എം.ടിയുടെ നീലപ്പെന്‍സില്‍
എം.ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പത്രാധിപരായിരുന്ന കാലത്തു ഞാന്‍ എം.ടി ഇരിക്കുന്ന ഓഫിസിലേക്കു പോയിട്ടില്ല. ഒരുപക്ഷെ, എന്റെ തലമുറയില്‍ കോഴിക്കോട്ടുകാരനായിട്ടും അങ്ങോട്ടു പോകാത്ത ഒരാള്‍ ഞാനായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കുറേ കഥകള്‍ വന്നിട്ടുണ്ട്. കെ.വി രാമകൃഷ്ണനാണ് എന്റെ കഥ ആദ്യം കൊടുക്കുന്നത്. 'നക്ഷത്രം കൊണ്ട് കൊരുത്ത മാല', പിന്നീട് എം.ടിയും ശത്രുഘ്‌നനുമുള്ളപ്പോള്‍ 'സ്‌നേഹത്തിന്റെ താക്കോല്‍' എന്ന എനിക്ക് പ്രിയപ്പെട്ട കഥ.
എങ്കിലും എം.ടിയെന്ന എക്കാലത്തെയും ലിറ്റററി എഡിറ്ററെ ഞാന്‍ സൂക്ഷ്മമായി പിന്തുടര്‍ന്നിട്ടുണ്ട്. പില്‍ക്കാലത്ത് ഒരെഴുത്തുകാരനെന്ന നിലയില്‍ ഞാനേറ്റവും ആഹ്ലാദിച്ച ഒരു സന്ദര്‍ഭം എം.ടി എന്ന വലിയ എഴുത്തുകാരനുമായി ബന്ധപ്പെട്ടതാണ്.
തുഞ്ചന്‍പറമ്പില്‍ എം.ടി സാരഥ്യം ഏറ്റെടുത്ത തുടക്കവര്‍ഷങ്ങളിലൊന്ന്. തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് ഒരു ഓപണ്‍ ഫോറം. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍നിന്നു വന്ന എഴുത്തുകാര്‍ക്ക് എം.ടി ഓരോരുത്തരെയും പരിചയപ്പെടുത്തുന്നു. ഇംഗ്ലിഷില്‍ എന്നെ ചൂണ്ടി എതാണ്ട് ഇങ്ങനെയാണ് എം.ടി പറഞ്ഞത് 'ദെന്‍ മിസ്റ്റര്‍ പി.കെ പാറക്കടവ്, ഹീ ഈസ് റൈറ്റിങ് വെരി ഷോര്‍ട്ട് ഷോര്‍ട്ട്‌സ് ഇന്‍ മലയാളം, എസ്‌പെഷല്‍ പെക്യൂലിയര്‍ ടൈപ്'. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാനുമായി വലിയ അടുപ്പമൊന്നുമില്ലാത്ത, നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ എം.ടി; എന്നെ, എന്റെ എഴുത്തിനെ സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുന്നു.
