കെ.എ.എസ് പരീക്ഷയില്‍ ഇരുപതോളം ചോദ്യങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ഐ.എ.എസ് പരിശീലന അക്കാദമിയുടെ ഗൈഡില്‍ നിന്നും: ഉദ്യോഗസ്ഥര്‍ പി.എസ്.സിയെ അട്ടിമറിക്കുന്നത് ഇങ്ങനെയാണ്
അന്‍സാര്‍ മുഹമ്മദ്
കോഴിക്കോട്: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ആശ്രയ കേന്ദ്രമായ പി.എസ്.സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ മുഖ്യമന്ത്രി നേരിട്ടിടപ്പെടുന്നു. ബിനാമി പേരില്‍ പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ നടത്തിപ്പുകാരെയും, അനധികൃതമായി ക്ലാസ് എടുത്തു എന്ന് വിജിലന്‍സ് കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനു നിര്‍ദേശം നല്‍കി. കൂടാതെ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
സംസ്ഥാനത്തെ എല്ലാ പി.എസ്.സി കോച്ചിങ്ങ് സെന്ററുകളിലും പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍മദശം നല്‍കിയിട്ടുണ്ട്. കൂടാതെ പി.എസ്.സിയുടെ ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്ന പാനലിലുള്ള അധ്യാപകര്‍ക്ക് പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ നടത്തിപ്പുകാരുമായോ മറ്റു ബന്ധമുണ്ടോ എന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി വിജിലന്‍സിന് നിര്‍ദേശം നല്‍കി. ബിനാമി പേരില്‍ പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ നടത്തിപ്പുകാരും കോച്ചിങ്ങ് സെന്ററുകളില്‍ ക്ലാസ് എടുക്കുന്നവരുമായി ചോദ്യം തയ്യാറാക്കുന്ന അധ്യാപക പാനലിലുള്ളവര്‍ക്ക് ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കൂടാതെ പി.എസ്.സി. കോച്ചിങ് സെന്റര്‍ എന്ന പേരില്‍ പരസ്യം ചെയ്ത് പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലിസ് മേധാവിക്കും പിഴ.എസ്.സി കത്തും നല്‍കിയിരുന്നു. മാത്രമല്ല വിവിധ ജില്ലകളില്‍ പി.എസ്.സി. യുടെ പേര് ദുരുപയോഗം ചെയ്തു പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യാന്‍ മേഖലാ,ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനും ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു. കെ.എ.എസ് പരീക്ഷയില്‍ ചോദ്യപേപ്പറില്‍ ഇരുപതോളം ചോദ്യങ്ങള്‍ എങ്ങനെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.എ.എസ് പരിശീലന അക്കാദമിയുടെ ഗൈഡില്‍ നിന്നു കടന്നുകൂടി എന്ന് അന്വേഷിക്കാന്‍ ഇന്റേണല്‍ വിജിലന്‍സിനെ ചുമതലപ്പെടുത്താനും പി.എസ്.സി യോഗം തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബിനാമി പേരില്‍ പി.എസ്. സി കോച്ചിങ്ങ് സെന്ററുകള്‍ നടത്തുകയും ഇവിടെ അധ്യാപകരായി ക്ലാസ് എടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തി ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാരിനു നല്‍കും. അതേ സമയം, അന്വേഷണം ക്രൈംബ്രാഞ്ചിനെ എല്‍പ്പിക്കാനും ആലോചനയുണ്ട്. അടുത്ത ആഴ്ച നിയമസഭ സമ്മേളനം ആരംഭിയ്ക്കുകയാണ്. അതിനു മുമ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം.
പി.എസ്.സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്ററുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാര്‍ഥികളുടെ പരാതി. തലസ്ഥാനത്തെ പ്രമുഖ കോച്ചിങ്‌സെന്ററുകളായ തിരുവനന്തപുരത്തെ കരിയര്‍, ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. കരിയറിന് തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്രങ്ങളുണ്ട്. ഇതിന് പിന്നില്‍ പൊതുഭരണ വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ തുളസിയാണ്. തുളസിയുടെ ഭാര്യ സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിയാണ്. ലക്ഷ്യയ്ക്ക് പിന്നില്‍ സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പില്‍ അസിസ്റ്റന്റായ ഷിബുവും. വീറ്റോയ്ക്ക് പിന്നില്‍ പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രഞ്ജന്‍ രാജും. ഇതില്‍ തുളസി അവധിയിലാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച പ്രാഥമിക വിവരം.
സെക്രട്ടറിയേറ്റിലെ സ്വാധീനമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നതത്രേ. ഇവര്‍കക്് ഭരണകക്ഷി യൂനിയന്റെ പിന്തുണയുമുണ്ട്. പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതി ഗൗരവമായെടുത്ത പി.എസ്.സി സെക്രട്ടറി,പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കുകയാന്നു.
