കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡ് തകര്‍ച്ച സമ്പൂര്‍ണം
മാവുര്‍: തകര്‍ന്നടിഞ്ഞ കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലില്ലാത്തതിനാല്‍ കഴിഞ്ഞദിവസം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഈ റോഡിന്റെ നവീകരണത്തിന് ഫണ്ട് വകയിരുത്താന്‍ കഴിഞ്ഞില്ല.
ശോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ഭാവിപരിപാടികള്‍ അവിഷ്‌കരിക്കുന്നതിന് ഇന്ന് വൈകിട്ട് നാലിന് കുറ്റിക്കടവില്‍ സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 75കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. നേരത്തെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ചെറൂപ്പ-കുറ്റിക്കടവ്-ചെട്ടിക്കടവ്-പരിയങ്ങാട് റോഡ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ചെറൂപ്പ മുതല്‍ കുറ്റിക്കടവ് വരേയും ചെട്ടിക്കടവ് മുതല്‍ പരിയങ്ങാട് വരേയുമുള്ള ഭാഗമാണ് പി.ഡബ്ല്യൂ.ഡി അംഗീകരിച്ചത്.
കുറ്റിക്കടവ് മുതല്‍ ചെട്ടിക്കടവ് വരേയുള്ള ഭാഗം ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലില്ല. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് രണ്ട് പതിറ്റാണ്ടോളമായി റോഡ് നവീകരണം നടന്നിട്ടില്ല. പള്ളിബസാര്‍, ആലിന്‍ചുവട്, വളയന്നൂര്‍ എന്നിവിടങ്ങളില്‍ തകര്‍ച്ച സമ്പൂര്‍ണമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇവിടങ്ങളില്‍ ഇപ്പോള്‍ റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ അഴുക്കുചാല്‍ ഇല്ലാത്തതും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാത്തതുമാണ് റോഡ് തകര്‍ച്ചക്കു കാരണം. വലിയ കുഴിയില്‍ പെടാതിരിക്കാന്‍ തെറ്റായ വശം ചേര്‍ന്നു വാഹനങ്ങള്‍ ഓടുന്നത് കാരണം ഇതുവഴി നടന്നുപോകുന്ന കുറ്റിക്കടവ് ജി.എല്‍.പി സ്‌കൂള്‍, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലെ കുട്ടികളും ഭീതിയിലാണ്. കുറ്റിക്കടവ്- കോഴിക്കോട്, മാവൂര്‍-കുന്ദമംഗലം റൂട്ടുകളില്‍ നിരവധി ബസുകള്‍ സര്‍വിസ് നടത്തുന്ന റോഡാണിത്.
ഈ റോഡ് പി.ഡബ്യൂ.ഡിയുടെ രേഖയില്‍ വരാനാവശ്യമായ നടപടി സ്വീകരിച്ച് റോഡ് നവീകരണത്തിന് നടപടിവേണമെന്ന് പി.ടി.എ റഹീം എം.എല്‍.എയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് പറഞ്ഞു. അതേസമയം അതിന്റെ നടപടിക്രമങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."