ഈ നിരീക്ഷണം എല്ലാ ചെറിയ-വലിയ എഴുത്തുകാരെക്കുറിച്ചും എം.ടിക്കുണ്ട്. അതുകൊണ്ടുകൂടി ഈ ലിറ്റററി എഡിറ്റര്‍ക്ക് ഓരോ എഴുത്തുകാരെപ്പറ്റിയും സൂക്ഷ്മമായ വിലയിരുത്തലുണ്ട്. ഒരു പത്രാധിപരെന്ന നിലയില്‍ എം.ടി ചെയ്ത വലിയ കാര്യം തന്റെ രചനകളുമായി ഒരു ബന്ധവും ഇല്ലാത്ത അത്തരം രചനകളെ തകിടം മറിക്കുന്ന ഒരു പറ്റം ധിക്കാരികളായ എഴുത്തുകാരെ കൊണ്ടുവന്നു എന്നതാണ്. ഇതിന് ഒരുപക്ഷെ എം.ടിക്ക് കഴിഞ്ഞത് ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളുമായുള്ള ബന്ധമാണ്. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂടി (ീില വൗിറൃലറ ്യലമൃ െീള ീെഹശൗേറല)നെക്കുറിച്ച് കേരളത്തില്‍ ആദ്യം പറയുന്ന എഴുത്തുകാരന്‍ കൂടിയാണ് എം.ടിയെന്ന് ഓര്‍ക്കുക. അതൊക്കെ കൊണ്ടാകാം തികച്ചും നവീനമായ അഭിരുചികള്‍ ആവശ്യപ്പെടുന്ന സേതുവിന്റെ 'പാണ്ഡവപുരവും' മേതില്‍ രാധാകൃഷ്ണന്റെ 'സൂര്യവംശ'വും അദ്ദേഹം തിരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചത്. സക്കറിയ പറഞ്ഞതു പോലെ എം.ടി തന്റെ പത്രാധിപത്യത്തിലൂടെ ആവിഷ്‌കരിച്ചത് മാറ്റത്തിന്റെയും ആധുനികതയുടെയും ചലനാത്മകതയായിരുന്നു. എം.ടി നടത്തിയ തിരുത്തലുകളെപ്പറ്റി, എഡിറ്റിങ്ങിനെ കുറിച്ച് നമ്മുടെ എഴുത്തുകാര്‍ എഴുതിയിട്ടുണ്ട്. ഇ. ഹരികുമാറിന്റെ കഥയില്‍ 'സമയം ചുമരിന്റെ മൂലയിലുള്ള എട്ടുകാലി പോലെ നിശ്ചലമായിരുന്നു' എന്നെഴുതിയത് 'സമയം ചുമരിന്റെ മൂലയിലുള്ള വേട്ടാളന്‍ കൂടുപോലെ നിശ്ചലമായിരുന്നു'എന്നു മാറ്റിയതിനെപ്പറ്റി ഹരികുമാര്‍ പറഞ്ഞതോര്‍ക്കുന്നു.
പുതിയകാറ്റ് അകത്തേക്കു കടക്കുന്ന തരത്തില്‍ വാതായനങ്ങള്‍ തുറന്നിട്ട പത്രാധിപരാണ് എം.ടി. അന്നാ അഖ്‌ത്തോവയുടെ കവിതകള്‍ നമുക്ക് അത്ര പരിചയമില്ലാത്ത കാലത്ത് ഒരു ലക്കം തന്നെ അന്നാ അഖ്‌ത്തോവയുടെ കവിതയ്ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. രണ്ടു വാചകങ്ങള്‍ കൊണ്ട് എം.ടി അയച്ചുകിട്ടുന്ന ഒരു രചനയെ വിലയിരുത്തും.
വിഷ്ണു നാരായണന്‍ നമ്പൂതിരി ഒരു കവിത അയച്ചപ്പോള്‍ എം.ടി എഴുതി 'ഭൂമിഗീതങ്ങള്‍ കിട്ടി. പുതുമഴ പെയ്‌തൊലിക്കുമ്പോള്‍ ഋതുമതിയാകുന്ന ഭൂമിയെപ്പറ്റി ആദ്യം എഴുതിയത് വിഷ്ണുവാണല്ലോ' ഉടന്‍ പ്രസിദ്ധം ചെയ്യുന്നു.
ഞാന്‍ ആര്‍ത്തിയോടെ വായിച്ച ഒരു പംക്തിയായിരിന്നു എം.ടി എഴുതിയ 'കിളിവാതിലിലൂടെ'. സാഹിത്യവും സംസ്‌കാരവും സമൂഹവുമൊക്കെ കടന്നുവരുന്ന ഒരു എം.ടിയന്‍ രചന. 'കിളിവാതിലി'നപ്പുറമുള്ള ചലനങ്ങള്‍ക്ക് എം.ടി എന്നും കാതോര്‍ത്തിരുന്നു. പുതിയ കാലത്തു നമുക്ക് ലിറ്റററി എഡിറ്റര്‍മാര്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."