ഇവര്‍ക്ക് പി.എസ്.സിയിലെ പരീക്ഷ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലുള്ളവരും കോച്ചിങ്ങ് സെന്ററുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാധ്യത മുഖ്യമന്ത്രി തേടിയത്. ഇതു സംബന്ധിച്ച് ഇന്നലെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. പി.എസ്.സി സര്‍ക്കാരിനു നല്‍കിയ കത്തും ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് നല്‍കി എന്നാണ് സൂചന.
പി.എസ്.സി കോച്ചിങ് സെന്ററുകള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു വലിയ ബിസിനസ് ലോകം കൂടിയാണ് പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളാണ് പി.എസ്.സിയുടെ 560 ഓളം വ്യത്യസ്ഥമായ പരീക്ഷകള്‍ എഴുതുന്നത്. അതില്‍ അന്‍പതു ശതമാനം ഉദ്യോഗാര്‍ഥികള്‍ എങ്കിലും കോച്ചിങ് സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്നവരാണ്. അപ്പോള്‍ വ്യക്തമാകും കോച്ചിങ് സെന്ററുകള്‍ സര്‍ക്കാര്‍ ഉദ്യോഗമെന്ന സ്വപ്നം വിറ്റു കോടികളുണ്ടാക്കുന്ന ചിത്രം. ഈ ബിസിനസിലൂടെ മാത്രം 1,500 കോടി രൂപയുടെ ഫീസാണ് കേരളത്തില്‍ നിന്ന് മാത്രം പിരിച്ചെടുക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ആണ് മിക്ക സ്ഥാപനങ്ങളുടേയും നടത്തിപ്പുകാര്‍. 6,000 മുതല്‍ 25,000 രൂപവരെയാണ് പല പരീക്ഷകള്‍ക്കും കോച്ചിങ് സെന്ററുകള്‍ ഇടാക്കുന്ന തുക. 8ലക്ഷം കുട്ടികളില്‍ നിന്ന് ശരാശരി 10,000 രൂപ വീതം ഫീസ് ഇനത്തില്‍ പിരിച്ചാല്‍ പോലും 800 കോടി രൂപയുടെ വ്യവസായമാണ് പി.എസ്.സി പരീക്ഷകളുടെ പേരില്‍ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നത്.
റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കുന്നതില്‍ 98 ശതമാനം പേരും ഏതെങ്കിലും കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. ഗൈഡൈങ്കിലും വാങ്ങാത്തയാള്‍ക്കു റാങ്ക് ലിസ്റ്റ് സ്വപ്നം കാണാനാവില്ല. ഗൈഡിനുമുണ്ട് 300 മുതല്‍ 500 രൂപവരെ. ലക്ഷ്യ, വീറ്റോ പോലുളള സ്ഥാപനങ്ങള്‍ ജി.എസ്.ടി പോലും കൊടുക്കത്തക്ക വിധത്തില്‍ വളര്‍ന്ന് പന്തലിച്ച സ്ഥാപനങ്ങളാണ്. ബ്രില്ല്യന്‍സ്, എഡുസോണ്‍, സോഡിയാക്ക്, വീറ്റൊ പോലെയുളള സ്ഥാപനങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ പ്രമുഖ കോച്ചിങ് സ്ഥാപനങ്ങളാണ്. ഔദ്യോഗികവും അനൗദ്യോഗികമായി എത്ര പരീശീലന സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നോ, ഫീസ് ഇനത്തില്‍ വാങ്ങുന്നതില്‍ നിന്ന് എത്ര നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുവെന്നോ ഒരു രൂപരേഖയും സര്‍ക്കാരിന്റെ പക്കലില്ല. മിക്ക സ്ഥാപനങ്ങള്‍ക്കും ഷോപ്പ് ആന്റ് എസ്റ്റാബിഷ്‌മെന്റ് ലൈസെന്‍സ് മാത്രമാണുളളത്. തങ്ങളുടെ ഗൈഡിലെ ചോദ്യങ്ങള്‍ ആണ് പി.എസ്.സി പരീക്ഷക്ക് ചോദിക്കുക എന്ന പൊതുപ്രചരണവും ഇവര്‍ നടത്താറുണ്ട്. ഇത് പലപ്പോഴും പി.എസ്.സിയുടെ വിശ്വാസത്യയെ തകര്‍ക്കുന്നു. ആദ്യമൊക്കെ തിരുവിതാംകൂറില്‍ മാത്രമായിരുന്നു പി.എസ്.സി. പരീക്ഷാ പരിശീലനകേന്ദ്രങ്ങളെങ്കില്‍ ഇപ്പോള്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."