ക്ക് കുറ്റബോധമുണ്ടാകില്ലല്ലോ. ഇത്തരം അനുകൂല ഘടകങ്ങളിലാണ് ഇവരെല്ലാം ഈ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. ഡല്‍ഹിയിലെ പെണ്‍കുട്ടി മുതല്‍ ഷൊര്‍ണൂരിലെ സൗമ്യവരെ പീഡനത്തിനിരയായത് മദ്യലഹരിയിലായവരാലാണല്ലോ. നാടിനെ നടുക്കിയ കുറ്റകൃത്യങ്ങളിലെ പ്രതികളെല്ലാം ആ വഴിയിലേക്കു നടന്നത് ലഹരിയുടെ ഉന്മാദത്തിലായിരുന്നു എന്നതിന് എത്രവേണമെങ്കിലുമുണ്ട് തെളിവുകള്‍.

 

മദ്യാസക്തി ഒരു മനോരോഗം

മാനസികവും ശാരീരികവുമായി ഒരാള്‍ക്ക് മദ്യത്തോട് ആശ്രയത്വവും വിധേയത്വവും വരികയും കുടി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അയാള്‍ മദ്യാസക്ത രോഗിയാണ്. 1956ല്‍ ലോകാരോഗ്യ സംഘടന മദ്യാസക്തിയെ ഒരു രോഗമായി പ്രഖ്യാപിച്ചു. ആ വര്‍ഷത്തില്‍ തന്നെ ഐക്യരാഷ്ട്ര സംഘടന ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിച്ചു. 1957ല്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷനും ഇതു സ്ഥിരീകരിച്ചു. മദ്യാസക്തരുടെ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനും ഈ തിരിച്ചറിവ് കൊണ്ട് സാധിച്ചു. സാധാരണ ഒരു രോഗിയോട് ബന്ധുക്കള്‍ കാണിക്കുന്ന സ്‌നേഹത്തോടുകൂടിയ പരിചരണം ഇവര്‍ക്കും നല്‍കിയാല്‍ മദ്യാസക്തരും ഈ ദുശ്ശീലം ഉപേക്ഷിക്കുന്നതിനു വലിയ പങ്കുവഹിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടതാണ്.

 


ലഹരിയില്‍ നീന്തുന്ന കൗമാരം

കോഴിക്കോട്ടെ ഇംഹാന്‍സ് രണ്ടായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേ കുട്ടികളിലെ മദ്യപാനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. 18 ശതമാനം ആണ്‍കുട്ടികളും മദ്യപിച്ചുവെന്നു വ്യക്തമാക്കി. പെണ്‍കുട്ടികള്‍ ഒരു ശതമാനവും. എല്ലാ ജില്ലകളില്‍ നിന്നുള്ള കുട്ടികളും സര്‍വേയില്‍ പങ്കെടുത്തിരുന്നു. ആരാണ് ആദ്യം മദ്യം പരിചയപ്പെടുത്തിയതെന്ന ചോദ്യത്തിനു 86 ശതമാനം കുട്ടികളും പറഞ്ഞത് സുഹൃത്തുക്കളുടെ പേരാണ്. അഞ്ചു ശതമാനം പേര്‍ക്ക് പിതാവായിരുന്നു വഴികാട്ടി. ബാക്കിയുള്ളവര്‍ക്ക് ബന്ധുക്കളും. പിതാവും അപ്പൂപ്പനുമൊക്കെ തന്നെയാണ് ആദ്യ ഗുരുക്കന്മാര്‍. 

 

കുട്ടിക്കാലത്തു മദ്യപാനം തുടങ്ങിയാല്‍ നിര്‍ത്താന്‍ ഏറെ പ്രയാസമാണ്. സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ സ്വാധീനിക്കുമെങ്കിലും പലപ്പോഴും വീട്ടില്‍നിന്നു തന്നെയാണ് കുടിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കിട്ടുന്നത്. ലഹരിക്കടിമപ്പെടുമ്പോള്‍ ക്രമേണ വിഷാദരോഗം, ഉത്സാഹക്കുറവ് എന്നിവയെല്ലാം ഉണ്ടാകുന്നു. ജാഗ്രതകൊണ്ടണ്ടു മാത്രമേ ഈ വിഷയത്തിനു പരിഹാരം കാണാന്‍ കഴിയൂ.
മദ്യം ഓര്‍മ, ഉറക്കം, ചലനം എന്നിവയുടെ താളം തെറ്റിക്കുന്നതിനാല്‍ സ്ഥിരമായി മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സ്വന്തം വാഹനത്തിന്റെ മാത്രമല്ല, മറ്റു വാഹനങ്ങളുടെയും വേഗത അളക്കാന്‍ സാധിക്കില്ല.

(പറഞ്ഞ സംഭവങ്ങള്‍ യാഥാര്‍ഥ്യമാണെങ്കിലും
പരാമര്‍ശിക്കപ്പെട്ടത് യഥാര്‍ഥ പേരുകളല്ല)

 

 

 നിങ്ങള്‍ക്കും ആഗ്രഹമില്ലേ  ഒരു മദ്യാസക്തനെ രക്ഷപ്പെടുത്താന്‍

 

മദ്യമുക്തിയിലൂടെ സുബോധാവസ്ഥ നേടാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന ആളുകളുടെ ലോകവ്യാപകമായ കൂട്ടായ്മയാണ് ആല്‍ക്കഹോളിക്‌സ് അനോനിമസ് അഥവാ എ.എ. സ്വയം മദ്യപിക്കാതിരിക്കുകയും അതിനു സഹായം തേടുന്നവരെ സഹായിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം. ലോകമൊട്ടാകെ 170ലധികം രാജ്യങ്ങളിലായി 114000ലധികം ഗ്രൂപ്പുകളും ഇരുപത്തഞ്ച് ലക്ഷത്തിലധികം ആളുകളുമുള്ളതായി കണക്കാക്കുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലും എ.എ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട. അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പങ്കുവച്ച് 12 പടികളിലൂടെയുള്ള ഒരു ജീവിതരീതി മദ്യാസക്തര്‍ക്ക് ഈ കൂട്ടായ്മ വാഗ്ദാനം ചെയ്യുന്നു. ഇന്നൊരു ദിവസം കുടിക്കില്ല എന്ന പ്രതിജ്ഞ പുതുക്കി എത്ര കാലത്തേക്കു വേണമെങ്കിലും കുടി മാറ്റിവയ്ക്കാന്‍ എ.എ അംഗങ്ങള്‍ക്ക് കഴിയും.


മദ്യാസക്തിയുടെ ദുരിതക്കയത്തില്‍ നിന്നു കരകയറാന്‍ കഴിയാതെ വിഷമിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് പരിചയമുണ്ടേണ്ടാ. എങ്കില്‍ ഈ നമ്പറുകളും വിലാസവും ഉപകരിക്കും.

9846679800, 9656413614, 8289962003.
വിലാസം: എ.എ സെന്‍ട്രല്‍ സര്‍വിസ്
ഓഫിസ്, കേരള. ഹെല്‍പ് ലൈന്‍: 9349510022, 9349610022.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago