42 ദിവസത്തിനു ശേഷം തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു
ഷില്ലോങ്: മേഘാലയയിലുണ്ടായ ഖനി അപകടത്തില്‍ 42 ദിവസത്തിനു ശേഷം തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. 15 തൊഴിലാളികളാണ് ഈസ്റ്റ് ജെയ്ന്തിയാ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയില്‍ ഡിസംബര്‍ 13ന് കുടുങ്ങിയത്. ഇതില്‍ ഒരാളുടെ അഴുകിയ മൃതദേഹമാണ് 370 അടി താഴ്ചയില്‍നിന്ന് ഇന്ത്യന്‍ നാവിക സേന ഇന്നലെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
ജീര്‍ണിച്ച മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത്. ബുധനാഴ്ച ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞത്. അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളത്തിനടിയിലെ വസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ (ആര്‍.ഒ.വി) ഉപയോഗിച്ച് മറ്റു തൊഴിലാളികളുടെ മൃതദേഹങ്ങളും കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്ന് നാവിക സേന പറഞ്ഞു. ഖനിയില്‍ അസ്ഥിക്കൂടങ്ങള്‍ കൂടി കണ്ടെത്തിയെന്നും എന്നാല്‍ ഇത് തൊഴിലാളികളുടേതാണെന്ന കാര്യം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
നാവിക സേന, ദേശീയ ദുരന്ത നിവരാണ സംഘം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഖനിയിലെ വെള്ളം ഒഴിവാക്കാനായി ശക്തമായ പമ്പ് സെറ്റുകളാണ് ഉപയോഗിക്കുന്നത്. അപകടം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരണമെന്നും അത്ഭുതം സംഭവിച്ചേക്കാമെന്നും സുപ്രിംകോടതി ഈ മാസം ആവശ്യപ്പെട്ടിരുന്നു. ജൂലൈയില്‍ തായ്‌ലന്‍ഡില്‍ ഫുട്‌ബോള്‍ കോച്ചും കുട്ടികളും ഗുഹയില്‍ അകപ്പെട്ടപ്പോഴുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. എന്നാല്‍ മേഘാലയയിലെ ഖനിയപകടത്തിലെ പുരോഗതികള്‍ രാജ്യത്തിനകത്തുപോലും വലിയ പരിഗണനകള്‍ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."