അരൂക്കുറ്റിയിലെ വഞ്ചിവീട് നിര്‍മാണം അവസാനഘട്ടത്തിലേക്ക്
പൂച്ചാക്കല്‍: അരൂക്കുറ്റിയിലെ വഞ്ചിവീട് കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. നിലത്ത് ടൈല്‍ പാകി കൈവരികള്‍ കെട്ടി ടെര്‍മിനലിന് ചുറ്റും ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്.
സര്‍ക്യൂട്ട് ടൂറിസവുമായി ബന്ധപ്പെടുത്തി നിലവിലുള്ള അരൂക്കുറ്റിയിലെ പഴയ ബോട്ട് ജെട്ടിയിലാണ് വഞ്ചിവീട് കേന്ദ്രം വരുന്നത്. 2.68 കോടിരൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 2014 ജൂണിലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്.എന്നാല്‍ രാഷ്ട്രീയ കളികളും ഭരണ സംവിധാന പോരായ്മകളും പലപ്പോഴും ഇതിന്റെ നിര്‍മ്മാണം തടസപ്പെടുത്തി.
നിര്‍മാണം നടക്കുന്ന പകുതിയോളം സ്ഥലം എക്സൈസ് വകുപ്പിന്റെതാണ് .വാഹനങ്ങളുടെ പാര്‍ക്കിങ്, വിശ്രമകേന്ദ്രം, റെസ്റ്റാറന്റ് തുടങ്ങിയവയാണ് എക്സൈസ് വകുപ്പിന്റെ സ്ഥലത്ത് വരുന്നത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എ.എം ആരിഫ് എം.എല്‍.എ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.
പരിസ്ഥിതി സൗഹ്യത ടൂറിസത്തിന് ഏറെ സാധ്യതകള്‍ ഉള്ള പ്രദേശമാണ് അരൂക്കുറ്റി. ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അരൂക്കുറ്റിയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ടെര്‍മിനല്‍ വരുന്നതോടെ ആലപ്പുഴയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി അരൂക്കുറ്റി മാറും.ഇന്ന് റോഡ് മാര്‍ഗ്ഗം എറണാകുളത്ത് എത്താന്‍ തിരക്കുകള്‍ മൂലം മണിക്കൂറുകള്‍ വേണ്ടി വരും.മിതമായ നിരക്കില്‍ കുറഞ്ഞ സമയത്തിനകം എറണാകുളത്ത് എത്താന്‍ അരൂക്കുറ്റിയില്‍ മുമ്പ് ഉണ്ടായിരുന്ന ബോട്ട് സര്‍വീസ് വീണ്ടും ആരംഭിച്ചാല്‍ മതിയാകുമെന്ന കണക്കുകൂട്ടലിലാണ്. ടൂറിസത്തിന്റ ഭാഗമായി അരൂക്കുറ്റിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം ഉറങ്ങുന്ന ചൗക്ക യും ചെറു ദ്വീപുകളും പ്രയോജനപ്പെടുത്താം. വഞ്ചിവീടിന്റെ നിര്‍മ്മാണം നടക്കുമ്പോള്‍ തന്നെ സ്വദേശത്തും വിദേശത്തും നിന്നുമായി നിരവധി ആളുകളാണ് ദിവസേന ഇവിടെ വന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."